അഞ്ചാം ക്ലാസില്‍ പഠിക്കുപ്പോഴുണ്ടായ ചിത്രകലാ മോഹം മനസ്സില്‍ കുറിച്ച നാട്ടുംപുറത്തുകാരന്‍ പയ്യന് ഇന്ന് ചിത്രകലയില്‍ മായാജാലം രചിക്കുകയാണ് അങ്ങ് ദുബായില്‍. ഷാര്‍ജയിലെ കൊച്ചിന് കലാഭവന്റെ സ്കൂള്‍ ഓഫ് ആര്‍ട്ട്സിലെ ചിത്രകലാ അദ്ധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് ആലപ്പുഴ നൂറനാട് മുതുകാട്ടുകര സോപാനത്തില്‍ ശ്രീകുമാര്‍ എന്ന കാമി ജോ ശ്രീകുമാര്‍. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി കാമി ജോ ശ്രീകുമാറിന്റെ ചിത്രങ്ങള്‍ സ്വന്തമാക്കിയവര്‍ അനേകം. നൂറനാട് സിബിഎംഎച്ച്എസ്എസില്‍ നിന്നും 1986 ല്‍ എസ്എസ്എല്‍സി പാസായ ശേഷം രാജ രവിവര്‍മ്മയുടെ മകന്റെ ശിഷ്യനായിരുന്ന നൂറനാട് പള്ളിക്കല്‍ മേടയില്‍ രാമനുണ്ണിയുടെ ശിഷണത്തില്‍ അവിടെ താമസിച്ച് ഗുരുകുല സമ്പ്രാദായത്തില്‍ ചിത്രകലയില്‍ പ്രാവീണ്യം നേടി.
തുടര്‍ന്ന് അടൂര്‍ പെരിങ്ങനാട് സ്വദേശിയും പഴയകാല ഉദയാ, മെരിലാന്റ് സിനിമാ നിര്‍മ്മാണ കമ്പനിയിലെ സിനിമാ സെറ്റുകള്‍ക്കു വേണ്ടി രംഗപടം ഒരുക്കിയിരുന്ന പ്രശസ്ത ചിത്രകാരന് പെരിങ്ങനാട് വിജയന്റെ ശിഷ്യത്വം സ്വീകരിച്ചു. പിന്‍കാലത്ത് ഇദ്ദേഹം തൂലികാനാമമായി ഉപയോഗിച്ചു വന്ന കാമി ജോ (ചിത്രപ്പണികളോടുകൂടിയ രത്നം) ശിഷ്യനായ ശ്രീകുമാറിനു നല്കി. അങ്ങനെ ശ്രീകുമാര്‍ എന്ന ചിത്രകാരന് കാമിജോ ശ്രീകുമാറായി. തുടര്‍ന്ന് രാജീവ് എന്ന ചിത്രകാരന്റെ കൂടെ നൂറനാട് പാറ ജംഗ്ഷന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഗള്‍ഫിലേക്ക് പോകാന്‍ അവസരമുണ്ടായത്. ഓയില്‍ പെയിന്റിംഗ്, അക്രിലിക്, വാട്ടര്‍കളര്‍ എന്നീ മാധ്യമങ്ങളാണ് ശ്രീകുമാര്‍ ചിത്രരചനയില്‍ സ്വീകരിച്ചട്ടുള്ളത്.
പഴയകാല ഗ്രാമീണ നേര്‍ക്കാഴ്ചകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ വരച്ച അടുക്കളപ്പുറം, നാട്ടു ചന്ത, ചിലമ്പ്, സന്ധ്യാദീപം, കഥകളി മുഖം ,പൊന്‍പുലരി, എന്നി ചിത്രങ്ങള്‍ നാട്ടിലും വിദേശങ്ങളിലും ഇതിനകം ശ്രദ്ധ നേടി. 80-90 കാലഘട്ടത്തില്‍ നമുക്കുണ്ടായിരുന്ന ഗ്രാമീണ സൗന്ദര്യത്തെ വരച്ചുകാട്ടാന്‍ നൊസ്റ്റാള്‍ജീയ എന്ന പെയിന്റിംഗ് എക്സിബിഷനു വേണ്ടിയുള്ള രചനയിലാണിപ്പോള്‍ ഇദ്ദേഹം.
കഴിഞ്ഞ മാസം ദുബായ് ഗല്ഫ് മോഡേണ്‍ സ്കൂളില്‍ നടത്തിയ ചിത്രകലാ എക്്സിബിഷന് സന്ദര്‍ശിച്ചത് നിരവധി പ്രവാസികളാണ്. ഇടവേളകളില്‍ നാട്ടിലെത്തുന്ന ഇദ്ദേഹത്തെത്തേടി സന്ദര്‍ശകരുടെ തിരക്കാണ്. സ്വന്തം ഛായാചിത്രം വരച്ചു കിട്ടുന്നതിനും വീട്ടിലെ മുതിര്‍ന്ന മാതാപിതാക്കളുടെ പഴയകാലച്ചിത്രങ്ങള്‍ ഓയില്‍ പെയിന്റിംഗ് ചെയ്തുകിട്ടുന്നതിനുമായി വരുന്നവര്‍ ഏറെയാണെന്ന് ശ്രീകുമാര്‍ പറയുന്നു. സമയക്കുറവു കാരണം ഇവരില്‍ പലരേയും സ്നേഹത്തോടെ മടക്കി അയയ്ക്കുകയാണ്പതിവ്. സോപാനത്തില്‍ (പുളിമൂട്ടില്‍) പരേതനായ നാരായണപിള്ളയുടെയും ശങ്കരിയമ്മയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ് ശ്രീകുമാര്‍. നരിയാപുരം സ്വദേശിനി ദീപയാണു ഭാര്യ. മക്കള്‍: നാലാം ക്ലാസ്സുകാരന് സാരാംഗിയും എല്കെജിക്കാരന് ദേവനാരായണനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: