പ്രകൃതിയോടും മനുഷ്യരോടുമുള്ള സ്നേഹം വെറും വാക്കുകളില്‍ ഒതുക്കാതെ പ്രാവര്‍ത്തികമാക്കുകയാണ് കവികൂടിയായ ശ്രീമന്‍ നാരായണന്. മഹാത്മാഗാന്ധിയെ വായിച്ച്, കിളികള്‍ക്ക് ജീവജലം നല്കി, പ്ലാസ്റ്റിക് രഹിത നാടിനായി പ്രവര്‍ത്തിച്ച് അദ്ദേഹം മാതൃകയാവുകയാണ്, ഈ എഴുപതാം വയസ്സിലും.
എറണാകുളം ആലുവായ്ക്കടുത്തുള്ള മുപ്പത്തടം ഗ്രാമത്തിലെ ശ്രീമന്‍ നാരായണന്റെ ദ്വാരക ഹോട്ടലില്‍ 25 വര്‍ഷം മുമ്പ് ഒരു വര്‍ത്തമാന പത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാള്‍ വായിച്ചു പത്രം താഴെ വയ്ക്കുന്നതു വരെ മറ്റൊരാള്‍ കാത്തു നില്‍ക്കണം. താല്പര്യമുള്ളവര്ക്കെല്ലാം അക്ഷരങ്ങളുമായി ചങ്ങാത്തം കൂടാം. അതൊരു സംസ്കാരമാണ്. ഇന്ന് പത്രങ്ങളുടെ എണ്ണം കൂടി. മലയാളത്തിലെ എല്ലാ പത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും എല്ലാ ആനുകാലികങ്ങളും മുപ്പത്തടം കവലയിലെ ഹോട്ടല്‍ ദ്വാരകയുടെ മുമ്പിലെ ‘ന്യൂസ് ഡസ്ക്കി’ലുണ്ട്. രാവിലെ കാക്കകള്‍ക്ക് തീറ്റ കൊടുത്ത് ദ്വാരക പ്രവര്‍ത്തനം ആരംഭിക്കുമ്പോഴേക്കും ‘ന്യൂസ് ഡസ്കി’ല്‍ ചൂടുള്ള വാര്‍ത്തകള്‍ നിറയും. അങ്ങനെ ഭക്ഷണത്തോടൊപ്പം അക്ഷരവും വിളമ്പുകയാണ് ഈ അന്നക്ഷേത്രം.
മൂന്നു വര്‍ഷം മുമ്പ്, ജനങ്ങള്‍ക്ക് അറിവ് പകരാനും നന്മ പ്രവര്‍ത്തിച്ചു കാണിക്കാനും തനിക്ക് എന്തു ചെയ്യാനാകുമെന്ന ചിന്തയിലായി ഈ മനുഷ്യ സ്നേഹി. അങ്ങനെ പിറന്ന പുണ്യ സംരംഭമാണ് ‘എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ’ എന്ന ശ്രീമന്‍ നാരായണന്റെ ദൗത്യം. ആദ്യം മഹാത്മാഗാന്ധിയുടെ’എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ആത്മകഥ മുപ്പത്തടത്തിലെ മൂവായിരം വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും സൗജന്യമായി എത്തിച്ചു. എല്ലാവരും ഈ പുസ്തകം ശ്രദ്ധയോടെ വായിക്കണമെന്ന അഭ്യര്‍ത്ഥനയോടെ. 6000 പുസ്തകങ്ങള്‍ ഇങ്ങനെ വിതരണം ചെയ്തു. പ്രതീക്ഷിക്കാത്ത ഫലങ്ങളാണ് അതുകൊണ്ടുണ്ടായതെന്ന് ശ്രീമന്‍ പറയുന്നു.
പ്ലാസ്റ്റിക് കിറ്റ് ഉപേക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി ഗ്രാമത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചി എത്തിക്കുകയാണ് പിന്നീടു ചെയ്തത്. പതിനായിരം സഞ്ചികളോളം വിതരണം ചെയ്തുകഴിഞ്ഞു. ഈ സംരംഭം ജില്ലയിലെ ഒട്ടനവധി സംഘടനകള്‍ക്കും റസിഡന്റ്സ് അസോസിയേഷനുകള്‍ക്കും പ്രചോദനമായി. അന്വേഷിച്ചെത്തിയവര്ക്കെല്ലാം ശ്രീമന്‍ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കി.
മുപ്പത്തടം ഗ്രാമത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന വൃക്ഷങ്ങളുടെ ഇരുപത്തിയഞ്ച് ശതമാനം പോലും ഇന്നില്ല. ഏറ്റവും കുടുതല്‍ മലിനീകരിക്കപ്പെട്ട ജന്മഗ്രാമത്തിലെ മണ്ണും വായുവും വെള്ളവും ശ്രീമന്‍ നാരായണന്റെ ദു:ഖമായി. ഉള്ളു പൊള്ളിക്കുന്ന നാടിന്റെ ദുരവസ്ഥക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. അങ്ങനെയാണ് ഗ്രാമത്തില്‍ 10001 ഫലവൃക്ഷങ്ങള്‍ (ഗാന്ധി മരങ്ങള്‍) നട്ടു പിടിപ്പിക്കുന്ന വൃക്ഷയജ്ഞം ആരംഭിച്ചത്.
ദശകൂപ സമാവാപീ
ദശവാപീ സമോഹ്രദ:
ദശഹ്രദസമ: പുത്രോ
ദശപുത്രോ സമോദ്രുമ:
എന്ന ഋഷി വാക്യത്തിന്റെ പൊരുള്‍ ജനങ്ങളോടു പറഞ്ഞു. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാറാണ് ശ്രീമന്‍ നാരായണന്റെ ‘വൃക്ഷയജ്ഞം’ മുപ്പത്തടം സര്‍ക്കാര്‍ ഹൈസ്കൂളില്‍ മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തത്. തൈകള്‍ വീടുകളില്‍ ചെന്ന് നടുകയാണ് ചെയ്യുന്നത്. 8000 തൈകള്‍ നട്ടു കഴിഞ്ഞു. യജ്ഞം തുടര്‍ന്നു കൊണ്ടിരിക്കുന്നു.
കരുണ കിളികളോടും
കടുത്ത വേനലില്‍ കരിയുന്ന ചൂടില്‍ കുടിനീരിനായി തലങ്ങും വിലങ്ങും പറന്ന് അതു കിട്ടാതെ പിടഞ്ഞു വീണ് മരിക്കുകയാണ് പക്ഷികളും മറ്റും. ഈ ദു:ഖക്കാഴ്ച്ചകളുടെ നേരനുഭവം ശ്രീമന്‍ നാരായണന്റെ കണ്ണു നനയിച്ചു. തന്നാലാവുന്നത് എന്തെങ്കിലും ഇതിനായി ചെയ്തേ തീരൂ എന്ന് പ്രതിജ്ഞയെടുത്തു. എറണാകുളം ജില്ലയില്‍ ഏറ്റവും കുടുതല്‍ കുടിനീര് ക്ഷാമം നേരിടുന്ന മുന്നൂറു കേന്ദ്രങ്ങളില്‍ പക്ഷികള്‍ക്ക് വെള്ളം കരുതി വയ്ക്കാനുള്ള മണ്‍പാത്രങ്ങള്‍ സൗജന്യമായി എത്തിച്ചു കൊടുക്കുന്ന ഒരു പദ്ധതിക്ക് രൂപം നല്കി. ‘ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതി പ്രവര്‍ത്തന സജ്ജമായി. പത്രവാര്‍ത്തകള്‍ നല്കി സന്നദ്ധ സംഘടനകളില്‍ നിന്നും സാംസ്കാരിക കേന്ദ്രങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും റസിഡന്റ്സ് അസോസിയേഷനുകളില്‍ നിന്നും മറ്റു പൊതു ഇടങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിച്ച് അതാതിടങ്ങളില്‍ മണ്‍പാത്രങ്ങള്‍ സൗജന്യമായി എത്തിച്ചു തുടങ്ങി. കുറഞ്ഞത് പതിനായിരം പാത്രങ്ങള്‍ ഇതിനായി വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി ദര്‍ശനങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാനുള്ള ദൗത്യവും ശ്രീമന്‍ നാരായണന് ഏറ്റെടുത്തിട്ടുണ്ട്. എല്ലാ വര്‍ഷവും സംസ്ഥാനാടിസ്ഥാനത്തില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്കി വരുന്നു.
എഴുത്തിലെ ശ്രിമന്‍
രണ്ടു ബിരുദാനന്തരബിരുദങ്ങളുള്ള ശ്രീമന്‍ നാരായണന്റെ തൂലികയില്‍ നിന്നും കഥകളും കവിതകളും നോവലും പിറന്നു വീഴുമ്പോള്‍ അത് ആത്മാവിനെ സ്പര്‍ശിക്കുന്ന അനുപമമായ അനുഭവമായി മാറുകയാണ് അനുവാചകര്‍ക്ക്. ഒമ്പതു പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. ഒരു നോവലും ഒരു കവിതാ സമാഹാരവും പ്രസിദ്ധീകരണത്തിനു സജ്ജമായിക്കഴിഞ്ഞു. എട്ടു പതിപ്പുകള്‍ പുറത്തിറങ്ങിയ ശ്രീമന്‍ നരായണന്റെ ‘എന്റെ പുഴ’ എന്ന നോവലിന് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എന്റെ പുഴയുടെ ഇംഗ്ലീഷ് പതിപ്പ് (മൈ റിവര്‍) വായിച്ച ശേഷം വത്തിക്കാനില്‍ നിന്ന് ജോണ്‍പോള്‍ മാര്‍പ്പാപ്പ ശ്രീമന്‍ നാരായണനെ പ്രശംസിച്ച് സന്ദേശമയച്ചിരുന്നു. പരമ പിതാവിന്റെ പ്രാര്‍ത്ഥനയില്‍ ശ്രീമന്‍ നാരായണനെ ഉള്‍പ്പെടുത്തുമെന്നും അരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും സന്ദേശത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘കുട്ടികളുടെ ഗുരുദേവ’നെന്ന ബാല സാഹിത്യകൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ലഭിച്ചു. ‘മഹാഗുരു’ എന്ന ഖണ്ഡകാവ്യത്തിന് ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ കവിതാ അവാര്‍ഡ് ലഭിച്ചു. കവിതക്കും കഥക്കും നോവലിനുമായി ഇതുവരെ ലോക മലയാളി ഓര്ഗനൈസേഷന്റേതുള്പ്പെടെ പതിമൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു.
അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് ശ്രീമന്‍ നാരായണന്. പെരിയാറിന്റെ ദു:ഖകരമായ അവസ്ഥയും അതിന്റെ തീരവാസികളായ ജനങ്ങള്‍ വ്യവസായ മലിനീകരണത്താല്‍ ബലിയാടുകളാക്കപ്പെട്ട് അനുഭവിക്കേണ്ടി വരുന്ന യാതനകളും ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്ന നോവലാണ് ‘എന്റെ പുഴ’. അദ്ദേഹം ഓര്‍മ്മപ്പെടുത്തുകയാണ് പ്രകൃതിയെ പ്രണയിച്ചുവെന്നാല് പ്രേമപ്രണയിനിയായവള് കൊഞ്ചും സംഹരിക്കാനായ് തുനിഞ്ഞാല്‍ അവള് സംഹാര രുദ്രയായ് മാറും!
സാഹിത്യത്തിലെന്നപോലെ ആ കഴിവ് ശ്രീമന്‍ നാരായണന് ഗാനരചനയിലും തെളിയിച്ചിട്ടുണ്ട്. രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക്(കൂടുതലും ഭക്തിഗാനങ്ങള്‍) അദ്ദേഹം രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ശ്രീമന്‍ നാരായണന് രചിച്ച് വൈക്കം വിജയലക്ഷ്മി ആലപിച്ച ‘ശ്രീ ഗുരുവായൂരപ്പ സുപ്രഭാതം’ എട്ടു ലക്ഷം പേരാണ് യൂട്യൂബിലൂടെ കേട്ടത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവരുടെ യൂട്യൂബിലെ നിരീക്ഷണങ്ങള്‍ മാത്രം മതി ഗാനരചനയിലുള്ള അദ്ദേഹത്തിന്റെ അനന്യസാധാരണമായ കഴിവ് മനസ്സിലാക്കാന്‍.
സാമൂഹ്യ പ്രതിബദ്ധതയോടെ നിരവധി പ്രവര്‍ത്തങ്ങള്‍ ഇദ്ദേഹം നടത്തുന്നുണ്ട്. നെറ്റ് ഫോണ്‍ ഉപയോഗത്തിലെ അപഥസഞ്ചാരം കൊണ്ട് വിദ്യാര്‍ത്ഥി സമൂഹം വഴിതെറ്റി നടന്ന് സ്വധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കുന്ന സമകാല ദുര്യോഗം ചെറുതല്ല. ഈ ദു:ഖസത്യം മനസ്സിലാക്കി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് സംസാരിച്ച് ശ്രീമന്‍ നാരായണന് ഒരു നിവേദനം കൊടുക്കുകയുണ്ടായി. ആവശ്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അറിയിക്കുകയും നിവേദനം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടപടിക്കായി അയക്കുകയും ചെയ്തു.
മൂന്നു പെണ്മക്കളാണ് ശ്രീമന്‍ നാരായണന്. ലീന, ധന്യ, പുണ്യ. മൂന്നുപേരും വിവാഹിതര്‍. 27 വര്‍ഷം മുമ്പ് ഭാര്യ വായുമറ്റത്ത് ഇല്ലത്ത് ലീലാദേവി ശ്രീമന്‍ നാരായണനോട് വിട പറഞ്ഞു.
ഗാന്ധി ദര്‍ശന വഴികളിലൂടെ മാത്രം സഞ്ചരിക്കുകയും ജീവിതം അന്യനന്മക്കുതകിയായിരിക്കണമെന്ന് ചിന്തിക്കുകയും, ലക്ഷ്യവും കര്‍മ്മമാര്‍ഗ്ഗങ്ങളും അതിനനുസരിച്ച് ക്രമപ്പെടുത്തുകയും ചെയ്യുന്ന വേറിട്ടൊരു ജീവിതവും നിയോഗവുമാണ് ഇദ്ദേഹത്തിന്റേത്. ഇതിനെല്ലാമുള്ള പ്രചോദനവും ഊര്‍ജ്ജവും എവിടെ നിന്നു ലഭിക്കുന്നു എന്ന ചോദ്യത്തിന് ശ്രീമന്‍ നാരായണന് നല്കിയ ഉത്തരം ഏറെ ചിന്തിപ്പിക്കുന്നതും വിസ്മയമുളവാക്കുന്നതുമാണ്, ആദരണീയവും അനുകരണീയവുമാണ്.
മഹാത്മാക്കളുടെ ജീവിതം വായിക്കുമ്പോഴും ഋഷിപ്രോക്തങ്ങളായ മഹാവാക്യങ്ങള്‍ വിചാരം ചെയ്യുമ്പോഴും സന്തോഷത്തോടെ ജീവിക്കുവാന്‍ എങ്ങിനെ കഴിയുമെന്ന അവബോധവും മറ്റെങ്ങു നിന്നും നേടാനാകാത്ത ഉള്‍ക്കാഴ്ച്ചയും സുലഭമായി ലഭിക്കുന്നു. മാതാ അമൃതാനന്ദമയി ദേവിയേപ്പോലെയുള്ള മഹാഗുരുക്കന്മാരുടെ അദൃശ്യമായ അനുഗ്രഹം എങ്ങനെയെല്ലാം ജീവിതത്തിന് ഗുണകരമാകും എന്ന് എന്നേപ്പോലെ അറിഞ്ഞിട്ടുള്ളവര്‍ വിരളമായിരിക്കും. അമ്മയോടൊപ്പം ഇരുപത്തി നാലു മണിക്കൂറും കഴിയുന്നതിലല്ല കാര്യം. ആ കാരുണ്യം എട്ടും പത്തും മാസങ്ങള്‍ കൂടി ചെല്ലുമ്പോള്‍ എന്നിലേക്കു പ്രവഹിക്കുന്നതിന്റെ അനുഭൂതിദായകമായ അനുഭവം വാക്കുകളെക്കൊണ്ട് വിവരിക്കാനാകില്ല.
കോടാനികോടി ജനങ്ങള്‍ക്കിടയില്‍ വര്‍ഷത്തിലൊരിക്കലോ മറ്റോ മാത്രം ചെല്ലുന്ന, തീര്‍ത്തും അപ്രസക്തനായ എന്നെ, തിരക്കോടു തിരക്കിനിടക്ക് കാണുമ്പോള്‍ത്തന്നെ ഉള്ളിലൊരു കൊള്ളിയാന്‍ പായുന്ന പോലെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടും ഭയപ്പെടുത്തിക്കൊണ്ടും ‘നാരായണാ മോന് വന്നോ’ എന്ന് അമ്മ ചോദിക്കുന്നതിന്റെ അരുളും പൊരുളുമെന്താണ്? ആത്മീയം ഒരിക്കലും പ്രകടനാത്മകമല്ല ചന്ദനക്കുറിയിലും രുദ്രാക്ഷമാലയിലും കാഷായവസ്ത്രത്തിലും ഒന്നുമല്ല ആത്മീയത. അത് ആത്മാവിലാണ്, ആത്മാവിന്റേതാണ്! സ്വയം പാകപ്പെടലാണത്. താനാരാണെന്നറിയിക്കുന്ന ഏകാന്തതയീലെ, മൗനത്തിന്റെ വാത്മീകത്തിലെ തപസ്സാണത്! എല്ലാ സമസ്യകളുടേയും ഉത്തരം ഉയര്‍ന്നു വരുന്ന, ഉണര്‍ന്നു വരുന്ന, തപസ്സ് എല്ലാ കൂട്ടലും കുറയ്ക്കലും ഹരിക്കലും ഗുണിക്കലും തുളുമ്പിക്കൊണ്ടിരിക്കും, തുള്ളിക്കൊണ്ടിരിക്കും…!
പ്രതികരിക്കാൻ ഇവിടെ എഴുതുക: