ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള എയ്ഡഡ് വിഭാഗത്തിലെ ആയാലും അണ് എയ്ഡഡ് വിഭാഗത്തിലെ സിബിഎസ്ഇ പാഠ്യക്രമം അനുസരിക്കുന്ന ഇന്റര്‍നാഷണല്‍ വിഭാഗത്തിലെ ആയാലും കേരളത്തിലെ പത്തു മുന്‍നിര വിദ്യാലയങ്ങള്‍ ഉറപ്പായും ഉള്‍പ്പെടുന്ന രണ്ടെണ്ണം ഞാന്‍ താമസിക്കുന്ന കുമാരമംഗലം എന്ന സ്ഥലത്തുണ്ട്. മലയാറ്റില്‍ കേശവന് നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളും. രണ്ടും തൊടുപുഴ താലൂക്കിലെ പ്രശസ്തമായ മലയാറ്റില്‍ കുടുംബത്തിന്റെ ആഭിമുഖ്യത്തിലുള്ള മലയാറ്റില്‍ ഫൗണ്ടേഷനാണ് നടത്തുന്നത്.
എകെഎന്എഎച്ച്എസ് സംഘവുമായി ബന്ധപ്പെട്ടവര്‍ക്കൊക്കെ പരിചിതമാണ്. 1998 ലെ ദ്വിതീയ വര്‍ഗ ശിക്ഷണ ശിബിരം നടന്നത് അവിടെ ആയിരുന്നു. തൊടുപുഴയില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയകാലം മുതല്‍ തന്നെ അരനൂറ്റാണ്ടിലേറെക്കാലമായി സ്കൂള്‍ അധികൃതര്‍ ആ സൗമനസ്യം കാട്ടിവരുന്നുണ്ട്. 1998 ല്‍ സര്‍കാര്യവാഹ് ആയിരുന്ന മാ: ഹോ.വേ. ശേഷാദ്രിജി, ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡി, വനവാസി കല്യാണാശ്രമം ദേശീയ സംഘടനാ കാര്യദര്‍ശി ഭാസ്കര്‍റാവു ( ആദ്യപ്രാന്തപ്രചാരക്) അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരിയേട്ടന് തുടങ്ങിയ മുതിര്‍ന്ന സംഘടനാധികാരിമാര് ശിബിരത്തില്‍ താമസിച്ചിരുന്നു. പിന്നീട് സഹസര്‍കാര്യവാഹ് ചുമതല വഹിച്ച കെ. സി. കണ്ണനായിരുന്നു മുഖ്യശിക്ഷക്. പ്രഭാതവ്യായാമത്തിനായി നടക്കുന്നതിനിടയില്‍ മാ: ശേഷാദ്രിജിക്കു കാല്‍വഴുതി ക്ഷതമേറ്റത് ശിബിരത്തിലെ വേദനിക്കുന്ന സ്മരണയായി. സമാപനകാര്യക്രമത്തിന് സംപത ചെയ്തത് തുമ്പിക്കൈ വണ്ണത്തില്‍ മഴ കോരിച്ചൊരിയുന്നതിനിടയിലായിരുന്നു.
ശിബിരം നടക്കുന്ന സമയത്ത് ആ വിദ്യാലയം വന്‍പ്രതിസന്ധിയിലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പഠന നിലവാരം കുറഞ്ഞ വിദ്യാലയങ്ങളില്‍ ഉള്‍പ്പെട്ട് അടച്ചുപൂട്ടലിനെ നേരിട്ട അവസരമായിരുന്നു. സ്കൂള്‍ വിലയ്ക്കു വാങ്ങാന്‍ കഴുകന് കണ്ണുകളുമായി പള്ളിക്കാരും പട്ടക്കാരും വട്ടമിട്ടു പറന്നുനടന്നു. തൊടുപുഴ താലൂക്കിലെ അല്പം ചില ഹൈന്ദവ കേന്ദ്രങ്ങളില്‍ ഒന്നായ കുമാരമംഗലത്തിന് ആ സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയും ഉണ്ടായി. നേരത്തെ തന്നെ ആ വിദ്യാലയത്തെ അപ്രസക്തമാക്കാനായി ഒന്നര കി.മീ.നുള്ളില്‍ സര്‍ക്കാരിന്റെ നിരീക്ഷണ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് രണ്ട് ഹൈസ്കൂളുകള്‍ കത്തോലിക്കാസഭയുടെ വകയായി ആരംഭിച്ചിരുന്നതാണ്. അധ്യാപകരില്‍ പകുതിയും സര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ നയമനുസരിച്ച് ഹൈറേഞ്ചിലെ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
മാനേജുമെന്റും അധ്യാപകരും കണ്ണും മനസ്സും തുറന്ന് ഇറങ്ങിയതിന്റെ ഫലമായി അടുത്തവര്‍ഷം 10-ാം ക്ലാസിലുണ്ടായിരുന്ന 14 കുട്ടികളെയും തീവ്രയത്ന പഠനം നടത്താന്‍ രാപകല്‍ പരിശ്രമിച്ചു മുഴുവന്‍ പേരെയും ജയിപ്പിക്കാന്‍ അവസരമുണ്ടാക്കി. മോശം വിദ്യാര്‍ത്ഥി എന്ന ആശയം തന്നെ തെറ്റാണെന്നവര്‍ തെളിയിച്ചു. പുതിയതായി കുട്ടികളെ പ്രവേശിപ്പിക്കാന്‍ അധ്യാപകര്‍ വീടുതോറും സഞ്ചരിച്ചു. സ്കൂളിന്റെ മുന്‍കാല സ്ഥിതിയെ പരിഗണിച്ച് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത് നൂറുശതമാനം കുട്ടികളും വിജയിച്ച ഫലം വന്നശേഷമായിരുന്നു. മാനേജര്‍ ആര്.കെ.ദാസ് വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫിനെ നേരിട്ട് സമീപിച്ച് നിവേദനം നടത്തിയതിന്റെ ഫലമായി അടച്ചുപൂട്ടല്‍ ഉത്തരവ് പിന്‍വലിക്കപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി കൂടി അവിടെ അനുവദിക്കുകയും ചെയ്തു. അതിനുശേഷം എ.കെ.എന്‍.എം. തിരിഞ്ഞുനോക്കിയിട്ടില്ല.
അതിനിടെ പ്രവാസി മലയാളികള്‍ക്കും പ്രവാസികളാവാന്‍ അഭിലഷിക്കുന്നവര്ക്കുമായി ഒരു അത്യാധുനിക ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങാന്‍ മലയാറ്റില്‍ കുടുംബം മുന്നിട്ടിറങ്ങി. അതിന്റെ ഫലമാണ് ദി വില്ലേജ്. മലയാറ്റില്തറ വീട്ടുവളപ്പില്‍ത്തന്നെ അതിനാവശ്യമായ സ്ഥലം ഫൗണ്ടേഷനിലേക്കു കൈമാറി. അസൂയാവഹമായ വേഗതയില്‍, അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കി, ഏറ്റവും മികച്ച വിദ്യാലയ മാനേജ്മെന്റ് തത്ത്വങ്ങള്‍ ആവിഷ്കരിച്ച് സ്കൂള്‍ ആരംഭിക്കാന്‍ മലയാറ്റില്‍ ആര്. കെ. ദാസ് തുനിഞ്ഞു. അദ്ദേഹവും ധര്‍മ്മപത്നി സുധാദാസും അക്കാര്യത്തില്‍ കൃതഹസ്തത തെളിയിച്ചു. ഇന്ന് നടേ ചൂണ്ടിക്കാട്ടിയതുപോലെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ വില്ലേജ് എണ്ണപ്പെടുന്നു.
സ്കൂളിന്റെ അമരക്കാരനായി, അക്കാദമിക തലത്തിലും അഡ്മിനിസ്ട്രേഷന് രംഗത്തും മികച്ച മാനകം സൃഷ്ടിച്ച ശശികുമാര്‍ തിരുവനന്തപുരം സൈനിക് സ്കൂളില്‍ 28 വര്‍ഷത്തെ സേവനത്തിനുശേഷം പ്രിന്‍സിപ്പലായി വിരമിച്ച ആളാണ്. സൈനികരംഗത്തും സിവില്‍ രംഗത്തും ജേര്‍ണലിസത്തിലും വ്യവസായരംഗത്തുമുള്ള എണ്ണമറ്റ മികച്ച വ്യക്തികളെ ശിഷ്യരായി കിട്ടുക എന്ന ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. ശ്രീകൃഷ്ണനെ ശിഷ്യനായി ലഭിച്ച സാന്ദീപനിയെപ്പോലെയാണ് ശശികുമാര്‍ എന്നുപറയാം. പത്തുവര്‍ഷത്തെ മികച്ച പരിശ്രമത്തിനുശേഷം ഈ അധ്യയന വര്‍ഷത്തില്‍ അദ്ദേഹം വിടപറഞ്ഞു. ഇതിനിടെ ഇവിടത്തെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര പ്രശസ്തിയും നേടിയിട്ടുണ്ട്. ആംഗല സാഹിത്യരംഗത്ത് കേംബ്രിഡ്ജ് സര്‍വകലാശാല കവിതാ പുരസ്കാരം നല്കിയ മിടുക്കി ഇവിടത്തെ വിദ്യാര്‍ത്ഥിനി ആയിരുന്നു. ആ കുട്ടിയുടെ അച്ഛന് കൃഷ്ണമൂര്‍ത്തി തൊടുപുഴയിലെ ആദ്യകാല സ്വയംസേവകനാണ്. കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാമ്പ്യന്‍ എലിസബത്ത് സൂസന് ജോര്‍ജും ഇവിടത്തെ അലുമിനി ആണ്. കണ്ണൂരിലെ സംഘര്‍ഷത്തെക്കുറിച്ച് ഗവേഷണ ഗ്രന്ഥം രചിക്കുന്നതിന് അവിടത്തെ എന്റെ അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ വന്ന പ്രശസ്ത ജേര്‍ണലിസ്റ്റ് ഉല്ലേഖ് സൈനിക് സ്കൂളില്‍ ശശികുമാര്‍ സാര്‍ തന്റെ ഗുരുനാഥനാണെന്ന് പറഞ്ഞു; അദ്ദേഹത്തെ കണ്ട് വണങ്ങാന്‍ പോയിരുന്നു.
ശശികുമാര്‍ ഈ വര്‍ഷത്തോടെ വിരമിച്ചു. നാട്ടില്‍ പോകുന്നതിന് മുന്‍പ് സ്കൂളില്‍ അദ്ദേഹത്തിന്റെ സഹായി ആയിരുന്ന എന്റെ സ്നുഷ പ്രീതാ ലക്ഷ്മിയെ കണ്ട് വിടപറയാനായി വന്നിരുന്നു. അവരിരുവരും ഒരേ ദിവസമായിരുന്നത്രേ സ്കൂളില്‍ ചേര്‍ന്നത്. സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ അവര്‍ക്കിടയില്‍ ദൃഢമായ സാമഞ്ജസ്യം ഉണ്ടായിരുന്നു. വീട്ടില്‍ വന്നു പരിചയം പുതുക്കി വിവരങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം ഇനി ചങ്ങനാശ്ശേരിയില്‍ വിശ്രമജീവിതം നയിക്കാനാണുദ്ദേശമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പത്നി സുധാ ലക്ഷ്മി അവിടെ പെരുന്ന പടിഞ്ഞാറുകാരിയാണ്. ഞാന്‍ ചങ്ങനാശ്ശേരിയില്‍ പ്രചാരകനായിരുന്ന കാലത്തെ പെരുന്ന പരിചയം വച്ച് സംസാരിച്ചത് കൗതുകകരമായി. അവിടത്തെ മിക്ക വീടുകളും എനിക്ക് പരിചിതമായിരുന്നു. തിരുവനന്തപുരത്ത് ഇന്ററിന് പഠിക്കുമ്പോള്‍ താമസിച്ചിരുന്ന അച്ഛന്റെ സഹപാഠി രാഘവന്‍പിള്ള സാറിന്റെ വസതിയിലെ മറ്റൊരു താമസക്കാരി കല്പകക്കുട്ടിയമ്മ സീതാലക്ഷ്മിയുടെ ചിറ്റമ്മയാണെന്ന് വെളിവായി. കല്പക കുട്ടിയമ്മ പെരുന്ന സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയി വിരമിച്ച് വിശ്രമജീവിതത്തിലാണ്. അവരുടെ മകന് (രഘു?) സംഘത്തിന്റെയും ബിജെപിയുടെയും സജീവ പ്രവര്‍ത്തകനാണെന്നും അവര്‍ പറഞ്ഞു.
അവരുടെ അയല്‍ക്കാരനായ രാമചന്ദ്ര രാജും ശരത് ചന്ദ്ര രാജും തിരുവനന്തപുരത്ത് ഞങ്ങളുടെ ശാഖയില്‍ വരാറുണ്ടായിരുന്നു. രാമചന്ദ്രരാജ് 1952 ലെ തൃശ്ശിനാപ്പള്ളി സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുത്ത ആളാണ്. തിരുവനന്തപുരത്ത് പ്രചാരകനായിരുന്ന ദത്താജി ഡിഡോള്‍ക്കറുടെ ഇഷ്ട സ്വയംസേവകനുമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ വീട്ടില്‍ പോയപ്പോള്‍ ആള് രാജസ്ഥാന് സര്‍വകലാശാലയില്‍ സോഷ്യോളജിയില്‍ ഗവേഷണം ചെയ്യുകയാണ്. സംഘത്തെക്കാള്‍ വലുതായതുപോലെയായിരുന്നു ഭാവം. അവരുടെ യൂണിവേഴ്സിറ്റിയില്‍ ഗോള്‍വല്‍ക്കറുടെ ഒരു ലക്ചര്‍ ഉണ്ടായിരുന്നെന്നും, അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും പറഞ്ഞു. അടുത്ത അവസരത്തില്‍ പെരുന്ന കോളേജില്‍ മാ: ഭയ്യാജി ഭാണിയുടെ പരിപാടി അറിയിച്ചെങ്കിലും വന്നില്ല. രാമചന്ദ്ര രാജും ശരത്ചന്ദ്ര രാജും ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ശശികുമാര്‍ സാറും ശ്രീമതിയും ഞങ്ങളെ പെരുന്നയിലേക്ക് ക്ഷണിച്ചിട്ടാണ് യാത്ര പറഞ്ഞത്.
ശശികുമാര്‍ സാര്‍ തിരുവല്ലക്കാരനാണ്. പെരുന്നയും തിരുവല്ലയും ളായിക്കാട് തോടിന്റെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന കരകളാണ്. ളാപ്പാലമാണ് അവയെ യോജിപ്പിക്കുന്നത്. നാടുകടത്തുന്നതിന് ളാപ്പാലം കടത്തുക എന്നായിരുന്നത്രെ പഴയ പ്രയോഗം. തിരുവല്ല ആദ്യം കൊല്ലം ജില്ലയിലും, ഇടക്കാലത്ത് ആലപ്പുഴ ജില്ലയിലും ഇപ്പോള്‍ പത്തനംതിട്ട ജില്ലയിലുമാണ്. അവിടുത്തെ റവന്യൂ രേഖകള്‍ കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കും പിന്നീട് പത്തനംതിട്ടയ്ക്കും സഞ്ചരിച്ച് ഒട്ടേറെ നശിച്ചിരിക്കും.
ഞങ്ങളുടെ വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന രണ്ട് പ്രശസ്ത വിദ്യാലയങ്ങളിലാണ് തുടക്കം. അതിങ്ങനെ തിരിഞ്ഞ് മറിഞ്ഞ് എവിടെയോ എത്തി. സ്കൂളില്‍ ആധുനികരീതിയിലുള്ള നഴ്സറി എന്ന ശിശുവികസന സ്ഥാപനം ആരംഭിച്ചിരിക്കുന്നു. അതും പുതിയ മാതൃക സൃഷ്ടിച്ച് വഴിതെളിക്കുമെന്ന് തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: