ഏറെ നാളായി കൊതിച്ചതാണ് ഗാനഗന്ധര്വന് യേശുദാസിന്റെ കൈകളില്‍ നിന്നും തംബുരു പുരസ്കാരം ഏറ്റുവാങ്ങണമെന്ന്. കൈയെത്തി പിടിക്കണമെന്ന് ആഗ്രഹിച്ച ലക്ഷ്യങ്ങളില്‍ ഒന്ന് നിറവേറിയതിന്റെ ആഹ്ലാദത്തിലാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ആര്യവൃന്ദ വി. നായര്‍. തൃപ്പൂണിത്തുറ പൂര്ണ്ണത്രയീയ സംഗീതസഭ അഖില കേരള അടിസ്ഥാനത്തില്‍ എല്ലാവര്‍ഷവും നടത്തുന്ന അഗസ്റ്റിന് ജോസഫ് സ്മാരക സംഗീത മത്സരത്തിലെ വിജയിയാണ് ആര്യവൃന്ദ. യേശുദാസിന്റെ അച്ഛന്റെ പേരിലുള്ള പുരസ്കാരമാണിത്. യേശുദാസില്‍ നിന്നും തംബുരു ഏറ്റുവാങ്ങുമ്പോള്‍ ആരൃവൃന്ദയുടെ മനസ്സും തന്ത്രികള്‍ മീട്ടി, സന്തോഷം കൊണ്ട്.
ആറാം വയസ്സില്‍ തുടങ്ങിയതാണ് ആരൃവൃന്ദയുടെ സംഗീതയാത്ര. നല്ല താളബോധം ഉണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള കൃഷ്ണകുമാര്‍ മാഷിന്റെ കീഴില്‍ സംഗീതം പിഠിക്കാന്‍ ചേര്‍ത്തു. ഏറെനാള്‍ അവിടെ പഠനം തുടരാന്‍ സാധിച്ചില്ല. പിന്നീട് സ്കൂളില്‍ ചേര്‍ത്തപ്പോള്‍ സംഗീത അധ്യാപിക ആര്‍എല്‍വി സിന്ധു രാധാകൃഷ്ണനാണ് ആര്യവൃന്ദയുടെ സംഗീതാഭിരുചി തിരിച്ചറിയുകയും സംഗീതം പഠിപ്പിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്തത്. തൃപ്പൂണിത്തുറ തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇപ്പോള്‍ സിന്ധു രാധാകൃഷ്ണന്റേയും പെരുമ്പാവൂര്‍ മനു നാരായണന്റേയും കീഴിലാണ് പഠനം. കോട്ടക്കല്‍ മധുവിന്റെ കീഴില്‍ കഥകളി സംഗീതവും അഭ്യസിക്കുന്നുണ്ട്. പാട്ടുമാത്രമല്ല നൃത്തത്തിലും പ്രാവീണ്യമുണ്ട് ഈ പെണ്‍കുട്ടിക്ക്. അഞ്ചാം വയസ്സില്‍ തുടങ്ങിയ നൃത്ത പഠനം ഇപ്പോഴും തുടരുന്നു. സൗമ്യ ബാലഗോപാലാണ് നൃത്തത്തില്‍ ഗുരു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി ഇവ അഭ്യസിക്കുന്നു. നൃത്തവേദികളിലും സാന്നിധ്യമാണ് ആര്യവൃന്ദ.
നൃത്തത്തേക്കാള്‍ ഉപരി സംഗീതത്തോടാണ് ആര്യവൃന്ദയ്ക്ക് താല്പര്യം. ലളിതഗാനവും ശാസ്ത്രീയ സംഗീതവും ഒരുപോലെ വഴങ്ങും. ഭാവിയിലും പാട്ടിന്റെ വഴി തന്നെ തിരഞ്ഞെടുക്കാനാണ് ഇഷ്ടം. പാട്ടുകാരുടെയൊക്കെ ഇഷ്ടമേഖലയായ സിനിമയിലും പാടണമെന്നുണ്ട്. ശാസ്ത്രീയ സംഗീതത്തില്‍ ബോംബെ ജയശ്രീയുടെ ശൈലിയാണ് ഏറെ ആകര്‍ഷിച്ചിരിക്കുന്നത്.
ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രം, എറണാകുളം ചിറ്റൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം തുടങ്ങി പല പ്രസിദ്ധ ക്ഷേത്രങ്ങളിലും സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
2017 ല്‍ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ ഇതിനോടകം നേടിയിട്ടുണ്ട്. തൃപ്പൂണിത്തുറ ചെറുമുട്ടത്ത് വീട്ടില്‍ സി.എന്‍. വിനോദ് കുമാറിന്റേയും ദീപ വിനോദ് കുമാറിന്റേയും ഏക മകളാണ് ആര്യവൃന്ദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: