തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് പഞ്ചക്രോശസ്ഥലങ്ങളില്‍ ഒന്നായ ശ്രീമഹാലിംഗ സ്വാമി ക്ഷേത്രം. ദേവീസന്നിധി ശക്തിപീഠങ്ങളില്‍ ഒന്നത്രെ. ചക്രമഹാമേരു പ്രതിഷ്ഠയുണ്ട് ഇവിടെ.കുംഭകോണം- മയിലാടുതുറൈ റോഡില്‍ കുംഭകോണത്തുനിന്ന് 8 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ക്ഷേത്രം.
ക്ഷേത്രങ്ങളില്‍ സാധാരണ മുഖ്യപ്രതിഷ്ഠയ്ക്ക് അടുത്തായോ മറ്റു പ്രാകാരങ്ങളിലായോ ആണല്ലൊ ഉപദേവതാ പ്രതിഷ്ഠകള്‍ കണ്ടുവരാറുള്ളത്. പരിവാര ദേവതകള്‍ മറ്റു പല ക്ഷേത്രങ്ങളിലായാണ് ഉള്ളത് എന്നത്രെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.
തിരുവലം ചുളിയിലെ വിനായകന്, സ്വാമി മലയിലെ മുരുകന്, ആടുതുറൈയിലെ സൂര്യഭഗവാന്, (ആടുതുറൈയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ), ആലാങ്കുടി ഗുരുക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തി, ചിദംബരത്തെ നടരാജസ്വാമി, ശീര്‍കാഴി ചട്ടൈനാഥ ക്ഷേത്രത്തിലെ ഭൈരവര്‍, തിരുവാടു തുറൈയിലെ നന്ദി, തിരുവാരൂരിലെ സോമസ്കന്ധര്‍, തിരുവൊയ്പാടിയിലെ ചണ്ഡീശ്വരന്‍ എന്നിവരത്രെ ശ്രീ മഹാലിംഗസ്വാമിയുടെ പരിവാരദേവതകള്‍.
ശ്രീശൈലത്തിനും അംബാസമുദ്രത്തിനും ഇടയിലാണ് ഇടൈമരുതൂര്‍. ചമ്പകാരണ്യം, ശക്തിപുരം, മുക്തിപുരം, തപോവനം എന്നും ഈ സ്ഥലം അറിയപ്പെടുന്നു.
ദേവി ബൃഹദ് സുന്ദര ഗുജാംബാള്‍. തമിഴില്‍ പെരുനല മാമുലൈ അമ്മാള്‍ എന്നു പറയും.
തഞ്ചാവൂര്‍ ജില്ലയിലെ ഏറ്റവും വലിയ നന്ദീവിഗ്രഹങ്ങളില്‍ ഒന്നത്രെ ഇവിടുത്തെ നന്ദി, ഒറ്റക്കാലില്‍ തീര്‍ത്തതല്ല എന്നു മാത്രം.
അഴിഞ്ഞു ചിതറിയ മുടിയുമായി കാല്‍മുട്ടുകള്‍ക്ക് മദ്ധ്യേ മുഖം പൂഴ്ത്തിയ നിലയില്‍ തെക്കേ ചുമരില്‍ ബ്രഹ്മഹത്യയെ കാണാം. വരഗുണ പാണ്ഡ്യരാജാവിന്റെ കുതിര ആകസ്മികമായി ഒരു ബ്രാഹ്മണനെ ഞെരിക്കാനിടയായി. ബ്രാഹ്മണന് മരിച്ചതോടെ ബ്രഹ്മഹത്യാപാപം രാജാവിനെ വിടാതെ പിന്തുടര്ന്നു. രാജാവ് ഈ ക്ഷേത്രത്തില്‍ തൊഴാനെത്തി. അകത്തു കടക്കാനാവാത്തതുകൊണ്ട് ബ്രഹ്മഹത്യ പുറത്തു കാത്തുനിന്നു. രാജാവ് മറ്റൊരു കവാടത്തിലൂടെ പുറത്തുകടന്നു. ബ്രഹ്മഹത്യ ഇന്നും ഇവിടെ നില്‍ക്കുകയാണ്. രാജാവ് പാപമോചിതനായി. മാനസികാസ്വാസ്ഥ്യമുള്ളവര്‍ ഇവിടെ പ്രദക്ഷിണം ചെയ്തു രോഗമുക്തി നേടുന്നു. ബ്രഹ്മഹത്യാ ദോഷത്തില്‍നിന്ന് മോചനം നേടാനും ഇവിടെ ദര്‍ശനം നടത്തിയാല്‍ മതി.
ക്ഷേത്രത്തിലെ രഥം അഥവാ തിരുത്തേര്‍ തമിഴ്നാട് ക്ഷേത്രങ്ങളിലെ ഏറ്റവും ഉയരംകൂടിയ തേരുകളില്‍ ഒന്നാണ്. 89 അടി ഉയരമുണ്ട് തേരിന്. അഷ്ടകോണുകളോടുകൂടിയ പീഠവും മുന്‍പിലുള്ള, നിയന്ത്രണാതീത ശക്തി പ്രകടിപ്പിക്കുന്ന മരക്കുതിരകളും എല്ലാം മികവുറ്റതുതന്നെ. മരുതവൃക്ഷച്ചുവട്ടില്‍ ഇരിക്കുന്ന നിലയിലാണ് മഹാലിംഗേശ്വരര്‍. പെണ്‍കുട്ടിയുടെ രൂപത്തിലുള്ള പിച്ചളയില്‍ തീര്‍ത്ത പാവവിളക്കും ഇവിടുത്തെ പ്രത്യേകതകളില്‍ ഒന്നാണ്.
മഹാമേരുവോടുകൂടിയ മൂകാംബികാദേവിക്ക് പ്രത്യേക സന്നിധിയുണ്ട്.
ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന തൈപ്പൂയ ഉത്സവവും (മേയ് മാസത്തില്‍) തമിഴ് മാസമായ വൈകാശിയില്‍ നടക്കുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വസന്തോത്സവം എന്നും അറിയപ്പെടുന്ന തിരുകല്യാണ ഉത്സവവും വളരെ പ്രധാനമാണ്. ധനുമാസത്തിലെ തിരുവാതിരനാളിലെ ആര്‍ദ്ര ദര്‍ശനവും പ്രധാനമത്രെ.
ഇരുപത്തിയേഴ് നക്ഷത്രങ്ങളെ (നാളുകള്‍) പ്രതിനിധാനം ചെയ്യുന്ന 27 ശിവലിംഗങ്ങളാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.
അമ്മണി അമ്മാള്‍ രാജകുമാരിയുടെ വിഗ്രഹമുള്ള സ്ഥലവും ചിത്രപ്രാകാരവും നിറയെ വര്‍ണ്ണചിത്രങ്ങളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
രാവിലെ 5.30 തൊട്ട് ഉച്ചയ്ക്ക് ഒരു മണിവരെയും വൈകിട്ട് 4.30 തൊട്ട് 9.30 വരെയും ദര്‍ശന സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: