സുഡാനി ഫ്രം നൈജീരിയ ലോക നിലവാരമുള്ള ഒരു മലയാള സിനിമയാണ്. ഏത് ഭാഷയിലും എടുക്കാവുന്ന ഒരു കഥ. ജീവസുറ്റത്. മലയാള സിനിമയുടെ മികവിന്റെ ഗ്രാഫ് ഉയര്‍ന്നു നില്‍ക്കുന്നത് അഭിമാനപൂര്‍വ്വം അനുഭവപ്പെടുന്നത്.
നാട്ടിന് പുറത്തിന്റെ തെളിമയാര്‍ന്ന നന്മ സ്ഫടികത്തിളക്കത്തോടെ പ്രേക്ഷകനില്‍ പുളകമുണര്‍ത്തുന്നത്. നാടൊ ഭാഷയോ ഒന്നുമല്ല പരസ്പരം സ്നേഹിക്കാനും പെരുമാറാനും ഉള്ള മീഡിയം എന്ന് പഠിപ്പിച്ചു തരുന്ന സിനിമ. മലപ്പുറം ജില്ലയുടെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയെങ്കിലും നിര്‍മ്മലരായ ഇത്തരം ഗ്രാമീണരെ മറ്റു ജില്ലകളിലും കാണുമായിരിയ്ക്കുമെങ്കിലും ഇതിലെ സൗബിന്റെ ഉമ്മയെയും ,അയല്‍ക്കാരി ബീയുമ്മയെയും ചിലപ്പോള്‍ അത്യപൂര്‍വ്വമേ കണ്ടെന്ന് വരുള്ളൂ .അവരെ യഥാക്രമം അവതരിപ്പിച്ച സാവിത്രീ ശ്രീധരനും ,സരസ്സ ബാലുശ്ശേരിയും അതിശയിപ്പിക്കുന്ന അഭിനയപാടവമാണ് കാഴ്ചവെച്ചിരിയ്ക്കുന്നത്. നാടകങ്ങളില്‍ അഭിനയിച്ച പാരമ്പര്യമാണ് അവര്‍ക്ക് നിസ്സാരമായി ഈ റോളുകള്‍ കൈകാര്യം ചെയ്യാനായത് എന്ന് നമുക്കുറപ്പിയ്ക്കാം .
നഗരങ്ങളില്‍ അയല്പക്ക ബന്ധങ്ങള്‍ മതിലുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുമ്പോള്‍ നാട്ടിന് പുറങ്ങളിലത് വീട്ടിന്നകത്തേക്കെപ്പോഴും ഓടിയെത്തുന്ന സാന്ത്വനവും ,കരുത്തും ,കൈതാങ്ങുമാണന്ന് പല പല സീനുകളിലും കാണിച്ചു തരുന്നുണ്ട് .
സൗബിന്റെ ഫുട്ബോള്‍ ടീമിലേയ്ക്ക് ആഫ്രിക്കയില്‍ നിന്ന് വരുന്ന കുറച്ചു പേരും അതിലെ തന്നെയുള്ള സാമുവല്‍ എന്ന കളിക്കാരനെയും ഫോക്കസ് ചെയ്താണ് സിനിമ നീങ്ങുന്നത് .സാമുവലിനുണ്ടാവുന്ന ഒരപകടവും ,തുടര്‍ന്നുണ്ടാവുന്ന കുറെയേറെ രസകരമായതും, വേദനിപ്പിക്കുന്നതുമായ സംഭവ വികാസങ്ങളും ഒരസാമാന്യ ചലച്ചിത്ര സൃഷ്ടിയ്ക്ക് ജനനം നല്‍കുകയാണ് . സൗ ബിന്‍ ഗംഭീര പ്രകടനം കാഴ്ചവെയ്ക്കുന്നു .സാമുവല്‍ എന്ന സ്വന്തം പേരില്‍ തന്നെ അഭിനയിക്കുന്ന നൈജീരിയക്കാരനും തകര്‍ത്തു . കൂട്ടത്തില്‍ എടുത്തു പറയാവുന്നവര്‍ കൂട്ടത്തില്‍ അഭിനയിച്ചവര്‍ എല്ലാവരും എന്നു പറയേണ്ടി വരും .എന്നാലും സൗബിന്റെ ഉമ്മയുടെ രണ്ടാം ഭര്‍ത്താവായി വന്ന KTC അബ്ദുള്ള നമ്മുടെ കണ്ണ് നനയിപ്പിക്കൂം . പിന്നെ ഉണ്ണി നായരായി അഭിനയിച്ച ഉണ്ണി നായര്‍ നമ്മെ രസിപ്പിക്കുകയും ചെയ്യുന്നു .
ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ വടക്കന്‍ കേരളത്തിന്റെ ഫുട്ബാള്‍ ഭ്രമം പ്രേക്ഷകര്‍ കണ്ട് രസിച്ചതാണ് .ഒന്നുമായില്ല എന്നുള്ള തോന്നല്‍ ഉള്ളിലടക്കി ഫുട്ബോളിനെ നെഞ്ചിലടക്കി സൂക്ഷിക്കുന്ന ,മൈതാനങ്ങളിലെ ആരവങ്ങളില്‍ ജീവിക്കുന്ന മജീതെന്ന ഒരു സാധാരണ മനുഷ്യനെ നമ്മള് ഈ ചിത്രത്തിലും കാണുന്നു …
സക്കറിയ എന്ന സംവിധായകന് മലയാളികളുടെ ഓസ്കാര്‍ അവാര്‍ഡ് നമ്മുടെയൊക്കെ മനസ്സിന്റെ സ്നേഹമായി നല്കുകയെങ്കിലും ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: