ആത്മാന്വേഷണത്തിന്റെ ഭാഗമാണ് ചിത്രന് നമ്പൂതിരിപ്പാടിന് ഹിമാലയ യാത്ര. ജീവിത കാമനകളുടെ ബന്ധന കാണ്ഡം മറികടന്ന് ആത്മനെ തേടുന്ന തീര്‍ത്ഥാടകന്റെ മനസ്സോടെയാണ് അദ്ദേഹം ഓരോ ഹിമാലയ യാത്രയും നടത്തുന്നത്. ഏപ്രില്‍ ഒന്നിന് നേപ്പാള്‍ കാഠ്മണ്ഡു വഴി അടുത്ത ഹിമാലയ യാത്രയ്ക്ക് ഒരുങ്ങുകയാണ് ചിത്രന് നമ്പൂതിരിപ്പാട്. യാത്രയുടെ അകംപൊരുളായി നിറയുന്നതാവട്ടെ ആര്‍ഷഭാരത സംസ്കൃതിയോടുള്ള തീവ്രപ്രണയവും.
തുടര്‍ച്ചയായ 27 യാത്രകള്‍- കാരണം
ചിലര്‍ എല്ലാ ഒന്നാം തീയതിയും ഗുരുവായൂരില്‍ തൊഴാന്‍ പോകും. എല്ലാവര്‍ഷവും ശബരിമലയ്ക്ക് പോകുന്നവരുമുണ്ട്. ഇതിന് ഒരു കാരണം എന്താണെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഒരു മറുപടി പലപ്പോഴും ലഭിക്കില്ല. എനിക്ക് ഹിമാലയം അതുപോലെയാണ്. അതൊരു ഉള്‍വിളിയാണ്. പതിവായി പോകണമെന്ന തോന്നലാണത്. അച്ഛന് ഗുരുവായൂരപ്പ ഭക്തനായിരുന്നു. എല്ലാമാസവും ഗുരുവായൂരില്‍ തൊഴാന്‍ പോകും. അത് ഭക്തി മാത്രമല്ല. മറ്റുചിലതുണ്ട്. ജീവിതത്തിന്റെ ഭാഗമായ ഒരു ചര്യയാണത്.
യാത്രകളോടുള്ള കമ്പം
യാത്രകളോട് കമ്പം ചെറുപ്പത്തിലേയുണ്ട്. അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ വളരെ കൗതുകമുണര്‍ത്തുന്ന അസാധാരണനായ ഒരു വ്യക്തി ഉണ്ടായിരുന്നു.-കാശി നമ്പീശന് എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. ഒരു പൈസ പോലും കയ്യിലില്ലാതെ സ്ഥിരമായി കാശിയിലും മറ്റും പോയി വരുന്നയാളാണ്. ട്രെയിനിലാണ് യാത്ര. ടിക്കറ്റെടുക്കുന്ന പതിവില്ല. ഭക്ഷണം ആരെങ്കിലും കൊടുത്താല്‍ കഴിക്കും. അങ്ങനെ ഒരാള്‍. ഈ മൂപ്പര് യാത്രയില്ലാത്തപ്പോള്‍ ഇല്ലത്താണ് താമസം. ഒരു യാത്രകഴിഞ്ഞാല്‍ കുറച്ചുദിവസം ഇല്ലത്തുണ്ടാവും. കണ്ടതും കേട്ടതുമൊക്കെ പൊടിപ്പും തൊങ്ങലും വച്ച് വിവരിക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് ഇത് കേട്ടിരിക്കാന്‍ വലിയ കൗതുകമാണ്. കാശി നമ്പീശന്റെ ആ കഥകളാണ് യാത്രയോട് ഒരു കമ്പം ഉണ്ടാക്കിയത്.
പിന്നെ വായനാശീലം തുടങ്ങിയപ്പോള്‍ യാത്രാവിവരണങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. തപോവന സ്വാമികളുടെ ഹിമഗിരി വിഹാരം ആണ് ഹിമാലയത്തെ മനസ്സില്‍ പ്രതിഷ്ഠിച്ചത് എന്ന് പറയാം.
ഹിമാലയത്തോടുള്ള താല്പര്യം
വിധിപ്രകാരം വേദവും സംസ്കൃതവും പഠിച്ചിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. സംസ്കൃത പുരാണങ്ങളിലും മറ്റും അവതരിപ്പിച്ചിരിക്കുന്ന ഹിമവാന് എന്നും ഒരത്ഭുതമായി മനസ്സില്‍ ഉണ്ടായിരുന്നു. അത്ഭുതങ്ങളുടെ കലവറയാണ് ഹിമാലയം. ഹിമാലയം നിരവധി മുഖങ്ങളുള്ള ഒരത്ഭുതഭൂമിയാണ്. ചിലപ്പോള്‍ അനുഗ്രഹം ചൊരിഞ്ഞ് നമ്മെ സ്വാഗതം ചെയ്യും. ചിലപ്പോള്‍ ദേഷ്യ ഭാവത്തോടെ പിണങ്ങി നില്ക്കും. ഹിമാലയത്തിലേക്ക് ഒരു തവണ യാത്രചെയ്ത് നോക്കൂ. അതുമതി നിങ്ങളെ ആകര്‍ഷിക്കാന്‍. ഒരിക്കലും മതിവരാത്ത കാഴ്ചകളുടെ അക്ഷയ ഖനിയാണ് ഹിമാലയം. എത്ര അഹങ്കാരമുള്ള മനുഷ്യനും ആ പ്രൗഢ സന്നിധിയില്‍ വിനയാന്വിതനാകും.
യാത്രാസംഘം
ഹിമാലയ യാത്ര സ്ഥിരമാക്കുന്നത് 1992 മുതല്ക്കാണ്. സ്വാമി അംബികാനന്ദയുടെ സംഘത്തോടൊപ്പം. പ്രൊഫസര്‍ ബാലകൃഷ്ണവാര്യരാണ് സ്വാമി അംബികാനന്ദയെക്കുറിച്ച് ആദ്യം പറയുന്നത്. നാഗര്‍കോവിലില്‍ ആണ് സ്വാമിയുടെ ശാരദാശ്രമം. ഒറ്റനോട്ടത്തില്‍ വലിയ ആകര്‍ഷണമൊന്നും തോന്നാത്ത പ്രകൃതി. പക്ഷേ സംസാരിച്ചു തുടങ്ങിയാല്‍ ആരും ആകൃഷ്ടരാവും. പൂര്‍വ്വാശ്രമത്തില്‍ ഗാന്ധിയനായിരുന്നു സ്വാമി. കുമാരദാസ്. വിനോബാ ഭാവെയുടെ കൂടെയും പ്രവര്‍ത്തിച്ചിരുന്നു. ആശ്രമത്തില്‍ നിന്ന് എല്ലാ വര്‍ഷവും ഹിമാലയയാത്ര പതിവുണ്ട്. 92 ലാണ് അംബികാനന്ദസ്വാമിയുടെ യാത്രാസംഘത്തില്‍ ആദ്യമായി പങ്കാളിയായത്. ഞാന്‍, ഭാര്യ, ജ്യേഷ്ഠസഹോദരി.
ഞങ്ങള്‍ മൂന്നുപേര്‍. ചതുര്‍ധാം യാത്രയായിരുന്നു. ദിവസവും രാവിലെ പ്രാര്‍ത്ഥനയും സ്വാമിജിയുടെ പത്തുമിനിട്ട് പ്രഭാഷണത്തോടെയുമാണ് യാത്ര തുടങ്ങുക. യാത്രക്ക് ഇത് ആധ്യാത്മികമായ പരിവേഷം നല്‍കും. മഥുര വരെ ട്രെയിനിലാണ് യാത്ര. മഥുരയിലെ സന്ദര്‍ശനം ആവേശകരമാണ്. കണ്ണന് കളിച്ചു നടന്ന സ്ഥലവും വൃന്ദാവനവും എല്ലാം. വൃന്ദാവനം ഇന്ന് തുളസീവനം മാത്രമാണ്. ശ്രീകൃഷണന്റെ ജന്മസ്ഥലം ഒരു മുറി മാത്രമായി ചുരുങ്ങിയിരിക്കുന്നു. പഴയ കൊട്ടാരമിരുന്ന സ്ഥലം ഔറംഗസേബിന്റെ കാലത്ത് പൊളിച്ച് പള്ളിയാക്കി മാറ്റി. ഇപ്പോള്‍ ജന്മസ്ഥലവും പള്ളിയും ഒരു മതിലുകൊണ്ട് വേര്‍തിരിക്കപ്പെട്ട നിലയിലാണ്.
ഗംഗയും യമുനയും
ഹിമാലയത്തില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് എന്താണെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ മറുപടി ഗംഗ എന്നാണ്. പലപേരുകളിലാണ് ഗംഗ ഒഴുകുന്നത്. അളകനന്ദ, ഭാഗീരഥി, അങ്ങനെ. പ്രയാഗയില്‍ ഗംഗയും യമുനയും ഒന്നാകുന്നു. അന്തര്‍ധാരയായി സരസ്വതിയും എന്നാണ് സങ്കല്‍പ്പം. രാജ്യത്തിന്റെ വലിയൊരു ഭാഗത്തിന് ആവശ്യമായ ജലം നല്‍കുന്നത് ഗംഗയും യമുനയുമാണ്. ഉത്തരഭാരതത്തിന്റെ കൃഷിയും ജീവിതവുമൊക്കെ ഈ നദികളെ ആശ്രയിച്ചാണ്. ഹിമാലയ തീര്‍ത്ഥാടനത്തില്‍ ഉടനീളം ഗംഗ ഒരു സാന്നിദ്ധ്യമാണ്. പലപേരുകളില്‍.
ഹരിദ്വാര്‍ , ഋഷികേശ്,കുരുക്ഷേത്രം.
നൂറ്റാണ്ടുകളായി ഹിമാലയയാത്ര ചെയ്യുന്ന ഭാരതീയര്‍ ഹരിദ്വാറും ഋഷികേശുമാണ് ഹിമാലയത്തിലേക്കുള്ള കവാടമായി ഉപയോഗിക്കുന്നത്. തീര്‍ത്ഥാടകരുടെ കേന്ദ്രമാണിവിടം. കുരുക്ഷേത്രം തീര്‍ത്ഥാടക സംഘത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്. മഹാഭാരത യുദ്ധം നടന്ന സ്ഥലം. അര്ജുനന് ഭഗവാന് ഗീത ഉപദേശിച്ചത് ഇവിടെ വച്ചാണ്. ഇവിടെ വച്ചാണ് ശരശയ്യയിലായ ഭീഷ്മര്‍ ആദ്യമായി വിഷ്ണു സഹസ്രനാമം ചൊല്ലിയത്. ഞങ്ങള്‍ എല്ലാവര്‍ഷവും ഇവിടെ സന്ദര്‍ശിക്കാറുണ്ട്. കുരുക്ഷേത്രത്തിലിരുന്ന് ഭഗവദ്ഗീത വായിക്കും.
കൈലാസം
ഹിമാലയത്തിലെ മനുഷ്യസ്പര്ശമേല്ക്കാത്ത കൊടുമുടിയാണ് കൈലാസം. ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല. കൈലാസവും മാനസ സരസ്സും അനേകം തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നുണ്ട്. പക്ഷേ ഇന്നും കെട്ടിടങ്ങളോ മറ്റുസൗകര്യങ്ങളോ ഒന്നുമില്ലാത്തതുകൊണ്ട് യാത്ര വളരെ വിഷമമേറിയതാണ്. മഞ്ഞുകൊണ്ടുള്ള മനുഷ്യരൂപങ്ങളും ശിവപാര്‍വ്വതി രൂപങ്ങളും കണ്ടുവെന്ന് ചില സന്ദര്‍ശകര്‍ പറയാറുണ്ട്.
മടുക്കാത്ത കാഴ്ചകള്‍
ഇരുപത്തേഴ് തവണ ഹിമാലയം കണ്ടുകഴിഞ്ഞു. ഇപ്പോഴും ഒരുമടുപ്പുമില്ല. ആരോഗ്യം അനുവദിച്ചാല്‍ ഇനിയും ഹിമാലയ തീര്‍ത്ഥാടനം തുടരണം എന്നു തന്നെയാണ്. ഒരു പുരുഷായുസ്സ് മതിയാവില്ല ഹിമാലയത്തിന്റെ സൗന്ദര്യം മുഴുവന്‍ കണ്ടാസ്വദിക്കാന്‍. പടിഞ്ഞാറ് സിന്ധു നദിയും കിഴക്ക് ബ്രഹ്മപുത്രയും അതിരിടുന്ന ഹിമാലയം ഭാരതത്തെ സംരക്ഷിക്കുന്ന കോട്ടകൂടിയാണ്.
സര്‍ക്കാരുദ്യോഗത്തില്‍ നിന്ന് മുക്തനായതോടെയാണ് ഹിമാലയ യാത്ര ഒരഭിനിവേശം പോലെ ചിത്രന് നമ്പൂതിരിപ്പാടിനെ പിടികൂടുന്നത്. കേവലഭക്തിയോ കൗതുകമോ അല്ല ചിത്രന് നമ്പൂതിരിപ്പാടിന്റെ യാത്രയുടെ പിന്നിലുള്ളത്. നിരന്തരമായി തുടരുന്ന ഒരനുഷ്ഠാനം പോലെയാണത്. സ്വന്തം ജീവിതത്തെയും സംസ്കാരത്തെയും കണ്ടെടുക്കാനുള്ള അന്വേഷണമാണ് ആ യാത്രയെന്ന് വേണമെങ്കില്‍ പറയാം.
യാത്രകളിലുടനീളം തുറിച്ചുനോക്കുന്ന അനിശ്ചിതത്വങ്ങള്‍ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയെ ഓര്‍മ്മപ്പെടുത്തുമെന്ന് പറയുമ്പോഴും വീണ്ടുമൊരു ഹിമാലയ യാത്രക്കുള്ള തയ്യാറെടുപ്പിലാണ് ആ മനസ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: