പാലക്കാടുജില്ലയിലെ തൃത്താലയ്‌ക്കടുത്തുള്ള പന്നിയൂര്‍ വരാഹമൂര്‍ത്തിക്ഷേത്രം ഐതിഹ്യപ്പെരുമയാല്‍ സമ്പന്നമാണ്. പരശുരാമ പ്രതിഷ്ഠിതമാണ് ഈ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ കരവിരുതിന് ദൃഷ്ടാന്തം കൂടിയാണ് ഈ ക്ഷേത്രം. ഭൂമിദേവിയുടെ സാന്നിധ്യവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
തൃത്താലയില്‍ നിന്നും നിളയുടെ കരയിലൂടെ പന്നിയൂര്‍ ഗ്രാമത്തിലെത്തുമ്പോള്‍ ചരിത്ര പുസ്തകങ്ങളിലൂടെയും, മുത്തശ്ശിക്കഥകളിലൂടെയും നമ്മള്‍കേട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍വച്ച് നമ്മോടൊപ്പം വരുന്ന ഒരുപ്രതീതിയാണ് അനുഭവപ്പെടുക. പന്തിരുകുലം നടന്നവഴികളിലൂടെ പന്നിയൂര്‍ ഗ്രാമത്തിലേക്ക്…
പന്നിയൂരിന്റെ ചരിത്രം പരിശോധിച്ചാല്‍ ബിസിഎട്ടാം നൂറ്റാണ്ടു മുതല്‍ ഭരണാധികാരികളായിരുന്ന ചേരപെരുമാക്കന്മാരുടെ ഭരണം അവസാനിച്ച എഡിആറാം നൂറ്റാïുവരെ കേരളദേവനായി ആരാധിച്ചിരുന്നത് ശ്രീവരാഹമൂര്‍ത്തിയെയായിരുന്നു എന്നാണ്ഇവിടെ നിന്നും അടുത്തകാലത്ത് കിട്ടിയ ശിലാലിഖിതത്തില്‍ നിന്നും മനസിലാകുന്നത്. പരശുരാമനാല്‍ സ്ഥാപിതമായ അറുപത്തിനാല് ഗ്രാമങ്ങളില്‍ ഒന്നാണിത്. തൊണ്ണൂറില്‍പരം ചെറിയ ദേശങ്ങള്‍ ചേര്‍ന്നതും വേദപണ്ഡിതന്മാരാല്‍ സമ്പന്നവുമായിരുന്നു ഈ ഗ്രാമം. പരശുരാമ പ്രതിഷ്ഠയാണ് ഇവിടുത്തെ വിഗ്രഹം എന്ന് വിശ്വസിയ്‌ക്കുമ്പോഴും, ഈ ക്ഷേത്രത്തിന്റെ മറ്റൊരാകര്‍ഷണം ഇവിടെ സൂക്ഷിച്ചിരിക്കുന്ന പെരുന്തച്ചന്റെ ഉളിയും മുഴക്കോലുമാണ്.
ചരിത്രത്തിലൂടെ പെരുന്തച്ചന്റെ കാലടികള്‍ പിന്തുടര്‍ന്നാല്‍ അത് അവസാനിക്കുന്നതു ഈ ക്ഷേത്രനടയിലാണെന്നു മനസിലാക്കാം. പെരുന്തച്ചനും ഈ ക്ഷേത്രവും തമ്മിലുള്ള ബന്ധത്തിന് ഒരു ഐതിഹ്യമുണ്ട്. പെരുന്തച്ചന്റെ മകന്റെ മരണത്തെക്കുറിച്ചു ചരിത്രത്തില്‍ പലതരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ട്. തന്നെക്കാള്‍ കേമനായി പേരെടുത്ത തച്ചനായി മാറികൊണ്ടിരിക്കുന്ന സ്വന്തം മകനോടുള്ള അസൂയയാല്‍ തന്റെ പണിയായുധം ഉളിഎറിഞ്ഞു മകനെ വകവരുത്തിയതായും, മറിച്ചു പെരുന്തച്ചന് പറ്റിയ കൈയബദ്ധമായും പരാമര്‍ശമുണ്ട്. അങ്ങനെ മകന്റെ മരണശേഷം മനഃശാന്തിയില്ലാതെഅലഞ്ഞുനടന്ന പെരുന്തച്ചന്‍ പന്തിരുകുലത്തിന്റെ നിയോഗങ്ങള്‍ക്ക് മൂകസാക്ഷിയായ നിളയും കടന്നുപന്നിയൂര്‍ക്ഷേത്രത്തിലെത്തി.
പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നിരുന്ന പന്നിയൂര്‍ ക്ഷേതപണിപ്പുരയിലേക്ക് വിശന്നു വലഞ്ഞെത്തിയ പെരുന്തച്ചനെ മറ്റ് ആശാരിമാര്‍ക്ക് മനസിലായില്ല. ആതിഥ്യ മര്യാദപോലും കാണിച്ചില്ല. എന്ന് മാത്രമല്ല അവര്‍ പെരുന്തച്ചനെ കളിയാക്കി വിട്ടു. മുറിവേറ്റ മനസുമായി ക്ഷേത്രസമീപത്തെ ആല്‍മര ചുവട്ടിലിരുന്ന പെരുന്തച്ചന്‍ ആശാരിമാര്‍ ഭക്ഷണത്തിനു പുറത്തുപോയ സമയംനോക്കി പണിപ്പുരയ്‌ക്ക് അകത്തുകടന്നു. ആശാരിമാരുടെ അഹങ്കാരത്തിനു അവരെ ഒരു പാഠം പഠിപ്പിയ്‌ക്കണമെന്നു നിശ്ചയിച്ച പെരുന്തച്ചന്‍ ശ്രീകോവിലിനുവേïി പണികഴിച്ച കഴുക്കോലുകളുടെ തലപ്പത്തു ഓരോ വരയിട്ടു അളവുകള്‍ വ്യത്യാസപ്പെടുത്തി സ്ഥലംവിട്ടു. തിരിച്ചുവന്ന ആശാരിമാര്‍ വരകï സ്ഥലത്തുവെച്ച് കഴുക്കോലുകള്‍ മുറിച്ചു. മേല്‍ക്കൂര കൂട്ടി നോക്കുന്ന വേളയില്‍ മുറിച്ച കഴുക്കോലുകളുടെ വ്യത്യാസം കണ്ടു അവര്‍ അമ്പരന്നു. എടുത്തപണി പാഴായിപോയാല്‍ ജീവിതം മുഴുവന്‍ തൊഴില്‍ നഷ്ടപ്പെടും. പണിയ്‌ക്കുകൊള്ളാത്തവനെന്ന ചീത്തപ്പേര് വേറെയും.
ശ്രീകോവിലിന്റെ പണിപൂര്‍ത്തിയാക്കാനാവില്ലെന്നു മനസിലാക്കി സങ്കടത്തിലായ ആശാരിമാര്‍ വരാഹമൂര്‍ത്തിനടയില്‍ സാഷ്ടാംഗം വീണുകരഞ്ഞു. അന്ന് രാത്രിയില്‍ പണിപ്പുരയില്‍ നിന്നും ഗംഭീരമായ തട്ടുംമുട്ടും കേട്ട് താമസസ്ഥലത്തുനിന്ന് ഓടിവന്ന ആശാരിമാര്‍ കïത്ശ്രീകോവിലിന്റെ മേല്‍ക്കൂര യോജിപ്പിച്ചു അവസാന മിനുക്കുപണിനടത്തുന്ന വൃദ്ധനായ ഒരു മനുഷ്യനെയാണ്. അസാമാന്യ കരവിരുതോടെ മേല്‍ക്കൂരയുടെ മുകളിലിരുന്ന് പണിയെടുക്കുന്ന ആ മനുഷ്യനെ ആശാരിമാര്‍ ശ്രദ്ധിച്ചു. മുമ്പ് തങ്ങള്‍ ഗൗനിയ്‌ക്കാതെ അപമാനിച്ചുവിട്ട വൃദ്ധനായ ആ രൂപത്തെ…അവര്‍ ഉറപ്പിച്ചു….ഇത് തങ്ങളുടെ കുലശ്രേഷ്ഠനായ പെരുന്തച്ചന്‍ തന്നെ. കുറ്റബോധത്തോടെ ആശാരിമാര്‍ തെറ്റ് ഏറ്റുപറഞ്ഞു നമസ്‌കരിച്ചു.
ആശാരിമാര്‍ പെരുന്തച്ചനോട് പറഞ്ഞുവത്രെ,
‘ അങ്ങ് പണിതീര്‍ത്തുവെന്നത് സന്തോഷം തന്നെ. ഇവിടുത്തെ കൊï് ഞങ്ങള്‍ കുറച്ചുപേര്‍ നിത്യവും കഞ്ഞികുടിച്ചിരുന്നു. അങ്ങാണ് പണിതീര്‍ത്തതെന്നു പുറംലോകമറിഞ്ഞാല്‍ ഞങ്ങളുടെകുലത്തൊഴില്‍ നിന്നുപോകുമല്ലോ’…
അതുകേട്ട പെരുന്തച്ചന്‍ അവരോടായി പറഞ്ഞു.
‘പന്നിയൂര്‍ അമ്പലം പണിമുടിയില്ല മക്കളെ, നമ്മുടെ കുലത്തില്‍ ഒരുവന് നിത്യവും ഇവിടെ തൊഴിലുണ്ടാകും, സമാധാനിയ്‌ക്കുക. ഒന്നുംകൂടി പറയുന്നു. ഇപ്പോള്‍ മുതല്‍ ഞാന്‍ എന്റെ ഈ ഉളിയും മുഴക്കോലും ഇനി കൈകൊണ്ടു തൊടുകയില്ല. എന്റെ കര്‍മ്മം അവസാനിപ്പിക്കുവാനുള്ള സമയമായി. അതിനു നിമിത്തമായത് ഈ ക്ഷേത്രവും’.
ഈ വാക്കുകള്‍ പെരുന്തച്ചന്‍ ശപിച്ചതാണെന്നൊരുവ്യാഖ്യാനവുമുണ്ട് ചരിത്രത്തില്‍. പക്ഷെ ജ്ഞാനിയും പണ്ഡിതനുമായ പെരുന്തച്ചന്‍ ശപിയ്‌ക്കാനിടയുണ്ടോ എന്നത് ചിന്തനീയം. അന്ന് പെരുന്തച്ചന്‍ ഉപേക്ഷിച്ചുപോയ മുഴക്കോല്‍ ശ്രീലകത്തിന്റെ മുന്നിലുള്ള മണ്ഡപത്തിന്റെ കല്ലുകള്‍ക്കിടയിലാണ് ഉറപ്പിച്ചിരിയ്‌ക്കുന്നത്. ഉളി ക്ഷേത്ര ശ്രീകോവിലിന്റെ പിറകുവശത്തും. ക്ഷേത്രത്തില്‍ വരുന്ന ഭക്തജനങ്ങള്‍ക്ക് ഇവ ദര്‍ശിക്കാവുന്നതാണ്. ഇന്നും പന്നിയൂരിലും പരിസരത്തുമുള്ള ആശാരിമാര്‍ പുതിയ പണിതുടങ്ങുന്നതിനു മുമ്പായി ക്ഷേത്രത്തില്‍ വന്നു പ്രാര്‍ത്ഥിച്ചു പെരുന്തച്ചന്റെ മുഴക്കോലിന്റെ മുകളില്‍ അളവ്
പിടിച്ചു തൊട്ടുതൊഴുത ശേഷമാണു പുതിയ ജോലികള്‍ ആരംഭിയ്‌ക്കുന്നതത്രെ.
മഹാവിഷ്ണുവിന്റെ വരാഹാവതാര ക്ഷേത്രങ്ങള്‍ കേരളത്തില്‍ പൊതുവെ കുറവാണ്. വിസ്തൃതമായ ക്ഷേത്രവളപ്പില്‍ പ്രവേശിക്കുമ്പോള്‍ അങ്ങിങ്ങായി ശ്രീകോവിലുകളും പണ്ടെങ്ങോ ക്ഷേത്രകലാരൂപങ്ങള്‍ അവതരിപ്പിച്ചിരുന്ന കൂത്തമ്പലത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന പൊട്ടിത്തകര്‍ന്ന തറയും കല്‍പ്പടവുകളും കാണാവുന്നതാണ്. ചേരപെരുമാക്കന്മാരുടെ ഭരണകാലത്തു ക്ഷേത്രത്തില്‍ നിന്നും വരാഹമൂര്‍ത്തിയുടെ വിഗ്രഹം കാണാതാവുകയും, പകരം പെരുമാക്കന്മാര്‍ അവരുടെ ആരാധനാ മൂര്‍ത്തിയായ ശ്രീസുബ്രമണ്യചൈതന്യത്തെ പ്രതിഷ്ഠിയ്‌ക്കുകയും ചെയ്തു. ആയിരത്തോളം വര്‍ഷം ശ്രീസുബ്രഹ്മണ്യനായിരുന്നു ഇവിടുത്തെ ആരാധനാമൂര്‍ത്തി എന്നും പറയപ്പെടുന്നു.
പിന്നീട് ഈ ക്ഷേത്രത്തില്‍ഒരുപാടു ദോഷങ്ങള്‍ അനുഭവപ്പെടുകയും, ദേവപ്രശ്‌നത്തില്‍ മഹാവിഷ്ണു സാന്നിധ്യത്തിന് പ്രാധാന്യം കൊടുക്കണമെന്ന് തെളിയുകയും ചെയ്തപ്പോഴാണ് പെരുമാക്കന്മാരുടെ നിര്‍ദ്ദേശാനുസരണം വരാഹമൂര്‍ത്തിയുടെ വിഗ്രഹം തിരികെ കൊണ്ടു വന്നു പ്രതിഷ്ഠിച്ചത്. സ്വയംഭൂവായ വരാഹമൂര്‍ത്തിയുടെ സാന്നിധ്യം ഈ ക്ഷേത്രത്തിലുണ്ട്. കുണ്ടിൽ വരാഹമൂര്‍ത്തിയെന്നു പറയുന്ന ഇത് ശ്രീമൂലസ്ഥാനമായി കരുതപ്പെടുന്നു. ഈക്ഷേത്രത്തില്‍ ഒരിയ്‌ക്കലും പണിതീരില്ല എന്ന പെരുന്തച്ച വചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് ഭക്തരുടെയും അഭിപ്രായം.
കേരള ചരിത്രത്തിന്റെ ഏടുകളിലേക്ക് , ഈ ക്ഷേത്രത്തെയും എഴുതി ചേര്‍ത്ത വിധിയുടെ നിയോഗവും ഏറ്റുവാങ്ങിക്കൊണ്ട് എങ്ങോ മറഞ്ഞ പെരുന്തച്ചന്റെ സ്മരണകളെ കാത്തുസൂക്ഷിക്കുന്നു പന്നിയൂര്‍ ഗ്രാമത്തിലെ ഈ വരാഹമൂര്‍ത്തിക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: