ആധുനിക കാലത്ത് ചിത്രകലയിലെ ഒരു പ്രധാന വിഭാഗമായി ജനശ്രദ്ധ നേടി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നതാണ് മ്യൂറല്‍ പെയിന്റിങ് അഥവാ ചുവര്‍ചിത്രകല. വളരെ പ്രാചീനമായ ചുവര്‍ ചിത്രകലാശൈലി ഇന്ന് ചുമരില്ലാതെയും വരയ്‌ക്കാം എന്ന നിലയിലും പുരോഗതി നേടി. ഇന്ന് ചുവര്‍ ചിത്രം വരയ്‌ക്കാന്‍ ചുമര്‍ പ്രത്യേകം തയ്യാറാക്കണമെന്നില്ല. ആസ്ബസ്റ്റോസ് ഷീറ്റുകള്‍, മറൈന്‍ പ്ലൈവുഡ്, ക്യാന്‍വാസ് തുടങ്ങിയ മാധ്യമങ്ങള്‍ അടിസ്ഥാനമാക്കി ചുവര്‍ചിത്രശൈലിയില്‍ ചിത്രങ്ങള്‍ വരച്ച് വിപണനം ചെയ്യാവുന്ന കാലവും വന്നുചേര്‍ന്നു. ചെങ്കല്‍ കഷ്ണങ്ങള്‍ പൊടിച്ചു കലക്കിയ ചായവും നീല അമരിച്ചറും കത്തിച്ചെടുത്തകരിയും തയ്യാറാക്കാതെ, അക്രിലിക് പെയിന്റുപയോഗിച്ച് വരച്ചെടുക്കുന്ന ചിത്രങ്ങള്‍ സ്റ്റാര്‍ ഹോട്ടലുകളിലെ സ്വീകരണമുറികളിലും മറ്റും അലങ്കാരമാകുന്നു. അപ്പോള്‍ അതു പഠിക്കാന്‍ ഒരു പാഠപുസ്തകം ഉണ്ടാവുന്നതും നല്ലതുതന്നെ.
ചുവര്‍ചിത്രം വരയ്‌ക്കാനും പഠിക്കാനും ആഗ്രഹിക്കുന്ന ഒരു ചിത്രകലാ പ്രേമിക്ക് സാധാരണഗതിയില്‍ ഗുരുമുഖത്തുനിന്നല്ലാതെ ഈ വിദ്യ പഠിക്കാന്‍ കഴിയില്ല. പ്രത്യേകം ചിട്ടവട്ടങ്ങളും ശൈലീകരണവും വിഷയസ്വീകരണവും ഉണ്ടെങ്കില്‍ മാത്രമേ ചുമര്‍ചിത്രരചനാ ശൈലി സ്വായത്തമാക്കാന്‍ സാധിക്കൂ. ഈ പ്രതിസന്ധിയിലാണ് ആര്‍ട്ടിസ്റ്റ് ജി അഴിക്കോടിന്റെ ചുമര്‍ചിത്രകല ഒരു സാങ്കേതിക പഠനം എന്ന പുസ്തകം പ്രസക്തമാകുന്നത്.
ഡോ. എം.ജി. ശശിഭൂഷണിന്റെ ‘കേരളത്തിലെ ചുമര്‍ചിത്രങ്ങള്‍’ എന്ന പുസ്തകത്തില്‍ നിന്നും ചുവര്‍ചിത്രവിജ്ഞാനം ലഭിക്കും. എന്നാല്‍ രചനാ പാഠ്യപദ്ധതിക്ക് ആവശ്യമുള്ള സാങ്കേതികപാഠങ്ങള്‍ ഒരു ചിത്രകാരന്റെ നിലപാടില്‍നിന്നും പകര്‍ന്നുതരുന്ന ആദ്യത്തെ ഗ്രന്ഥമാണ് അഴീക്കോടിന്റേത്.
ഒരു അംഗീകാരവും ലഭിക്കാതെ, ഒരുപക്ഷേ, ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രസാദം മാത്രം ഭുജിച്ചുകൊണ്ട് കലയുടെ അദമ്യമായ സമ്മര്‍ദ്ദത്താല്‍ ചുവര്‍ചിത്രങ്ങള്‍ വരച്ച് ജീവിച്ച് മണ്‍മറഞ്ഞുപോയ ചുമര്‍ചിത്രകാരന്മാര്‍ക്ക് ഈ പുസ്തകത്തിലൂടെ ഒരു പുനര്‍ജന്മം കിട്ടുന്നുണ്ട്. അത് അവരുടെ നിഷ്‌കാമമായ പുണ്യപ്രവര്‍ത്തിയുടെ വൈകിക്കിട്ടിയ അംഗീകാരമായും നമ്മുടെ ഒരു കടംവീട്ടലായും തീരുന്നുമുണ്ട്. നാരായണ പട്ടര്‍, ചിന്നമ്പി അപ്പുപ്പട്ടര്‍, നെന്മിനി നമ്പൂതിരി, പൂന്താനത്ത് കൃഷ്ണപ്പിഷാരടി, എളങ്ങരമഠം ശങ്കരന്‍ നായര്‍, ആര്‍ങ്ങാട്ട് ഭരതപ്പിഷാരടി, പുലാക്കട്ട് രാമന്‍ നായര്‍, ശ്രീനിവാസയ്യര്‍ തുടങ്ങി അനേകം ചിത്രകാരന്മാരെ ഇതില്‍ ഓര്‍മ്മപ്പെടുത്തുന്നു.
ആധുനികകാലത്ത് ചുവര്‍ചിത്രകലയില്‍ പ്രശസ്തരായ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍, പട്ടാമ്പി കൃഷ്ണവാര്യര്‍ എന്നിവരെക്കുറിച്ച് സാമാന്യം ദീര്‍ഘമായ വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓവിയന്മാര്‍ എന്നറിയപ്പെടുന്ന ചിത്രത്തൊഴിലാളികളേയും ഇതില്‍ കൊണ്ടുവരുന്നു.
ഈയടുത്തകാലത്തായി ചുവര്‍ചിത്രരചനയിലെ പ്രമേയ സ്വീകരണത്തില്‍ ഒരു വ്യതിയാനമുണ്ടായിട്ടുണ്ട്. ഗ്രാമീണ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം നിര്‍വഹിക്കുന്ന പ്രമേയങ്ങള്‍ക്ക് പരീക്ഷണപരമായ ഒരു മാനം നല്‍കപ്പെടുന്നുണ്ട്. അതുകൊണ്ട് പുരാണവിഷയങ്ങളുടെ സ്ഥാനത്ത് അലങ്കാരങ്ങളും ആടയാഭരണങ്ങളും മിതമാക്കിയും ആദിവാസി ഗോത്രജീവിത സന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടുത്തിയും ചുവര്‍ചിത്ര നിര്‍മാണം നടത്തി വരുന്നതാണ്
ആ വ്യതിയാനം. എങ്കിലും പാരമ്പര്യത്തിന്റെ പിന്തുണ കിട്ടാന്‍ വേണ്ടി പുരാണവിഷയങ്ങള്‍ ഉപേക്ഷിക്കാതിരിക്കാനുള്ള ഔചിത്യബോധം പ്രകടിപ്പിക്കുന്നതും ന്യായം തന്നെ.
പരമ്പരാഗതമായ കളമെഴുത്തിന്റെ സ്വാഭാവിക പരിണാമമാണ് ചുവര്‍ചിത്രകല. കളമെഴുത്ത് നിലത്ത് പരന്ന പ്രതലത്തിലാണെങ്കില്‍ ചുവര്‍ ചിത്രങ്ങള്‍ കുത്തനെ നില്‍ക്കുന്ന ചുമരുകളിലാണ് നിര്‍മിക്കുന്നത്. കളമെഴുത്തില്‍ പൊടികള്‍ വിതറി ഉപയോഗിച്ചാല്‍ പ്രശ്‌നമാവുകയില്ല. ചുവര്‍ചിത്രത്തില്‍ ഈര്‍പ്പമുള്ള ചായം തേച്ചാലെ ചുമരില്‍ ചിത്രം പറ്റി നില്‍ക്കുകയുള്ളൂ. അതിനുള്ള വിദ്യകള്‍ നമ്മുടെ പൂ
ര്‍വ്വികരായ ചിത്രകാരന്മാര്‍ കണ്ടെത്തി നമുക്ക് പകര്‍ന്നുതന്നിട്ടുണ്ട്.
കാലപ്പഴക്കവും കാലാവസ്ഥയുടെ ആഘാതവും അതിജീവിക്കാന്‍ ആധുനിക ചിത്രരചന സമ്പ്രദായങ്ങള്‍ മല്ലിടുമ്പോള്‍ പ്രാചീന ചുവര്‍ചിത്രങ്ങള്‍ ശോഭയോടെ നില്‍ക്കുന്നതിന്റെ രസതന്ത്രം ഓട്ടോഡോണര്‍ എന്ന ശാസ്ത്രജ്ഞന്‍ ശാസ്ത്രീയമായി വിശദീകരിക്കുകയുണ്ടായി. ഇക്കാര്യം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അജന്തയിലും എല്ലോറയിലും ഉള്ള ചുമര്‍ചിത്രങ്ങളും മറ്റും ഭാരതീയ ചിത്രകലയിലെ ആധുനിക പ്രസ്ഥാനങ്ങളെ സ്വാധീനിക്കുകയുണ്ടായി. ബംഗാള്‍ സ്‌കൂളിലൂടെയുള്ള ചിത്രകലയുടെ നവോത്ഥാനം ചുവര്‍ചിത്രങ്ങളോട് സാമ്യം ഉള്ളതായും അജന്തയിലെ ചിത്രരചനയില്‍ കേരളീയ ചിത്രകാരന്മാരും പങ്കെടുത്തിട്ടുണ്ടാവുമെന്നുള്ള കേസരി ബാലകൃഷ്ണപിള്ളയുടെ അനുമാനം തള്ളിക്കളയാനാവുന്നതല്ല.
വര്‍ണ്ണ പ്രയോഗത്തിലെ ടെമ്പറ, ഫ്രസ്‌ക്കോ, എന്‍കോസ്സിക്ക് എന്നീ രചനാപദ്ധതിയെപ്പറ്റിയും ബ്രഷുകളുടെ നിര്‍മാണത്തെപ്പറ്റിയും പ്രതലനിര്‍മാണ രീതിയെപ്പറ്റിയുമുള്ള വിവരങ്ങള്‍ ചുമര്‍ചിത്രശൈലി പരീക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല മറ്റു ചിത്രകാരന്മാര്‍ക്കും പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ നല്‍കുന്നു.
ചുവര്‍ചിത്രങ്ങള്‍ രേഖാപ്രധാനങ്ങളാണ്. പ്രകൃതിയിലെ എല്ലാ ദൃശ്യങ്ങളിലും പ്രകടമായതോ അല്ലാത്തതോ ആയ രേഖകളുടെ അതിര്‍വരമ്പുണ്ട്. ദര്‍ശനത്തിന്റെ അതിശീലത്താലും വിഷയത്തില്‍ മനസ്സ് അതിവേഗം പ്രവേശിക്കുന്നതിനാലും രേഖീയതയെപ്പറ്റി നാം ചിന്തിക്കാന്‍ വിട്ടുപോകുന്നു. ചുവര്‍ചിത്രരചനയിലെ രേഖീയതാളത്തെപ്പറ്റി പറയാന്‍ ഒരദ്ധ്യായം തന്നെ മാറ്റിവച്ചിട്ടുണ്ട്.
മാതൃകാ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലും ലേഔട്ടിലും ഗ്രന്ഥകാരന്‍ പുലര്‍ത്തിയിരിക്കുന്ന നിഷ്‌ക്കര്‍ഷ പ്രശംസനീയമാണ്. ഇതൊരു പഠനഗ്രന്ഥംപോലെ തന്നെ ഒരു പ്രമാണ ഗ്രന്ഥവും ആണ്.
വളരെയധികം വര്‍ണചിത്രങ്ങളും രേഖാ ചിത്രങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കു ക്രമനമ്പറും അവയുടെ നാമാവലിയും കൊടുത്തിരുന്നെങ്കില്‍ ഉപയോഗം കുറെക്കൂടി എളുപ്പമായേനെ. ചില പദങ്ങള്‍ക്കു തുല്യമായ ഇംഗ്ലീഷിലുള്ള പദവും ബ്രാക്കറ്റില്‍ കൊടുക്കാമായിരുന്നു. ഒരു സൂചികയും വേണം.
ഉന്മീലനം എന്ന ചടങ്ങ് ഉള്‍പ്പെടുത്തിയത് ഉചിതമായി. ചിത്രരചന പൂര്‍ത്തിയായി എന്നറിയിക്കുന്ന പരസ്യപ്രഖ്യാപനം കൂടിയാണിത്. അധികാരികള്‍ക്ക് ചിത്രത്തെ കാണാനും ചിത്രകാരനെ അംഗീകരിക്കാനും കിട്ടുന്ന അവസരം. അതൊരു ചിത്രകാരന്റെ ചാരിതാര്‍ത്ഥ്യദിനമാണന്ന്.
ചിത്രകലയില്‍ വാസനയുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ഈ പുസ്തകത്തെ മാത്രം ആശ്രയിച്ചുകൊണ്ട് ചുവര്‍ച്ചിത്ര രചനാ ശൈലി സ്വയം വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. അത്രമാത്രം സ്വയം സമ്പൂര്‍ണമാണീഗ്രന്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക