കൊച്ചി: മനുഷ്യസഹായവും കറന്‍സി ഇടപാടുകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷേ, ഭാവിയില്‍ ഇന്ത്യയുടെ വിപണി കീഴടക്കുക സ്വയം നിയന്ത്രിത സൂപ്പര്മാര്ക്കറ്റുകളായിരിക്കുമെന്ന് കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ ഉറപ്പുനല്‍കുന്നു.
ഇന്ത്യയിലെ ആദ്യ സ്വയം നിയന്ത്രിത സൂപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിക്കുന്നത് വാട്ട്അസെയ്ല് എന്ന സ്റ്റാര്‍ട്ടപ്പാണ്. ക്യൂആര്‍ കോഡ് വഴിയാകും സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവേശനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധാരണ സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്ന എല്ലാ സാധനങ്ങളും ലഭ്യമാകും. പണമിടപാടുകള്‍ ഡിജിറ്റലാണ്. സൂപ്പര്‍ മാര്‍ക്കറ്റ് ഉടന്‍ കേരളത്തില്‍ അവതരിപ്പിക്കും.
2013ല്‍ വിപണിയിലറങ്ങിയ ശാസ്ത്ര എന്ന സ്റ്റാര്‍ട്ടപ്പ് മൊബൈല്‍ ടച്ച് സ്ക്രീനുകളും കാര്‍ ഇന്ഫൊടെയ്ന്മെന്റ്ും ഏവിയേഷന്‍ പാനലുകളും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള റോബോട്ടിക് സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ബഹുരാഷ്ട്രകമ്പനിയായ ബോഷ് ഉള്‍പ്പെടെയുള്ളവര്‍ ശാസ്ത്രയുടെ ഉപയോക്താക്കളാണ്. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ മൂന്നംഗ സംഘമാണ് ശാസ്ത്ര സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍.
സിനിമ തീയേറ്ററുകളും മാളുകളുമായി സഹകരിച്ച് വിശേഷാവസരങ്ങളില്‍ ആശംസകള്‍ കൊണ്ട് പ്രിയപ്പെട്ടവരെ വിസ്മയിപ്പിക്കാന് അവസരമൊരുക്കുന്ന സംവിധാനമാണ് ഹാഷ്ഹുഷ് സ്റ്റാര്‍ട്ടപ്പ് അവതരിപ്പിക്കുന്നത്. സിനിമയ്ക്കിടെ തിയറ്ററിലെ ബിഗ് സ്ക്രീനില്‍ പ്രിയപ്പെട്ടവര്‍ക്കായുള്ള ആശംസ ഫോട്ടോയ്ക്കൊപ്പം തെളിയുകയും കേക്ക് ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത സമ്മാനക്കിറ്റ് ലഭിക്കുകയും ചെയ്യും. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമില്‍ കളിക്കാന്‍ അവസരമൊരുക്കുന്ന ടില്‍റ്റ് ലാബ്സ് സ്റ്റാര്‍ട്ടപ്പിന്റെ സംവിധാനം കുട്ടികള്‍ക്കും സ്പോര്‍ട്സ് പ്രേമികള്‍ക്കും ഏറെ പ്രിയങ്കരമാകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: