കൊച്ചി: ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും ശേഷിയും തങ്ങള്‍ക്കുണ്ടെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും പിഎന്‍ബി ജീവനക്കാര്‍ക്ക് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സുനില്‍ മേത്ത അയച്ച കത്തില്‍ വ്യക്തമാക്കി.
സംവിധാനത്തിനുള്ളിലെ അധാര്‍മിക പ്രവണതകളോട് ഒരു വിട്ടുവീഴ്ചയും കാട്ടില്ല. ഉപഭോക്താക്കളുടേ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കൃത്യമായ ചുവടുവെയ്പ്പുകള്‍ക്കും ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ട്. കുടിശികകള്‍ തിരിച്ചു പിടിക്കുന്നതിനും വേഗത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സുനില്‍ മേത്ത വ്യക്തമാക്കി.
ഉപഭോക്തൃ സേവനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും സമഗ്രമായി മുന്നേറാനും തന്റെ കത്തില്‍ സുനില്‍ മേത്ത ജീവനക്കാരോട് ആവശ്യപ്പെടുന്നുണ്ട്. തങ്ങളോടൊപ്പം ബാങ്കിങ് നടത്തുന്ന ഉപഭോക്താക്കളില്‍ ചിലര്‍ ഇപ്പോള്‍ ചെറിയ തോതില്‍ ആശങ്ക അനുഭവിക്കുന്നുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നമുക്കു ശ്രമിക്കാമെന്നും അവരുടെ വിശ്വാസം പൂര്‍ണമായും ന്യായീകരിക്കുവാന്‍ ശ്രമിക്കാമെന്നും വ്യക്തമാക്കുന്നു.
ഉപഭോക്താക്കള്‍, ജീവനക്കാര്‍, അഭ്യുദയകാംക്ഷികള്‍, കച്ചവടക്കാര്‍, നിയന്ത്രണ മേഖലയിലുള്ളവര്‍,സര്‍ക്കാര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരുടേയും വിശ്വാസം നേടിയാണ് വര്‍ഷങ്ങളായി ബാങ്ക് മുന്നോട്ടു പോയിരുന്നത്. അടുത്തിടെ ബാങ്കിന്റെ വളര്‍ച്ചയ്ക്കായി 5473 കോടി രൂപയുടെ ഫണ്ട് വകയിരുത്തി സര്‍ക്കാര്‍ അതിന്റെ പിന്തുണ വ്യക്തമാക്കിയിരുന്നു. നമ്മുടെ ബാങ്ക് ശക്തവും സുരക്ഷിതവുമാണെന്ന് നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുകയാണെന്നും അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി.
രാഷ്ട്ര നിര്‍മാണത്തിനു പിന്തുണ നല്‍കുകയും സമ്പദ്ഘടനയുടെ പിന്നിലുള്ള ശക്തിയായി തുടരുകയും ചെയ്തു കൊണ്ട് ബാങ്ക് വഹിക്കുന്ന പങ്കാണ് 2018 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ ലാഭം കൈവരിക്കാനായ ഏതാനും ചില ബാങ്കുകളില്‍ ഒന്നായി തങ്ങളും മാറിയ കാര്യം സൂചിപ്പിക്കുന്നത്. കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് മേഖലയിലെ ശക്തമായ വിഹിതം, സുസ്ഥിരമായ വായ്പാ ഗുണനിലവാരം, വായ്പകളിലെ മികച്ച വളര്‍ച്ച, ആവശ്യമായ മൂലധനം, ചെലവും വരുമാനവും തമ്മിലുള്ള മികച്ച അനുപാതം തുടങ്ങിയ അഞ്ചു ഘടകങ്ങളാണ് ബാങ്കിന്റെ ശക്തി.
ബാങ്കിന്റെ സംവിധാനങ്ങളും നടപടിക്രമങ്ങളും കൂടുതല്‍ ശക്തമാക്കാന്‍ നടപടികള്‍ കൈക്കൊണ്ടു വരികയാണ്. ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമാക്കി മാത്രമല്ല ഇതു ചെയ്യുന്നത്. വിപുലമായ ഉപഭോക്തൃ യോഗങ്ങള്‍ സംഘടിപ്പിച്ചും ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തി കൂടിയാണിതു ചെയ്യുന്നത്. ചെറുകിട നിക്ഷേപകരെ ലക്ഷ്യമിട്ട് കറണ്ട് സേവിങ്സ് അക്കൗണ്ടുകളിലെ ശ്രദ്ധ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഈ മേഖലയില്‍ നിന്നാണ് 40 ശതമാനത്തിലേറെ ലഭിക്കുന്നത്.
പിഎന്‍ബി ജീവനക്കാര്‍ തങ്ങളുടെ അര്‍പ്പണ മനോഭാവവും പ്രതിബദ്ധതയും കൈമുതലാക്കിയാണ് ഈ സ്ഥാപനത്തെ വളര്‍ത്തിയത്. രാഷ്ട്ര നിര്‍മാണത്തില്‍ ബാങ്ക് വഹിക്കുന്ന സുപ്രധാന പങ്കും സമൂഹത്തില്‍ നാം സൃഷ്ടിച്ച പ്രതിഫലനവും ഏതാനും ചിലരുടെ അധാര്‍മിക പ്രവണതകള്‍ മൂലം ഇല്ലാതാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: