ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന, ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗങ്ങള്‍ രാജ്യദ്രോഹമാണെന്ന് കണ്ടെത്തി ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിനെതിരേ കേസെടുത്തു. വിചാരണ വേളയില്‍ കോടതിയില്‍ നടത്തിയ വിശദീകരണവും രേഖാമൂലം നല്കിയ സത്യവാങ്മൂലവും രാജ്യസ്നേഹത്തിന്റെ മാതൃകാ മുദ്രയായി ഇന്നും നിലനില്ക്കുന്നു.
ഇന്ന് ഡോക്ടര്‍ജി എന്ന് കോടാനുകോടി ജനങ്ങള്‍ ലോകമെമ്പാടും വിളിക്കുന്ന ഡോ. ഹെഡ്ഗേവാറിന്റെ ജന്മദിനം. ആര്‍എസ്എസ് വര്‍ഷ പ്രതിപദയായി, പുതിയ യുഗത്തിന്റെ തുടക്കംകൂടിയായ ഈ ദിവസം ഉത്സവമായി ആഘോഷിക്കുന്നു. പ്രസംഗവും സത്യവാങ്മൂലവും വായിക്കാം:
‘ ബ്രിട്ടനെ ആക്രമിച്ച് ഭരിക്കുവാനോ അധീനമാക്കുവാനോ ഞങ്ങള്‍ക്ക് തെല്ലും ഉദ്ദേശ്യമില്ല. ബ്രിട്ടീഷുകാര്‍ ബ്രിട്ടന് ഭരിക്കുന്നതു പോലെ , ജര്‍മ്മന്‍ കാര്‍ ജര്‍മ്മനി ഭരിക്കുന്നത് പോലെ ഞങ്ങള്‍ക്ക് മാതൃഭൂമിയില്‍ സ്വയം ഭരണം നടത്താന്‍ അവകാശമുണ്ട് . വിദേശികളുടെ അടിമകളായി തുടരുന്നു എന്ന ചിന്തയില്‍ ആ അപമാനവും ഞങ്ങളുടെ മനസ്സില്‍ ദേഷ്യമുണര്‍ത്തുന്നു . പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് . അതു നേടുന്നതു വരെ ശാന്തമായി അടങ്ങിയിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല . ഞങ്ങളുടെ ഭൂമിയില്‍ ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം നീതിക്കോ നിയമത്തിനോ എതിരാണോ ? നിയമം നിലനില്‍ക്കുന്നത് നീതിയെ നശിപ്പിക്കാനല്ല , നടപ്പിലാക്കാനാണ് എന്നാണെന്റെ വിശ്വാസം . അതായിരിക്കണം നിയമത്തിന്റെ പ്രധാന ഉദ്ദേശ്യവും . ‘
നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍, കോടതിയില്‍ നടത്തിയ വിശദീകരണപ്രസംഗത്തില്‍ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാള്‍ രാജ്യദ്രോഹമാണ് അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയില്‍ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി, ഡോക്ടര്‍ ഹെഡ്ഗേവാറിന് ഒരു വര്‍ഷത്തെ കഠിന തടവ് വിധിച്ചു.
1921 ആഗസ്ത് അഞ്ചിന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പൂര്‍ണ്ണ രൂപം ..
1. ഞാന്‍ ചെയ്ത പ്രസംഗങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തെക്കുറിച്ച് ഭാരതീയരുടെ മനസ്സില്‍ വെറുപ്പും , വിദ്വേഷവും വിപ്ലവ മനോഭാവവും വളര്‍ത്തുകയും ഭാരതീയരുടേയും യൂറോപ്യന്മാരുടെയും ഇടയില്‍ പരസ്പരം ശത്രുതയുടെ വിത്തുകള്‍ വിതറുകയും ചെയ്യുവാ!ന് കാരണമായി എന്നുള്ളതാണ് എന്റെ മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം ,ഇതിനൊരു വിശദീകരണം ഞാന്‍ ആവശ്യപ്പെടുന്നു .ഭാരതമണ്ണില്‍ വച്ച് ഒരു ഭാരതീയനെ വിചാരണ ചെയ്ത് വിധിപറയുന്നതിന് ഒരു വിദേശ ഭരണകൂടം ഔദ്ധത്യം കാണിക്കുന്നു എന്നത് , എന്റെ പ്രിയപെട്ട മാതൃഭൂമിക്ക് നേരിടേണ്ടി വന്ന വലിയ അപമാനമായി ഞാന്‍ കരുതുന്നു.
2. ഇന്ന് ഭാരതത്തില്‍ നിയമാനുസൃതം വ്യവസ്ഥാപിതമായ ഒരു ഭരണകൂടം നിലവിലുള്ളതായി ഞാന്‍ കരുതുന്നില്ല .ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാല്‍ അതു വിചിത്രമാണ് .ബലാല്‍ക്കാരമായി തട്ടിപ്പറിച്ചെടുത്ത് സ്വന്തം ശക്തി കാണിക്കുന്ന ഒരു മര്‍ദ്ദക ഭരണമാണ് ഇന്നിവിടെയുള്ളത് .ഈ അനധികൃത ഭരണകൂടത്തിന്റെ കൈകളിലെ ചട്ടുകം മാത്രമാണ് ഇന്നത്തെ നിയമങ്ങളും കോടതിയും, ലോകത്തിന്റെ ഏതു ഭാഗത്തായാലും ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍ നിയോഗിക്കപ്പെടുന്ന, ജനങ്ങളുടെ സര്‍ക്കാരിനു മാത്രമേ നിയമനിര്‍വ്വഹണം നടത്താന്‍ അധികാരമുള്ളൂ .അങ്ങനെയല്ലാത്ത എല്ലാ ഭരണങ്ങളും ദുര്‍ബ്ബല രാജ്യങ്ങളെ കൊള്ളയടിക്കുവാന് കയ്യേറ്റക്കാര്‍ ഒരുക്കുന്ന കുരുക്കും കെണിയുമാണ്.
3. ഇന്ന് പരിതാപകരമായ അവസ്ഥയില്‍ ആണ്ടുപോയ സ്വന്തം മാതൃഭൂമിയോടുള്ള ഉത്കടമായ രാജ്യസ്നേഹം എന്റെ നാട്ടുകാരില്‍ വളര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. ഭാരതം ഭാരതീയനുള്ളതാണ് എന്ന ഉത്തമ വിശ്വാസം അവരില്‍ രൂഢമൂലമാക്കാന്‍ ഞാന്‍ പരിശ്രമിച്ചു. ഒരു ഭാരതീയന് അവന്റെ സ്വന്തം ദേശത്തിനു വേണ്ടി സംസാരിക്കുന്നതും ദേശസ്നേഹം പ്രചരിപ്പിക്കുന്നതും രാജ്യദ്രോഹമായി കരുതുന്നുവെങ്കില്‍, ഭാരതീയരും യൂറോപ്യന്മാരുമായി വിരോധം വളര്‍ത്താതെ ഭാരതീയനു സത്യാവസ്ഥ തുറന്നു പറയാന്‍ നിര്‍വ്വാഹമില്ലെങ്കില്‍, യൂറോപ്യന്മാരും ഭാരതത്തിന്റെ ഭരണാധികാരികള്‍ എന്നവകാശപ്പെടുന്നവരും ഒന്നു മനസ്സിലാക്കുന്നത് നന്ന്. നിങ്ങള്‍ ഇവിടെ നിന്നും കെട്ടുകെട്ടാറായിരിക്കുന്നു.
4. രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നതിനു പുലര്‍ത്തേണ്ട അടിസ്ഥാന തത്ത്വങ്ങള്‍ എനിക്കറിയാം. ബ്രിട്ടീഷുകാരോടും യൂറോപ്യന്മാരോടും പെരുമാറുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കാറുണ്ട്. എന്തായാലും ഞാന്‍ പറഞ്ഞിട്ടുള്ളത് എല്ലാം തന്നെ എന്റെ നാട്ടുകാരുടെ ജന്മാവകാശത്തെയും സ്വാതന്ത്ര്യം നേടേണ്ടതിന്റെ അനിവാര്യതയേയും കുറിച്ചാണ്. ഞാന്‍ ഉച്ചരിച്ച ഓരോ വാക്കിലും ഉറച്ചു നില്ക്കാന് ഞാന്‍ തയ്യാറാണ്. എന്റെ മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ക്കെതിരെ എനിക്കൊന്നും പറയാനില്ലെങ്കിലും ഞാന്‍ ചെയ്ത പ്രസംഗങ്ങളിലെ ഓരോ അക്ഷരവും വാക്കും ന്യായീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം ന്യായ പൂര്‍ണ്ണമാണെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: