വിയറ്റ്നാം യുദ്ധമെന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ തെളിയുന്ന ഒരു ദൃശ്യമുണ്ട്. ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം, അങ്ങനെ വേണം നാപാം പെണ്‍കുട്ടി എന്ന നിക് ഉട്ട് ചിത്രത്തെ വിശേഷിപ്പിക്കാന്‍. ആരോ നിക്കിനായി കരുതി വെച്ച ഫ്രെയിം. വേറെയും ഫോട്ടോഗ്രാഫര്‍മാരും മാധ്യമ പ്രവര്‍ത്തകരും അന്നവിടെ ഉണ്ടായിരുന്നിട്ടും നിക്കെന്ന വിയറ്റ്നാംകാരന് തന്നെയായിരുന്നു യുദ്ധം അവസാനിപ്പിക്കാന്‍ കാരണമായ ആ ചിത്രം പകര്‍ത്തുവാന്‍ നിയോഗിക്കപ്പെട്ടത്.
ഫോട്ടോഗ്രഫിയിലേക്കുള്ള രംഗപ്രവേശം…
ജ്യേഷ്ഠ സഹോദരന്റെ മരണമാണ് നിക് ഉട്ടിനെ ഫോട്ടോഗ്രഫിയിലേക്ക് എത്തിച്ചത്. പതിനഞ്ച് വയസ്സു മാത്രമായിരുന്നു അന്നവന്റെ പ്രായം. ജ്യേഷ്ഠന് യുദ്ധം പകര്‍ത്തുന്നതിനിടെ മരിച്ചു വീണപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്നത്തിന് പിറകേ പോകാന്‍ നിക് തീരുമാനിച്ചു. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി, അസോസിയേറ്റഡ് പ്രസ്സിലെ ജ്യേഷ്ഠന്റെ സഹപ്രവര്‍ത്തകരെ പോയി കണ്ടു. വിയറ്റ്നാം സ്വദേശികളായ നിരവധി ജീവനക്കാര്‍ക്കൊപ്പം അവര്‍ അവനേയും കൂടെ കൂട്ടി. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അവനെ യുദ്ധ നിലങ്ങളിലേക്ക് കൊണ്ടുപോകാന്‍ അവര്‍ മടിച്ചു. പോകെ, പോകെ അവിടേക്കും നിക് അവരെ അനുഗമിച്ചു. യുദ്ധത്തിന്റെ മുറിവുകള്‍ അവനും ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കാന്‍ തുടങ്ങി.
നാപാം ദിനം…
ദക്ഷിണ വിയറ്റ്നാം യുദ്ധ വിമാനത്തില്‍ നിന്ന് നാപാം എന്ന സ്ഫോടകവസ്തു അബദ്ധത്തില്‍ നാലു തവണ ഭൂമിയില്‍ വീണു. അതില്‍ ഒന്ന് ഗ്രാമവാസികള്‍ക്ക് അഭയം നല്കിയ പഗോഡയില്‍ ചെന്നു പതിച്ചു. നിരവധി മൃതശരീരങ്ങളെയും പരിക്കേറ്റവരെയും താണ്ടി വേണമായിരുന്നു നിക്കിനും സംഘത്തിനും അവിടേക്കെത്താന്‍. സ്ഫോടനം പടര്‍ത്തിയ പുകയ്ക്കുളളില്‍ നിന്ന് ആദ്യം പുറത്തു വന്നത് ഒരമ്മയും അവര്‍ എടുത്തു പിടിച്ച പിഞ്ചുകുഞ്ഞുമാണ്. അവരുടെ ചിത്രമെടുക്കുന്നതിനിടെ ക്യാമറയ്ക്കുള്ളിലൂടെ ആ കുഞ്ഞു ജീവന് മരണം വരിക്കുന്നതും നിക് കണ്ടു. പെട്ടെന്നാണ് ഞാന്‍ മരിച്ചു പോകും, ഞാന്‍ മരിച്ചു പോകും എന്നു നിലവിളിച്ചു കൊണ്ട് നഗ്നയായൊരു പെണ്‍കുട്ടിയും കുറേ ആളുകളും ഓടി വരുന്നത് കണ്ടത്. മറ്റെല്ലാം വേണ്ടെന്ന് വെച്ച് പെട്ടെന്ന് ആ ദൃശ്യം ക്യാമറയിലാക്കി. അപ്പോഴും അവള് അവര്‍ക്കരികിലേക്ക് ഓടിയടുക്കുകയായിരുന്നു. അടുത്തെത്തിയപ്പോഴാണ് പൊള്ളലേറ്റ് അവളുടെ കൈയിലേയും പുറത്തെയും തൊലിയുടെ കൂടുതല്‍ ഭാഗവും ഇളകിപ്പോയിരിക്കുന്നത് നിക് കണ്ടത്. അടുത്ത നിമിഷം തന്നെ കൈയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍ നിന്ന് ശരീരത്തിലേക്ക് വെള്ളമൊഴിച്ചു കൊടുത്തു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ അതും. തങ്ങളുടെ വാഹനത്തില്‍ കയറ്റി നിക്കും കൂട്ടരും അവളെ സുരക്ഷിതയായി രക്ഷാകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി. അങ്ങനെ ആ ജീവന് നിലനിര്‍ത്തി.
അതിന് മുമ്പും യുദ്ധ ഭീകരത മുറ്റുന്ന ആയിരക്കണക്കിന് ചിത്രങ്ങള്‍ എടുക്കുകയും അനേകം ജീവന് രക്ഷിക്കുകയും ചെയ്തിട്ടുണ്ട് നിക്. എന്നാല്‍ അന്ന് അവളെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലായിരുന്നു എങ്കില്‍ സംഭവിക്കുക മറ്റൊന്നായിരുന്നു. ‘എല്ലും തോലുമായ ബാലന്റേയും അവനെ കൊത്തിപ്പറിക്കാന്‍ കാവലിരിക്കുന്ന കഴുകന്റെയും ചിത്രത്തിലൂടെ സുഡാനിലെ കൊടുംപട്ടിണിയെ ലോകത്തിന് കാണിച്ചു കൊടുത്ത കെവിന് കാര്‍ട്ടറെ പോലെ ഞാനും ആത്മഹത്യ ചെയ്തേനെ’. നിക് ഉട്ട് പറയുന്നു.
ഇന്നും നാപാം പെണ്‍കുട്ടി കിം ഫുക്കുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്ന് നിക് പറയുന്നു. ഇന്നവള്‍ യുനെസ്കോ പ്രവര്‍ത്തകയാണ്. നിക് ഉട്ടിന്റെ ഒറ്റ ക്ലിക്ക് അവളുടെ ജീവിതം തന്നെ കീഴ്മേല്‍ മറിച്ചു.
നിക് അങ്കിള്‍ എന്ന അവളുടെ വിളിയിലെ അളവുറ്റ സ്നേഹവും കൃതജ്ഞതയും തന്നെയാണ് അദ്ദേഹത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം. അത് തന്നെയാണ് അദ്ദേഹത്തെ ശ്രേഷ്ഠനാക്കുന്നതും.
നഗ്നത വിവാദം…
കിം ഫുക്കിന്റെ നഗ്നത പ്രശ്നമാകുമെന്ന് ആദ്യം സൂചിപ്പിച്ചത് എ പി യുടെ വിയറ്റ്നാമിലെ ചീഫ് ഫോട്ടോ എഡിറ്ററായിരുന്നു. അന്ന് അദ്ദേഹം ചിത്രം ഉപയോഗിക്കേണ്ടതില്ല എന്നു പോലും തീരുമാനിച്ചു. അപ്പോഴേക്കും അമേരിക്കയിലെ മേല്‍ അധികാരികള്‍ ചിത്രം പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. അങ്ങനെ ചിത്രം വെളിച്ചം കണ്ടു. അതോടെ വിയറ്റ്നാം യുദ്ധ തീവ്രത ലോകം അറിഞ്ഞു. തുടര്‍ന്ന് സംഭവിച്ചതെല്ലാം ചരിത്രമാണ്.
പിന്നെയും പല കോണുകളില്‍ നിന്ന് ചിത്രത്തിനെതിരെ നഗ്നതയുടെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നു. അതിനെയെല്ലാം മറികടന്ന് ചിത്രം രണ്ട് പുലിറ്റ്സര്‍ സമ്മാനമടക്കം പല നേട്ടങ്ങളും സ്വന്തമാക്കി.
‘ഹെല് ടു ഹോളിവുഡ്’
നിക് സ്വന്തം ജീവിതത്തെ ഇതുവരെ വിശേഷിപ്പിച്ചിരുന്നത് ‘ഹെല് ടു ഹോളിവുഡ് ‘ എന്നായിരുന്നു. യുദ്ധം നരക തുല്യമാക്കിയ വിയറ്റ്നാമില്‍ നിന്ന് അമേരിക്കയെന്ന ഹോളിവുഡിന്റെ സ്വപ്ന ഭൂമിയിലേക്കുള്ള ചേക്കേറലിനെയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഹോളിവുഡില്‍ മൈക്കിള്‍ ജാക്സണിന്റേയും മുഹമ്മദ് അലിയുടേയും അടക്കം അനേകം താരങ്ങളുടെ ചിത്രങ്ങള്‍ എടുത്തു. അവിടെയും നിക് മാജിക് ആവര്‍ത്തിച്ചു കൊïേയിരുന്നു. പാരിസ് ഹില്‍ട്ടണെ രïാം വട്ടം ജയിലിലേക്ക് കൊണ്ടു പോകും വഴി അവര്‍ വാഹനത്തിനുള്ളില്‍ ഇരുന്ന് പൊട്ടിക്കരയുന്ന ചിത്രം . നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ അവിടെയും ഉണ്ടായിരുന്നു. പക്ഷെ ആ ചിത്രവും നിക്കിനു മാത്രമായി കരുതി വെച്ചിരുന്നതായിരുന്നു. വാഹനത്തിന് ചുറ്റും കൂടിയിരുന്ന ആളുകളുണ്ടാക്കിയ തിക്കിനും തിരക്കിനും ഇടയിലും ഒരു നല്ല ചിത്രം തനിക്ക് പകര്‍ത്താനായെന്ന് നിക് ഓര്‍മ്മിക്കുന്നു.
എന്നാല്‍ ഇന്ന് തന്റെ ജീവിതയാത്രയെ ഹെല് ടു ഹെല് എന്ന് വിളിക്കുന്നതായിരിക്കും കൂടുതല്‍ അനുയോജ്യം എന്ന് നിക് പറയുന്നു. കാരണം ഹോളിവുഡിലും യുദ്ധം തന്നെയാണ് അദ്ദേഹം കïത്. മനുഷ്യ മനസ്സുകള്‍ തമ്മിലെ ശീതയുദ്ധം.
മൂന്നാം ലോകമഹായുദ്ധ ഭീതി…
അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള നിരന്തര വെല്ലുവിളികള്‍ തന്നെയും ഭയപ്പെട്ടുത്തിയെന്ന് നിക് പറയുന്നു. ഉത്തര കൊറിയയുടേത് വൃത്തികെട്ട കളിയാണ് . ഒരിക്കലും യുദ്ധമുണ്ടാകാതിരിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വിയറ്റ്നാം യുദ്ധസമയത്ത് അവിടെയെത്തി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഇന്ന് ഒരു യുദ്ധം ഉണ്ടായാല്‍ അതിന് തെല്ലും സാധ്യതയില്ല. പല നിയന്ത്രണങ്ങളും ഉണ്ടാകും. അതുകൊണ്ടുതന്നെ ചിത്രങ്ങളിലൂടെ യുദ്ധത്തിന്റെ ഭീകരത ജനങ്ങളിലേക്കെത്താനോ യുദ്ധം തന്നെ അവസാനിക്കാനോ ഉള്ള സാധ്യതയും കാണുന്നില്ല എന്നും നിക് പറയുന്നു.
കേരളം…
ഇവിടുത്തെ ജനങ്ങളുടെ സ്നേഹം നികിന് ഒരത്ഭുതമായി. അടുത്ത വര്‍ഷവും കേരളത്തിലെത്തുമെന്നും അന്ന് കിം ഫുക്കും തനിക്കൊപ്പം ഉണ്ടാകുമെന്നും നിക് ഉറപ്പ് നല്കുന്നു. വിയറ്റ്നാം യുദ്ധം പകര്‍ത്തിയ ക്യാമറയും കൂടെ കൊണ്ടുവരും. അതിലൂടെ കേരളത്തിന്റെ ചിത്രം എടുക്കും. അതിനായി അദ്ദേഹം കാത്തിരിക്കുകയാണ്.ലോകം ആരാധിക്കുന്ന ആ മനുഷ്യനെക്കാത്ത് നമ്മളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: