കോട്ടയം: അയര്‍ക്കുന്നം ബൈപ്പാസിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഉമ്മന്‍ചാണ്ടി ആഘോഷ പൂര്‍വ്വം നിര്‍വ്വഹിച്ചു. അതുകഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിടുന്നു. ബൈപ്പാസ് എങ്ങുമെത്തിയില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ഉദ്ഘാടനം പൊടിപൊടിച്ചത്. ഉമ്മന്‍ചാണ്ടിക്ക് ആശംസ അറിയിച്ച്്് അയര്‍ക്കുന്നത്ത് നൂറുകണക്കിന് ഫ്ളെക്സ് ബോര്‍ഡും സ്ഥാപിച്ചു.
എട്ടു വര്‍ഷമായി അയര്‍ക്കുന്നം ബൈപ്പാസിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. 5.76 കോടി രൂപ ബൈപ്പാസിനായി സര്‍ക്കാര്‍ അനുവദിച്ചു. നാല്പത്തഞ്ചോളം പേരുടെ സ്ഥലമാണ് റോഡിനായി ഏറ്റെടുക്കേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതിനായി അവസാന വിജ്ഞാപനവും പൂര്‍ത്തിയാക്കി. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയ റവന്യു ഉദ്യോഗസ്ഥര്‍ ബൈപ്പാസിനായി ഏറ്റെടുക്കേണ്ട സ്ഥലത്ത്് കല്ലിട്ടു. കിടങ്ങൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നു ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റുമായി കോട്ടയം എല്‍എ തഹസീല്‍ദാര്‍ ഓഫീസില്‍ എത്തി ചെക്ക് കൈപ്പറ്റാന്‍ സ്ഥലം ഉടമകള്‍ക്ക് അറിയിപ്പ് കിട്ടി. ഇതേത്തുര്‍ന്ന് ആവശ്യമായ രേഖകളുമായി തഹസീല്‍ദാര്‍ ഓഫീസിലെത്തിയ സ്ഥലം ഉടമകളോട് രേഖകള്‍ വാങ്ങിയതിന് ശേഷം കുറച്ചു സമയം കാത്തിരിക്കാനും ചെക്ക് എഴുതാന്‍ കുറച്ചു സമയം വേണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ രണ്ടു മണിക്കൂറിന് ശേഷം ഉദ്യോഗസ്ഥര്‍ അറിയിച്ചു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു ഫോണ്‍ സന്ദേശം വന്നു ചെക്ക് അടുത്ത ആഴ്ച ചെക്ക് വിതരണം ചെയ്താല്‍ മതിയെന്ന്. പിന്നീട് ഇതുവരെ അയര്‍ക്കുന്നം ബൈപ്പാസിന്റെ പ്രവര്‍ത്തനം മുമ്പോട്ട് പോയിട്ടില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പാണ് ബൈപ്പാസ് അട്ടിമറിക്കുന്നതിന് പിന്നിലെന്ന് ആരോപണം ശക്തമാണ്.
ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ശിലാഫലകം അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെ സ്ട്രോങ് റൂമില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. മണര്‍കാട്-കിടങ്ങൂര്‍ റോഡില്‍ അയര്‍ക്കുന്നം കവലയുടെ ഭാഗത്ത് റോഡിന് വീതികൂട്ടാന്‍ വ്യാപാരികള്‍ സമ്മതിക്കുന്നില്ല. ഇതിന് ബദലായി അയര്‍ക്കുന്നം കവലയെ ഒഴിവാക്കിയാണ് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ബൈപ്പാസിനായി ശ്രമം ആരംഭിച്ചത്.
എന്നാല്‍ ചില വ്യാപാരികളും ഉമ്മന്‍ചാണ്ടിയോട് അടുപ്പമുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് ബൈപ്പാസും അട്ടിമറിക്കുന്നത്.
വികസനം കോണ്‍ഗ്രസ് അട്ടിമറിക്കുന്നു:
ബിജെപി
കോട്ടയം: അയര്‍ക്കുന്നത്തിന്റെ വികസനം കോണ്‍ഗ്രസ് നേതാക്കള്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി നേതാക്കളായ പി.എസ്.ഹരിപ്രസാദ്, ആനന്ദ്.ആര്.നായര്‍, പി.എസ്. ചന്ദ്രചൂഡന് എന്നിവര്‍ പറഞ്ഞു.അതിന്റെ ഉത്തമ ഉദാഹരണമാണ് അയര്‍ക്കുന്നം ബൈപ്പാസ്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പുതിയ മണര്‍കാട്-തൊടുപുഴ നാലുവരിപ്പാതയും അട്ടിമറിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായും ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: