ദക്ഷിണേന്ത്യയില്‍ അതിവേഗം വളരുന്ന വ്യവസായമേഖലയാണ് കോയമ്പത്തൂര്‍. അവിടെ പുതിയ സംരംഭകരില്‍ 60 ശതമാനവും മലയാളികളാണ്. മലയാളികള്‍ ജന്മനാട്ടില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാതെ എന്തുകൊണ്ട് അന്യസംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നു എന്ന ചോദ്യം പരക്കെ ഉയരാറുണ്ട്. കേരളത്തിന്റെ പ്രതികൂല മനോഭാവമാണ് അതിനുത്തരം. പുതിയ സംരംഭങ്ങള്‍ക്കായി ആരെങ്കിലും മുതിര്‍ന്നാല്‍ അവര്‍ക്ക് ദുഃഖകരമായ അനുഭവമാണ് എല്ലാ രംഗത്തുമുള്ളത്. സര്‍ക്കാര്‍തലത്തില്‍ വ്യവസായങ്ങള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കാന്‍ ഏകജാലകമെന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
ഏകജാലകമെന്നല്ല, ഒരു ജാലകവും സംരംഭകര്‍ക്കായി തുറക്കാറില്ല എന്നതാണ് ഒന്നാമത്തെ തടസ്സം. ലൈസന്‍സുകള്‍ക്ക് അപേക്ഷിച്ചാല്‍ അതോടെ അപേക്ഷകന്റെ അസ്ഥിവാരം തോണ്ടാന്‍ തുടങ്ങും. ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്‌ട്രീയക്കാരും പരിസ്ഥിതിക്കാരും മാത്രമല്ല, തദ്ദേശ വാദവുമെല്ലാം തല പൊക്കും. പിന്നെ ജീവനും കൊണ്ടോടേണ്ട ഗതിയിലാകും സംരംഭകന്‍. പാര്‍ട്ടികളും പോലീസുമൊന്നും സഹായിക്കാനെത്തുകയില്ല. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുനലൂരിലെ സുഗതന്‍.
വര്‍ഷങ്ങളായി ദുബായി വര്‍ക് ഷോപ്പ് ജോലിയില്‍ മുഴുകിയ സുഗതന്‍ ജന്മനാട്ടില്‍ തിരിച്ചെത്തി വര്‍ക് ഷോപ്പ് നടത്താനൊരുങ്ങി. സ്ഥലം കണ്ടെത്തി ഷെഡ് കെട്ടിപ്പൊക്കിയപ്പോള്‍, നിലമാണ് പണിപറ്റില്ലെന്ന നിലപാടുമായെത്തിയത് കേരള ഭരണത്തില്‍ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ്. വര്‍ഷങ്ങളായി തരിശായിട്ട ഭൂമിയില്‍ മറ്റെന്തെങ്കിലും ചെയ്യാനുള്ള പദ്ധതിയൊന്നും ആ ചെറുപ്പക്കാര്‍ക്കുണ്ടായിരുന്നില്ല. വെറുതെ കിടന്നാലും വേണ്ടില്ല മറ്റൊന്നും ചെയ്യാന്‍ പറ്റില്ല എന്നതാണ് അവരുടെ നിലപാട്. പ്രതിഷേധസൂചകമായി കൊടിയും നാട്ടി. കൊടി നാട്ടിയാല്‍ പിന്നെ അതിനപ്പുറം ഒന്നുമില്ലെന്നാണ് കേരളത്തില്‍ കാലങ്ങളായുള്ള അലിഖിത നിയമം.
ഭരണകക്ഷിയാണെങ്കില്‍ പിന്നെ പറയാനില്ലല്ലൊ. വിദേശത്തായിരുന്ന സുഗതന് പിടിപാടൊന്നുമില്ലാത്തതിനാല്‍ പാര്‍ട്ടിക്കാരുടെ പിറകെ പോകാനൊന്നും സാധിച്ചില്ല. വിയര്‍പ്പും ചോരയുമൊഴുക്കി മണലാരണ്യത്തില്‍ പണിയെടുത്ത് നേടിയ കാശ് നഷ്ടപ്പെട്ടതില്‍ സങ്കടപ്പെട്ട സുഗതന്‍ താന്‍ സ്വപ്‌നം കണ്ട പദ്ധതിപ്രദേശത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കി. സുഗതന്റെ ആത്മഹത്യ കേരളത്തിന്റെ മനഃസാക്ഷിയെ തട്ടിയുണര്‍ത്തിയെന്നാണ് ജനങ്ങള്‍ ധരിച്ചത്. പക്ഷേ തങ്ങള്‍ ചെയ്തത് ശരിയെന്ന മട്ടിലാണ് സിപിഐയുടെ യുവജനവിഭാഗം ധരിക്കുന്നത്. കൊടികുത്തി ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ആത്മഹത്യക്ക് സുഗതനെ പ്രേരിപ്പിച്ചതിന് അറസ്റ്റിലായവര്‍ക്ക് വീരോചിത സ്വീകരണം നല്‍കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
സംരംഭകരെ തുരത്താന്‍ കൊടികുത്തല്‍ സമരം അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കേരളം പ്രതീക്ഷയോടെയാണ് കേട്ടത്. ഇനി സംരംഭകരുടെ വസന്തകാലമെന്നു കരുതിയപ്പോഴാണ് കോഴിക്കോടുനിന്ന് മറ്റൊരു വാര്‍ത്ത വന്നത്. കോഴിക്കോട് പുതുപ്പാടിയില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരുടെ വകയാണ് കൊടികുത്തല്‍ സമരം തുടരുന്നത്. അതിര്‍ത്തിതര്‍ക്കം ചൂണ്ടിക്കാട്ടി ഫാക്ടറി കവാടത്തില്‍ കൊടികുത്തിയതിനെതുടര്‍ന്ന് ലാറ്റക്‌സ് ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഭരണം നയിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവിലയാണ് അണികള്‍ നല്‍കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. അക്രമരാഷ്‌ട്രീയം സര്‍ക്കാരിന്റെ നയമല്ലെന്നും സംയമനം പാലിക്കണമെന്നുമൊക്കെയുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ അവഗണിക്കുന്നതുപോലെയാണ് വ്യവസായ മേഖലയിലും കാണുന്നത്. ഏറെ സാദ്ധ്യതയുള്ള കേരളത്തിന്റെ വ്യവസായ മേഖല ശവപ്പറമ്പായതില്‍ കേരളത്തിന്റെ ഇടത് തൊഴില്‍ സംസ്‌കാരത്തിന്റെ പങ്ക് നിസ്സാരമല്ല. അതിന് ഒരു മാറ്റവും വന്നില്ലെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.
കൊടികുത്തല്‍പോലെതന്നെ അപകടകരമാണ് നോക്കുകൂലി. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന പ്രവണത അധാര്‍മ്മികമാണ്. പുനലൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ഒന്നുമുതല്‍ നോക്കുകൂലി മുക്ത സംസ്ഥാനമാകും കേരളമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര തൊഴില്‍ സംഘടനകള്‍ ഇതിന് സമ്മതിച്ചതായാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ തീരുമാനം എന്താകുമെന്ന് കണ്ടറിയണം. കേരളത്തില്‍ തൊഴില്‍മേഖലയിലെ ദുഷ്പ്രവണതകള്‍ക്ക് അന്ത്യം കാണാത്തിടത്തോളം, വികസനം വിദൂരസ്വപ്‌നമാകുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: