Categories: Football

ഐഎസ്എൽ: ചെന്നൈയിൻ-ഗോവ, രണ്ടാം പാദ സെമി ഇന്ന്

Published by

ചെന്നൈ: ഐഎസ്എല്‍ നാലാം പതിപ്പിന്റെ കലാശക്കളിയില്‍ ബെംഗളൂരുവിനെ നേരിടാന്‍ എത്തുക ചെന്നൈയിന്‍ എഫ്‌സിയോ, എഫ്‌സി ഗോവയോ എന്ന് ഇന്നറിയാം. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി പോരാട്ടം ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കും.

ഗോവയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഒരു എവേ ഗോളിന്റെ ആനുകൂല്യം ചെന്നൈയിനുള്ളതിനാല്‍ ഇന്ന് ഗോള്‍രഹിത സമനില മതി അവര്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടാന്‍. അതേസമയം ഗോവക്ക് ജയിക്കുകയോ രണ്ട് ഗോളെങ്കിലും എതിര്‍ തട്ടകത്തില്‍ നേടുകയോ വേണം. മറിച്ച് 1-1 ആയാല്‍ കളി അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീളും.

തുല്യശക്തികളുടെ പോരാട്ടമായിരിക്കും ഇന്ന്. എങ്കിലും ഒരു എവേ ഗോളിന്റെ ആനുകൂല്യം ചെന്നൈയിനുണ്ടെന്ന് കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു. എന്നാല്‍ അവര്‍ ഗോളടിച്ചാല്‍ എല്ലാ കണക്കു കൂട്ടലുകളും തെറ്റും. ഗോവയുടെ കളിക്കാരില്‍ സൂക്ഷിക്കേണ്ടവര്‍ ആരൊക്കെയാണ് ഞങ്ങള്‍ക്കറിയാം. വിചാരിച്ച രീതിയില്‍ കളി നീങ്ങിയില്ലെങ്കില്‍ ഒരു പെനാള്‍ട്ടി ഷൂട്ടൗട്ടാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രിഗറി പറഞ്ഞു. 

ചെന്നൈയിന്‍ എഫ്‌സിയുടെ പ്രതിരോധം ശക്തമാണ്. നാലു പേരില്‍ മൂന്നും വിദേശ കളിക്കാര്‍. മൂന്നു വിദേശ കളിക്കാരുമായി പ്രതിരോധം തീര്‍ത്ത ഏക ടീമാണ് ചെന്നൈ. അത് തകര്‍ക്കുക എന്നത് എളുപ്പമാവില്ല. ഗോവയുടെ മുന്നേറ്റക്കാരായ കോറോ, ലാന്‍സറോട്ടെ എന്നിവര്‍ക്ക് ഏറെ തലവേദന ഇവര്‍ സൃഷ്ടിക്കും.   ഒരു സസ്‌പെന്‍ഷന് ശേഷം ഗോള്‍കീപ്പര്‍ നവീന്‍ കുമാര്‍ തിരിച്ചെത്തി എന്നത് ഗോവയ്‌ക്ക് ആശ്വാസം പകരുന്നുണ്ട്. എന്തായാലും ചെന്നൈയിന്‍ പ്രതിരോധവും ഗോവ മുന്നേറ്റവും തമ്മിലായിരിക്കും പ്രധാന പോരാട്ടം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by