ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്സണലിനും ടോട്ടനത്തിനും മിന്നുന്ന ജയം. ആഴ്സണല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡിനെ തകര്‍ത്തപ്പോള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടനം ബേണിമൗത്തിനെ കെട്ടുകെട്ടിച്ചു. വിജയത്തോടെ ടോട്ടനം 30 കളികളില്‍ നിന്ന് 61 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ആഴ്സണല്‍ 48 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുകയാണ്.
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ വാറ്റ്ഫോര്‍ഡിനെതിരെ ആഴ്സണലിന്റെ ആധിപത്യമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ എതിരാളികളേക്കാള്‍ മുന്നിട്ടുനിന്നു. കളിയുടെ തുടക്കത്തില്‍ തന്നെ അബൗമായേങിന്റെ ഷോട്ട് വാറ്റ്ഫോര്‍ഡ് ഗോളി രക്ഷപ്പെടുത്തി. ആറ് മിനിറ്റിനുശേഷം ഗണ്ണേഴ്സ് ലീഡ് നേടി. മെസ്യൂട്ട് ഓസിലിന്റെ ക്രോസ് ഷ്കോഡ്രാന് മുസ്താഫി ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ പിറന്നില്ല.
പിന്നീട് 59-ാം മിനിറ്റില്‍ അബൗമായേങ്ങിലൂടെ ആഴ്സണല്‍ ലീഡ് ഉയര്‍ത്തി. തൊട്ടുപിന്നാലെ വാറ്റ്ഫോര്‍ഡിന് ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ട്രോയ് ഡീനെയുടെ ഷോട്ട് ആഴ്സണല്‍ ഗോളി രക്ഷപ്പെടുത്തി. അതിനുശേഷം 87-ാം മിനിറ്റില്‍ ഹെന്റിക് മഖിതര്യാനും ലക്ഷ്യം കണ്ടതോടെ ആഴ്സണലിന്റെ ഗോള്‍പട്ടിക പൂര്‍ണ്ണമായി.
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബേണിമൗത്തിനെതിരെ ടോട്ടനത്തിന്റെ വിജയം. സണ്‍ ഹ്യുങ് മിന്നിന്റെ ഇരട്ട ഗോളാണ് ടോട്ടനത്തിന് ജയം സമ്മാനിച്ചത്. കളിയുടെ 7-ാം മിനിറ്റില്‍ സ്റ്റാനിസ്ലാസിലൂടെ ബേണിമൗത്ത് ലീഡ് നേടി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ടോട്ടനം 35-ാം മിനിറ്റില്‍ ഡെലെ അലിയിലൂടെ സമനില നേടി. ഇതോടെ ആദ്യപകുതി 1-1ന് സമനില. ഇതിന് തൊട്ടുമുന്പ്സൂപ്പര്താരം ഹാരി കെയ്ന്‍ പരിക്കേറ്റ് കളം വിട്ടു. എറിക് ലമേലയാണ് കെയ്ന്‍ പകരം ഇറങ്ങിയത്.
അതിനുശേഷം 62-ാം മിനിറ്റിലാണ് കളിയിലെ അടുത്ത ഗോള്‍ പിറന്നത്. ഡെലെ അലിയുടെ പാസില്‍ നിന്ന് സണ്‍ ഹ്യുങ് മിന് ആണ് ലക്ഷ്യം കണ്ടത്. 87-ാം മിനിറ്റില്‍ വീണ്ടും സണ്‍ ഹ്യുങ് മിന് ഗോള്‍ നേടിയതോടെ ടോട്ടനം 3-1ന് മുന്നില്‍. പിന്നീട് പരിക്ക് സമയത്ത് സെര്‍ജി അരിയറും ഗോള്‍ നേടിയപ്പോള്‍ ടോട്ടനത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: