ചിലിയന്‍ നോവലിസ്റ്റായ റോബര്‍ട്ടോ ബൊളാനോയുടെ കഥ ക്ളാര തുടങ്ങുന്നത് ഇങ്ങനെ,അവള്‍ക്ക് വലിയ മാറിടങ്ങളും ചെറിയ കാലുകളും പിന്നെ നീലക്കണ്ണുകളുമായിരുന്നു.കഥ അവസാനിക്കുന്നത് സ്വപ്ന സദൃശമായൊരു വിതാനത്തിലും.വസ്തുതകളെ നേരില്‍ കാണുംമാതിരി അത് അപ്പാടെ എടുത്തുവെച്ചവിധമാണ് അവസാനം വരെയുള്ള കഥനരീതി.സാഹിത്യപരമായ വാക്കുകളുടെ ടണ്ണേജുകളോ ഭാഷയുടെ കനംതൂങ്ങുന്ന ആഡംബരങ്ങളോ ഇല്ലാതെ നേരാം വണ്ണം എഴുതിയ കഥ.തകഴി,ഉറൂബ്,കാരൂര്‍ എന്നീ പഴയ കഥാകൃത്തുക്കളുടേയും ടി.പത്നാഭനെപ്പോലുള്ള രചയിതാക്കളുടേയും പോലുള്ള ദുരൂഹതകളുടെ കുണ്ടനിടവഴിയില്ലാത്ത നേര്‍പാതകളുടെ രചനാ രീതിയാണ് ക്ളാരയുടേതും.
ഹൈസ്കൂള്‍ കഴിഞ്ഞ് സംഗീതവും പെയിന്റിങുമൊക്കെ പഠിക്കുന്ന പതിനാറാം വയസ്സിലാണ് ആഖ്യാതാവ് ഭ്രാന്തമായ പ്രണയത്തിലൂടെ ക്ളാരയിലേക്കു വീഴുന്നത്.അവള്‍ക്കപ്പോള്‍ ഫോട്ടോഗ്രാഫിയും ഇഷ്ടമായിരുന്നു.ചിലിയിലും ബാഴ്സലോണയിലുമായാണ് കഥ നടക്കുന്നത്.കൊയ്ന് ബോക്സ് ഫോണിലൂടെയാണ് അയാള്‍ അവളെ വിളിക്കുന്നത്്.തമ്മില്‍ കാണുകയും ഒരുമിച്ചു റസ്റ്റോറന്റിലിരിക്കുകയും ഒന്നിച്ചു കഴിയുന്നുമുണ്ട്.
മുപ്പത്തെട്ടു വയസ്സുവരെയുള്ള ക്്ളാരയുടെ ജീവിതമാണ് കഥയുടെ പ്രായം.ഇതിനിടയില്‍ നാലഞ്ചുപേര് അവളിലൂടെ കടന്നുപോകുന്നു.അപ്പോഴും ആഖ്യാതാവ് സ്ഥായിയായിരുന്നു.അവസാനംവരെ അയാളുണ്ട്്.പ്രണയമോ കാമമോ തോന്നിയതിനാലാവാം ചങ്ങാത്തം കൂടിയവര്‍ അവളോടൊപ്പം നിന്നത്.എന്നാല്‍ ഒരാള്‍ അവളോട് അധികം അടുത്തിരുന്നു.അവളുമായി വഴക്കടിച്ചാണ് അയാള്‍ അവസാനം ഇറങ്ങിപ്പോയത്. അയാള്‍ മര്‍ദിച്ച് ക്ളാരയുടെ താടിയെല്ലിനു പരിക്കുണ്ടാക്കിയിരുന്നു. വിവാഹ മോചിതനായ പാകൊ ആണ്് അവസാനം അവളുടെ ജീവിതത്തിലേക്കു കൂടുതലായി കേറിപ്പറ്റുന്നത്.അപ്പോള്‍ ക്ളാരയ്ക്കു മുപ്പത്തഞ്ചു വയസ്സായിരുന്നു.തന്റെ താല്പര്യങ്ങളോട് കമ്പമുള്ള ഒരാളാണ് പാകൊ എന്നവള്‍ വിചാരിച്ചിരുന്നു.എന്നാല്‍ അതിനെക്കാള്‍ ഉപരിയായി തനിക്കൊരു കുട്ടിവേണമെന്ന് അയാള്‍ ആഗ്രഹിച്ചു.അവര്‍ക്കൊരു കുട്ടിയുണ്ടായി.അപ്പോഴും ക്ളാര സംഗീതവും പെയിന്റിംങുമൊക്കെ പഠിക്കാന്‍ പോകുന്നുണ്ടായിരുന്നു.
തന്റെ സ്വപ്നങ്ങളില്‍ മുയലുകള്‍ ഓടിനടക്കുന്നതായി ക്ളാര പലപ്പോഴും കണ്ടിരുന്നു.ഇടയ്ക്ക് തനിക്കു ക്യാന്‍സറാണെന്നും അവള് ആഖ്യാതാവിനോട് പറഞ്ഞിരുന്നു.അങ്ങനെയൊരു രോഗത്തിന്റെ ലാഞ്ഛനപോലുമില്ലെന്നും അത് അവളുടെ വെറും വിചാരമാണെന്നും ഡോക്ടറുടെ പരിശോധനയില്‍ വ്യക്തമായി.നിങ്ങളെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ലല്ലോയെന്ന് ഒരിക്കല്‍ അവള് അയാളോടു ചോദിച്ചു.അയാളാകട്ടെ പ്രത്യേകിച്ചൊന്നും പറഞ്ഞതുമില്ല.ഒരിക്കള്‍ അയാള്‍ വിളിച്ചപ്പോള്‍ ഫോണെടുത്തത് ക്ളാരയുടെ അപ്പാര്‍ട്ടുമെന്റിലെ ഒരു സ്ത്രീയായിരുന്നു.അവരാണ് ആ സത്യം പറഞ്ഞത്,ക്ളാരയ്ക്കു ക്യാന്‍സറാണ്.പാകൊയും മകനും ക്ളാരയുടെ രോഗത്തില്‍ ഖിന്നരായിരുന്നു.തന്നെയോര്‍ത്ത് എല്ലാവരും അസ്വസ്ഥരാണെന്നാണ് പക്ഷേ,ക്്ളാര പറഞ്ഞത്.
ഓപ്പറേഷന്റെ നാളുകളില്‍ ക്ളാരയെ കാണാതാകുന്നു.അവള് എവിടെയെന്ന്് ആര്‍ക്കും അറിയില്ല.പാകൊ വിചാരിച്ചത് ആഖ്യാതാവിനോടൊപ്പം ആയിരിക്കുമെന്നാണ്.ഒരു രാത്രി അയാള്‍ സുന്ദരിയായൊരു സ്ത്രീയെ സ്വപ്നം കണ്ടു.ഉയരമുളള,മെലിഞ്ഞ,ചെറിയ മാറുള്ള,നീണ്ട കാലുകളും ആഴത്തില്‍ ബ്രൗണ്‍ നിറ കണ്ണുകളുമുള്ള അവള് പക്ഷേ,ഒരിക്കലും ക്ളാരയായിരുന്നില്ലെന്ന് ആഖ്യാതാവ്.
ഭാവനയുടെ ഏച്ചുകെട്ടില്ലാതെ നേരേചൊവ്വേ സത്യസന്ധമായി ഒരു കഥ പറഞ്ഞുവെന്നാണ് ക്ളാര വായിച്ചു തീരുമ്പോള്‍ പൊതുവെ തോന്നുക.പക്ഷേ കഥ മനസ്സില്‍ക്കിടന്ന് സ്വാസ്ഥ്യമല്ലാത്തൊരു പെരുപ്പു തുടങ്ങിക്കഴിയുമ്പോഴാണ് അത്തരം അലസമായ പൊതു തോന്നലുകള്‍ക്കു മീതെ മൗനത്തിന്റെ എടുപ്പുകള്‍ ജാഗ്രതയോടെ തിരുകിവെച്ച നിലാവിന്റെ സൗന്ദര്യമുളള ഒരു കടലാരവം കഥയില്‍ ഉയരുന്നു വരുന്നതായി കേള്‍ക്കുന്നത്. ഒന്നിലധികം പുരുഷന്മാര് ഒരു സ്ത്രീയുടെ ജീവിതത്തില്‍ കടന്നുവരുന്നത് ചിലി,സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലെ സാമൂഹ്യാവസ്ഥയിലോ വ്യക്തി ജീവിതത്തിലോ അസാധാരണമായിരിക്കണമെന്നില്ല.മുപ്പത്തെട്ടു വയസ്സിനിടയിലാണ് ക്ളാരയില്‍ ഒരുപിടി പുരുഷന്മാര് ചേക്കേറുന്നത്.പല രീതിയിലുള്ളവര്‍ വിവിധ കാലങ്ങളില്‍ വന്നുപോകുന്നു.എന്നാല്‍ ഇതിനെക്കുറിച്ച്,ഒരുകാരണമോ വിശദീകരണമോ ആകുന്ന ഒരു വാക്കുപോലും ബോളേനോ പറയുന്നില്ല.വരുന്നു പോകുന്നു എന്നുമാത്രം.പക്ഷേ വായനക്കാരന്റെ മനസ്സുലയ്ക്കുംവിധം ചിന്തയില്‍ കടന്നല്ക്കൂടിളകുംമാതിരി മര്‍മ പ്രധാനമായൊരു നിലപാട് ക്ളാര എടുക്കുന്നതായി എഴുത്തുകാരന് പറയുന്നുണ്ട്.ഓരോ പുരുഷനും ജീവിതത്തില്‍നിന്നും ഇറങ്ങിപ്പോകുമ്പോഴും ക്ളാര പണ്ടത്തെപ്പോലെ സംഗീതം പഠിക്കാനും പെയിന്റിംഗിനും പോകുകയാണ്.ഓരോ ഇറങ്ങിപ്പോക്കിനുശേഷം അവളുടെ ഇത്തരം പഠനത്തെക്കുറിച്ചു പറയാന്‍ എഴുത്തുകാരന് മറക്കുന്നില്ല.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തന്നില്‍ നിന്നുള്ള പുരുഷന്മാരുടെ ഇറങ്ങിപ്പോക്ക്് ക്ളാരയ്ക്ക്് വേദനയോ നഷ്ടബോധമോ അസ്തിത്വഭ്രംശമോ ഒന്നും ഉണ്ടാക്കുന്നില്ല.അത്തരം സൂചനകള്‍ നല്കുന്ന ഒരുവാക്കുപോലും ബൊളേനോ എഴുതുന്നില്ല.ഇതു ക്ളാരയുടെ വലിയ അതിജീവനത്തെയാണ് കാണിക്കുന്നത്.ഈ അതിജീവനമാണ് സൂക്ഷ്്മ വായനയില്‍ കഥയ്ക്ക് മിഴാവിന്റെ മുഴക്കം നല്‍കുന്നത്. യുദ്ധവും പിടിച്ചടക്കലും ആഭ്യന്തയുദ്ധവുമൊക്കയായി മനുഷ്യജീവിതം ഭൃംശീകരിക്കപ്പെട്ട ചിലിയിലും സ്്പെയിനിലുമൊക്കെ അതിജീവനം സ്വാഭാവികമായിത്തീരുകയായിരുന്നു.പക്ഷേ അവള്‍ക്കാകട്ടെ ആരോടും പകയോ ദേഷ്യമോ പരിഭവംപോലുമോ ഇല്ല.ഒരു സമാധാന പ്രേമിയല്ല ബോളോനോ എങ്കിലും അതിജീവനത്തെ അശക്തമാക്കുന്നതൊന്നും പാടില്ലെന്ന പ്രസാദാത്മകമായ ചിന്ത അദ്ദേഹത്തെ ഭരിക്കുകയാണ്.തന്നെക്കുറിച്ച് ആള്ക്കാര് ഖിന്നരാണെന്ന്് ക്്ളാര പറയുന്നുണ്ട്്. ആശങ്കപ്പെടാന്മാത്രം തനിക്കൊന്നുമില്ലെന്നാവണം അവള് കരുതുന്നത്.ക്യാന്സര്രോഗംപോലും ഒരു രോഗമാണോയെന്ന് അതിജീവനത്തിന്റെ ഭാഷയില്‍ അവള് അതിനെ നിസാരവല്‍ക്കരിക്കുന്നതായി ബോധ്യപ്പെടുന്നുണ്ട്.
ലാറ്റിനമേരിക്കന്‍ എഴുത്തുകാരില്‍ ഏറെപ്പേരും അതിജീവനത്തിന്റെ പകര്‍ത്തിയെഴുത്തുകാരാണ്.പലവിധ ധ്വംസനം അനുഭവിച്ച് ചിതറിയ വ്യക്തിത്വമുള്ള തന്റെ തലമുറയില്‍പ്പെട്ട എഴുത്തുകാരെ സംഘടിപ്പിച്ച് റാഡിക്കലായി ചിന്തിക്കാനും എഴുതാനും പ്രകോപനപരമായി പ്രചോദിപ്പിക്കുകയായിരുന്നു റോബര്‍ട്ടോ ബൊളേനോ.അതിജീവനത്തിന് അദ്ദേഹംകണ്ട വഴി അതായിരുന്നു.മനുഷ്യന്റെ ജീവിതം കുന്നിന് മുകളില്‍നിന്നും തലകീഴായി തൂങ്ങിക്കിടക്കുന്നപോലെയാണെന്ന് ഒരു കൃതിയില്‍ ബൊളേനോ എഴുതുന്നത് അതിജീവനത്തിന്റെ രൂപകമായി കാണാവുന്നതാണ്.
ആന്തരികമായും ബാഹ്യമായും ഒരെഴുത്തുകാരന് ഇരട്ട ജീവിതം നയിക്കുമ്പോള്‍ അതിജീവനത്തിന്റെ ഒറ്റ ഭാഷകൊണ്ട് ഇരട്ട ജീവിതം ഒന്നാക്കിമാറ്റിയ എഴുത്തുകാരനാണ് ബൊളേനോ.എഴുത്തില്‍ പറയുന്ന അതിജീവനം ജീവിതത്തിലും പകര്‍ത്തുകയായിരുന്നു അദ്ദേഹം.കവിതകള്‍ ആദ്യം എഴുതിയിരുന്നെങ്കിലും കുടുംബനാഥനായും മക്കളുടെ ഉത്തരവാദിത്തമുള്ള പിതാവായും മാറിക്കൊണ്ട് വരുമാനം വര്‍ധിപ്പിക്കാനായി പിന്നീട് നോവലും മറ്റും എഴുതുകയായിരുന്നു.മെക്സിക്കന്‍ സാഹിത്യത്തിലെ ഇതിഹാസമായി മാറിക്കൊണ്ടിരിക്കുന്ന വോള്‍പി പറയുന്നത് ലാറ്റിനമേരിക്കയിലെ അവസാന എഴുത്തുകാരനാണ് ബോളോനോ എന്നാണ്.മാജിക്കല്‍ റിയലിസത്തിന്റെ ഇന്ദ്രജാലപ്പകിട്ട് കുറഞ്ഞു വരുന്ന ഇക്കാലത്ത് മാര്‍കേസ് പ്രഭാവത്തിനുമേല്‍ അതിജീവനത്തിന്റെ പേരില്‍ തന്നെ പ്രകാശം പരത്തുന്നത് റോബര്‍ട്ടോ ബോളേനോ എന്ന നക്ഷത്രമാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: