കോളേജ് പഠനകാലത്ത് ക്രിക്കറ്റ് കിറുക്കന്മാരുടെ കളിയാണ് എന്നായിരുന്നു എന്റെ അഭിപ്രായം. മറ്റു കളികളൊക്കെ വെയിലാറിയ നേരത്ത് സന്ധ്യക്ക് മുമ്പ് അരങ്ങേറുമ്പോള്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാലര വരെ പൊരിവെയിലത്തു പാഞ്ഞുകളിക്കുന്നവര് കിറുക്കന്മാരല്ലെങ്കില് പിന്നെ ആരാണെന്നായിരുന്നു അന്നത്തെ യുക്തി. ഇംഗ്ലണ്ടിലെ തണുപ്പു കാലാവസ്ഥയില്‍ മറ്റു പണികളൊന്നും ചെയ്യാനില്ലാത്ത രാജകുമാരന്മാര്ക്കും, പ്രഭുകുമാരന്മാര്ക്കും മാടമ്പിപ്പിള്ളേര്ക്കും ശീതം കുറയ്ക്കാന്‍ രാവിലെ മുതല്‍ ഇളവെയില് കൊണ്ട് ഓടിക്കളിക്കാന്‍ പറ്റിയ കളിയെന്നാണ് എന്നെപ്പോലുളള നാട്ടിന്പുറത്തുകാര് വിചാരിച്ചത്. എംജി കോളേജിലെ പുതിയതായി നിര്‍മ്മിച്ച പിച്ചില്‍ ചില പ്രൊഫസര്‍മാരും മുതിര്‍ന്ന വിദ്യാര്‍ത്ഥികളും പരിശീലനം ചെയ്യുന്നതാണ് ആദ്യം കണ്ട കളി. ഇംഗ്ലീഷ് പത്രങ്ങളില്‍ വന്നിരുന്ന അന്താരാഷ്ട്ര മത്സരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ച് ഒന്നും മനസ്സിലാകാതെ ‘മിഴുങ്ങസ്യ’ എന്ന് ഞങ്ങളില്‍ ചിലര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ തന്നെ സഹപാഠി നാരായണന് കോളേജ് ടീമംഗമായി. ഇന്ന് യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിരിക്കുന്നിടത്തുണ്ടായിരുന്ന ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിത്യവും പ്രാക്ടീസ് ചെയ്യുകയും പതിവായിരുന്നു. അതു കാണാനും പോയി ഒരെത്തും പിടിയുമില്ലാതെ മടങ്ങുമായിരുന്നു. അയാളെ ശാഖയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ ചടങ്ങ്. ബ്രില്‍ക്രീമിന്റെയും സെവന് ഓ ക്ലോക്ക് ബ്ലേഡിന്റെയും പരസ്യത്തില്‍ ചില ക്രിക്കറ്റ് താരങ്ങളുടെ പടം കണ്ടപ്പോള്‍ ‘ഇതെന്ത് പിരാന്ത്?’ എന്നത്ഭുതം കൂറി.
എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കകം സംഘപ്രചാരകനായി തലശ്ശേരിയില്‍ എത്തി ഏതാനും മാസങ്ങള്‍ക്കകംതന്നെ കാഴ്ചപ്പാട് മാറി. തലശ്ശേരിയില്‍ എവിടെ നോക്കിയാലും ക്രിക്കറ്റ് കളിക്കുന്ന കുട്ടികളേയുണ്ടായിരുന്നുള്ളൂ. പത്തു ചുവടുവയ്ക്കാനുള്ള തെളിഞ്ഞ സ്ഥലം കണ്ടാല്‍ ഒരു തെങ്ങിന്‍മടലും ടെന്നീസ് ബോളുമായി അവിടെ പിച്ചുനിര്മ്മിച്ച് കുട്ടികള്‍ കളിക്കുന്നത് കാണാം. അതിന് ആണ്‍പെണ്‍ ഭേദവുമില്ലായിരുന്നു. ക്രിക്കറ്റ് സാധാരണക്കാരിലേക്ക് ഇത്രത്തോളം ഇറങ്ങിച്ചെന്ന ഒരു നാട് വേറെയുണ്ടാവില്ല, ഇംഗ്ലണ്ടില്‍പ്പോലും. ഇന്ന് സ്റ്റേഡിയം ഇരിക്കുന്ന കോട്ട മൈതാനത്ത് 18-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ആര്‍തര്‍ വെല്ലസ്ലിയും കൂട്ടരും ക്രിക്കറ്റ് കളിച്ചിരുന്നത്രെ. തലശ്ശേരിയിലാണ് ഇന്ത്യയില്‍തന്നെ ആദ്യം ക്രിക്കറ്റ് വന്നതെന്നും പണ്ട് ‘മുര്‍ക്കോത്ത് കുഞ്ഞപ്പ’ ഒരു ലേഖനത്തില്‍ എഴുതിയതോര്‍ക്കുന്നു. ‘വാട്ടര്‍ലൂ യുദ്ധം ജയിച്ചത് ഈറ്റണിലെ ക്രിക്കറ്റ് മൈതാനത്ത്’ എന്ന പ്രസിദ്ധമായ വാചകം പില്ക്കാലത്ത് വെല്ലിങ്ടണ്‍ പ്രഭുവായിത്തീര്‍ന്ന ആര്‍തര്‍ വെല്ലസ്ലിയുടേതായിരുന്നു.
തലശ്ശേരിയിലെ ജീവിത കാലത്ത് പതിവായി പോകാറുണ്ടായിരുന്ന വീട് ഇന്നവിടത്തെ വിഭാഗ് സംഘചാലക് ചന്ദ്രേട്ടന്റെ കൊളക്കോട് തറവാടായിരുന്നു. ചന്ദ്രേട്ടനും സഹോദരന്മാരും നിഷ്ഠവാന്മാരായ സംഘകാര്യകര്‍ത്താക്കളായിരുന്നു. അതുപോലെ സമര്‍ഥരായ ക്രിക്കറ്റ് കളിക്കാരും. ആ കളിയുടെ ഉള്ളുകള്ളികള്‍ അവരില്‍നിന്നായിരുന്നു മനസ്സിലാക്കിയത്. എല്ലാവരും കോളേജിനും സ്കൂളിനും വേണ്ടി കളിക്കുന്നവരായിരുന്നു. ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിച്ചാല്‍ റേഡിയോ തുറന്നുവച്ച് റണ്ണിംഗ് കമന്ററി കേള്‍ക്കുന്നത് എല്ലാവരുടെയും ശീലമായിരുന്നു. കടലാസില്‍ സ്കോര്‍ ബോര്‍ഡ് വരച്ച് അത് അപ്ഡേറ്റ് ചെയ്ത് എത്രനേരം വേണമെങ്കിലും അവര്‍ ഇരിക്കുമായിരുന്നു. അവരില്‍നിന്നാണ് കേരളത്തിലെ ക്രിക്കറ്റിനെപ്പറ്റിയും കളിക്കാരെപ്പറ്റിയുമൊക്കെ മനസ്സിലാക്കിയത്. അക്കൂട്ടത്തില്‍ ഏറ്റവും പരാമര്‍ശിക്കപ്പെട്ട രണ്ടുപേരുകള്‍ രവിയച്ചന്റേയും ബാലന് പണ്ഡിറ്റിന്റേതുമായിരുന്നു. ഇന്ത്യയിലെ ഏതു കളിക്കാരനും ഒപ്പം നില്ക്കാന് ശേഷി അവര്‍ക്കുണ്ടെന്നും കേരളത്തില്‍ ക്രിക്കറ്റിന് ഔദ്യോഗിക പ്രോത്സാഹനമില്ലായ്കയാല് അവഗണിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
ചന്ദ്രേട്ടന് തമിഴ്നാട്ടില്‍നിന്ന് കണ്ണൂര്‍ സ്റ്റേഷനിലേക്ക് സ്ഥലംമാറിയെത്തിയപ്പോള്‍ കളിയില്‍ കൂടുതല്‍ താല്‍പര്യമെടുത്തുവന്നു. കണ്ണൂര്‍ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയാണ് കളിച്ചത്. അതിന്റെ സെക്രട്ടറി ക്യാമ്പ് ബസാറില്‍ കാന്നന്നൂര്‍ ബേക്കറിയുടമയായിരുന്നു. ചന്ദ്രേട്ടന് ഒഴിവു സമയങ്ങളില്‍ അവിടെ കാണുമായിരുന്നു. സംഘകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവിടെയാണ് പോയിരുന്നത്. ഇടങ്കയ്യന്‍ ബൗളറും ബാറ്റ്സ്മാനും എന്നതായിരുന്നു ചന്ദ്രേട്ടന്റെ വിശേഷം. അവിടത്തെ സംഭാഷണത്തിലും രവിയച്ചനും ബാലന് പണ്ഡിറ്റും കടന്നുവന്നു.
രഞ്ജി ട്രോഫി മത്സരങ്ങളില്‍ കേരളത്തിന്റെ പ്രകടനം എന്നും മോശമായിരുന്നെങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ രവിയച്ചനും ബാലന് പണ്ഡിറ്റും ഉന്നതശേഷി പുലര്‍ത്തിയവരായിരുന്നു. തലശ്ശേരിയില്‍ രഞ്ജി മത്സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. 1962 ലോ 63 ലോ അവിടെ ആന്ധ്രക്കെതിരായ മത്സരം നടന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകരമായിരുന്നു. കേരളം ആ മത്സരം വിജയിച്ചത് അവര്‍ക്ക് ആഹ്ളാദകരമായി. അന്നത്തെ ശാഖയിലും അത് അവര്‍ മറച്ചുവച്ചില്ല. രവിയച്ചന്റെ മികച്ച ബൗളിംഗ്തന്നെയാണ് ആ വിജയത്തിന് കാരണമായത്.
രവിയച്ചന് നവതിയിലെത്തിയതില് തൃപ്പൂണിത്തുറയിലെ സുഹൃത്തുക്കളും സംഘബന്ധുക്കളും അഭിനന്ദന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുവെന്ന വാര്‍ത്ത വായിച്ചപ്പോഴാണ് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുന്നതിനും വളരെ മുമ്പത്തെ ഇക്കാര്യങ്ങളൊക്കെ വിസ്തരിച്ചത്. തികച്ചും അജ്ഞാതമായ ഒരു കളിയും അജ്ഞാതനായ കളിക്കാരനുമായിരുന്നു എനിക്കദ്ദേഹം. അടിയന്തരാവസ്ഥയ്ക്കുശേഷം ജന്മഭൂമി ആരംഭിച്ചപ്പോള്‍ തൃപ്പൂണിത്തുറയുമായി അടുപ്പമുണ്ടാകുകയും അവിടെയുണ്ടായിരുന്ന പത്രപ്രവര്ത്തകന് കേരളവര്‍മ്മയെ ജന്മഭൂമിയില് സഹായിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഏതു വിഷയത്തെപ്പറ്റിയും ഇരുന്നയിരുപ്പില്‍ കുറിക്കുകൊള്ളുന്ന വാക്കുകളില്‍ വിമര്‍ശനാത്മക ലേഖനമെഴുതാന്‍ കഴിവുള്ള കേരളവര്‍മ്മയില്‍ നിന്ന് രവിയച്ചനെപ്പറ്റി കൂടുതല്‍ അറിഞ്ഞു. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഏതു പരിപാടിയിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കണ്ടുതുടങ്ങി. സംഭാഷണചതുരന്‍, നാലും ആറും ആടും എന്നുപറഞ്ഞതുപോലെ സ്പോര്‍ട്സ് ആകട്ടെ, സാഹിത്യമാകട്ടെ, സംഗീതമാകട്ടെ, കഥകളിയാകട്ടെ, ആത്മീയ വിഷയങ്ങളാകട്ടെ എന്തിനെക്കുറിച്ചും ആധികാരികമായിത്തന്നെ ഒട്ടും ക്ലിഷ്ടതയില്ലാതെ സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് വേഗത്തില്‍ മനസ്സിലായി. ഇന്നത്തെ അഗസ്ത്യാശ്രമത്തിന്റെ ചികിത്സാലയം തൃപ്പൂണിത്തുറയിലായിരുന്ന കാലത്ത് അവിടെ ചികിത്സക്കായി ഭാസ്കര്‍റാവുജി കഴിയുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ പരമേശ്വര്ജിയുമൊത്തുപോയിരുന്നു. ആ സമയത്ത് രവിയച്ചനും അവിടെയെത്തി. ഭാസ്കര്‍ റാവുജി അധികം സംസാരിക്കാന്‍ അവസരമുണ്ടാക്കരുതെന്നായിരുന്നു വൈദ്യരുടെ നിര്‍ദ്ദേശം. രവിയച്ചനും പരമേശ്വര്‍ജിയും അതനുസരിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തെ നിശബ്ദനാക്കാന്‍ കഴിഞ്ഞില്ല.
പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവക്കാലമായിരുന്നു അത്. പരമേശ്വര്‍ജിയെയും കൂട്ടി ഞങ്ങള്‍ അമ്പലപ്പറമ്പിലെത്തി. അവിടെ പരിപാടിയൊന്നുമായിട്ടില്ല. ആനകള്‍ തിരുമുറ്റത്തുതന്നെ തീറ്റയെടുത്തു നില്ക്കുന്നു. ആനച്ചന്തത്തെപ്പറ്റി രവിയച്ചന്റെ വിവരണം രസകരമായി. ക്ഷേത്രത്തെയും ഉത്സവത്തെയും പറ്റിയുള്ള ഒട്ടേറെ വിവരങ്ങളും ഐതിഹ്യങ്ങളും അദ്ദേഹം ഞങ്ങള്‍ക്കു പറഞ്ഞുതന്നു.
വിശ്വഹിന്ദുപരിഷത്ത്, ബാലഗോകുലം, തപസ്യ മുതലായ പരിവാര്‍ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം കൊച്ചി മഹാനഗര്‍ സംഘചാലകനായി ഒരു വ്യാഴവട്ടത്തിലേറെ ചുമതല വഹിച്ചു. തൃപ്പൂണിത്തുറ ശാഖയുടെ ഒരു വിജയദശമി ഉത്സവത്തില്‍ സംസാരിക്കാന്‍ പോയതിന്റെ ഓര്‍മ്മ മങ്ങാതെ നില്ക്കുന്നു. അദ്ദേഹത്തിന്റെ താമസസ്ഥലത്താണാദ്യം പോയത്. അവിടെനിന്ന് ഹൈസ്കൂള്‍ മൈതാനത്തേക്ക് നടന്നു. നിറഞ്ഞ ുകവിഞ്ഞ മൈതാനം. സംഘചാലകനെന്ന നിലയ്ക്ക് രവിയച്ചന്റെ പ്രാരംഭവാക്കുകള്ക്കുശേഷമാണ് ഞാന്‍ സംസാരിക്കേണ്ടിയിരിക്കുന്നത്. ഏതാനും മിനിട്ട് കഴിഞ്ഞപ്പോഴേക്കും അതിഭയങ്കരമായ മഴക്കാര് ഉരുണ്ടുകൂടി നീങ്ങിത്തുടങ്ങി. നടുക്കം കൊള്ളിച്ച ഇടിമുഴക്കവും. കറന്റുപോയി ഉച്ചഭാഷിണി നിലച്ചു. മഴ പെയ്താലും നനയാന്‍ ഉറച്ചുതന്നെ എല്ലാവരും ഇരുന്നു. ഭാഗ്യംകൊണ്ടെന്നതുപോലെ ഏതാനും തുള്ളി മാത്രം പെയ്തു. മഴക്കാര് വഴിതിരിഞ്ഞുപോയി.
ബഹുമുഖ പ്രതിഭ എന്ന വിശേഷണത്തിന് തികച്ചും അര്‍ഹനായ രവിയച്ചനുമായി സംസാരിക്കുമ്പോള്‍ ഒരിക്കലും അതനുഭവപ്പെടില്ല. നമ്മോടൊപ്പം നമ്മേക്കാള്‍ അല്പം മുന്നില്‍ സഞ്ചരിക്കുന്ന അന്തസ്സുറ്റ ആളായേ തോന്നൂ. ക്രിക്കറ്റിന്റെ ഭാഷയില്‍ സെഞ്ചുറി തികച്ച് മുന്നോട്ടുപോകാന്‍ പൂര്ണത്രയീശന് കടാക്ഷിക്കട്ടെ എന്നുപ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: