തൃശ്ശൂര്‍ : കേരളത്തിന് ലഭിച്ച ആദ്യ സ്വകാര്യ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഒന്നാം വാര്‍ഷികവും 26-ാം സ്ഥാപകദിനവും വനിതാദിനാഘോഷവും പതിനൊന്നിന് ലുലു കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ കെ. പോള്‍ തോമസ് പറഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 200 പുതിയ ശാഖകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച സംസ്ഥാനത്തെ പ്രഥമ സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 100-ാമത് ശാഖ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും.
ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബാങ്കിന് ആറ് ലക്ഷം പുതിയ ഉപഭോക്താക്കളെയും 2200 കോടി രൂപയുടെ നിക്ഷേപവും 6200 കോടി രൂപയുടെ മൊത്തം ബിസിനസും നേടാനായി. 11 സംസ്ഥാനങ്ങളിലെ 100 ജില്ലകളിലായി ഇപ്പോള്‍ 400 ബാങ്കിംഗ് ഔട്ട്ലെറ്റുകളും 200 എ.ടി.എമ്മുകളും 20 ലക്ഷം ഉപഭോക്താക്കളുമുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മാസം 10 പുതിയ ശാഖകള്‍ വീതം ആരംഭിക്കാനായി. 16 ലക്ഷം പുതിയ വായ്പകള്‍ ഉള്‍പ്പടെ 4200 കോടി രൂപ വിതരണം ചെയ്തു. ബാങ്കിന്റെ വിപുലീകരണത്തിന്റെ ഭാഗമായി മൂലധനവര്ധനവിനുള്ള പദ്ധതിയും തയ്യാറാക്കി വരുന്നു. ബാങ്കിന്റെ നിലവിലുള്ള മൂലധനം 475 കോടി രൂപയാണ്. നാലായിരത്തിലധികം ജീവനക്കാര്‍ ഇസാഫ് ബാങ്കിലുണ്ട്. യുണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) സംവിധാനം ഉടന്‍ നടപ്പിലാക്കും. നിലവിലുള്ള മൊബൈല്‍ ആപ്പിനുപുറമെ യു.പി.ഐ ക്കു മാത്രമായി പുതിയ മൊബൈല്‍ ആപ്പ് നിലവില്‍ വരും. ബാങ്കിംഗ് അനുബന്ധസേവനങ്ങള്‍ കൂടാതെ ഫണ്ട് ട്രാന്‍സ്ഫര്‍, മെര്‍ച്ചന്റ് പെയ്മെന്റ്, കോര്‍പ്പറേറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാക്കും.
11 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ലുലു കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷങ്ങള്‍ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവര്‍ത്തകയും സാമ്പത്തിക വിദഗ്ദ്ധയുമായ നീന നായര്‍ വനിതാദിന പ്രഭാഷണം നിര്‍വ്വഹിക്കും. ഇസാഫില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ചടങ്ങില്‍ ആദരിക്കും.
വൈകിട്ട് 4:30 ന് വാര്‍ഷികാഘോഷങ്ങള്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന് ഉദ്ഘാടനം ചെയ്യും. ബാങ്ക് എം.ഡിയും സി.ഇ.ഒ.യുമായ കെ.പോള്‍ തോമസ് അധ്യക്ഷനായിരിക്കും. തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ അജിത ജയരാജന് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
പത്രസമ്മേളനത്തില്‍ എം.ഡി.കെ.പോള്‍ തോമസ്, ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയര്മാന് മെറീന പോള്‍, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് എ.ജി.വര്‍ഗീസ്സ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: