കൊച്ചി: ബ്ലാസ്റ്റേഴ്സ് നിരയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. കോച്ച് ഡേവിഡ് ജെയിംസിനെ ഇന്‍സ്റ്റാഗ്രാമിലൂടെ ശക്തമായി വിമര്‍ശിച്ച് നാട്ടിലേക്ക് മടങ്ങിയ ദിമിത്രി ബെര്‍ബറ്റോവിന് പിന്നാലെ രണ്ട് താരങ്ങള്‍ കൂടി ടീം വിട്ടു. മധ്യനിരതാരങ്ങളായ ജാക്കിചന്ദും മിലന് സിങുമാണ് ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് പുതിയ ക്ല ബ്ബിലേക്ക് കൂടുമാറിയത്.
ജാക്കി ചന്ദ് എഫ്സി ഗോവയിലേക്കും മിലന് സിങ് മുംബൈ എഫ്സിയിലേക്കുമാണ് കൂടുമാറുന്നത്. ജാക്കി ചന്ദ് ഗോവ ടീമുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. 1.9 കോടി രൂപയ്ക്കാണ് കരാര്‍. മിലന് സിങ് മുംബൈ സിറ്റി എഫ്സിയുമായി കരാറില്‍ എത്തിയെങ്കിലും തുക എത്രയയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ താരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്നാണ് വിവരം. സൂപ്പര്‍ കപ്പിന് ശേഷമാവും താരങ്ങളുടെ കൂടുമാറ്റം ഉണ്ടാവുക. അഞ്ചാം പതിപ്പ് മുതല്‍ മറ്റു ടീമുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടുന്ന തരത്തിലാണ് താരങ്ങള്‍ കൂടുമാറ്റത്തിന് ശ്രമിക്കുന്നത്. മുഖ്യപരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കരാര്‍ 2021 വരെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിടുന്നത്.
റെെന മ്യൂലന്‍സ്റ്റീന്റെ പകരക്കാരനായി ഡേവിഡ് ജെയിംസ് എത്തിയതിന് പിന്നാലെ നെതര്‍ലന്‍ഡ്സ് താരം മാര്‍ക് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് വിട്ട് എഫ്സി ഗോവയില്‍ ചേര്‍ന്നിരുന്നു.
നാട്ടിലേക്ക് മടങ്ങിയ ബെര്‍ബറ്റോവ് സൂപ്പര്‍ കപ്പിന് കേരള കൊമ്പന്മാര്ക്കായി പന്തുതട്ടാനുണ്ടാവില്ലെന്ന് ഉറപ്പാണ്. മറ്റൊരു താരമായ വെസ് ബ്രൗണും ഉടന്‍ ടീം വിടുമെന്നാണ് സൂചന. അതേസമയം സൂപ്പര്‍ കപ്പ് കഴിയുന്നതുവരെ താരങ്ങളെ എങ്ങനെയെങ്കിലും പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: