ഐടി മേഖലയിലും മറ്റും കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സിസ്റ്റം അനലിസ്റ്റ്, ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റര്‍ ഉള്‍പ്പെടെ നിരവധി പ്രൊഫഷനുകൡലേക്ക് വഴിതുറക്കുന്ന മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) റഗുലര്‍ ഫുള്‍ടൈം കോഴ്സുകള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രാജ്യത്തെ പതിനൊന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എന്‍ഐടികള്‍) സമര്‍ത്ഥരായ ബിരുദധാരികളെ വിളിക്കുന്നു. മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള ബിഎസ്സി അടക്കമുള്ള ഫസ്റ്റ്ക്ലാസ് ബിരുദക്കാര്‍ക്കും ബിഇ/ബിടെക്കാര്‍ക്കും മറ്റുമാണ് അവസരം.
കോഴിക്കോട്, തിരുച്ചിറപ്പള്ളി, സൂരത്കല്‍, വാറങ്കല്‍, അലഹബാദ്, അഗര്‍ത്തല, ഭോപ്പാല്‍, ദുര്‍ഗാപൂര്‍, ജംഷഡ്പൂര്‍, കുരുക്ഷേത്ര, റായ്പൂര്‍ എന്നിവിടങ്ങളിലുള്ള എന്‍ഐടികളാണ് ഗുണമേന്മയോടുകൂടി ‘എംസിഎ’ കോഴ്സുകളില്‍ പഠനാവസരമൊരുക്കുന്നത്. കേന്ദ്രഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ് എന്‍ഐടികള്‍. ഇന്ത്യക്കകത്തും പുറത്തുമുള്ള ഐടി കമ്പനികള്‍ക്കും മറ്റും ആവശ്യമായ ഐടി പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന തരത്തിലാണ് കരിക്കുലം രൂപപ്പെടുത്തിയിട്ടുള്ളത്. കോഴ്സ് ദൈര്‍ഘ്യം മൂന്ന് വര്‍ഷം. ആകെ 805 പേര്‍ക്കാണ് പ്രവേശനം. ഇവിടെനിന്നും എംസിഎ യോഗ്യത നേടുന്നവര്‍ക്ക് ഐടി മേഖലയില്‍ മികച്ച കരിയറിലെത്താനാകും.
‘NIMCET 2018’: പതിനൊന്ന് എന്‍ഐടികളിലേക്കും കൂടി 2018 വര്‍ഷത്തെ എംസിഎ പ്രവേശനത്തിനായി മേയ് 27 ഞായറാഴ്ച രാവിലെ 10 മുതല്‍ 12 മണിവരെ ദേശീയതലത്തില്‍ പൊതുപ്രവേശനപരീക്ഷ (NIMCET2018) നടത്തും. ഇത്തവണ കര്‍ണ്ണാടകത്തിലെ സൂരത്കല്‍ എന്‍ഐടിയ്ക്കാണ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ ചുമതല.
ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുളള 120 ചോദ്യങ്ങളടങ്ങിയ ഒറ്റ പേപ്പറാണ് പരീക്ഷക്കുള്ളത്. മാത്തമാറ്റിക്സില്‍ 50 ചോദ്യങ്ങളും അനലറ്റിക്കല്‍ എബിലിറ്റി ആന്റ് ലോജിക്കല്‍ റീസണിംഗില്‍ 40 ചോദ്യങ്ങളും കമ്പ്യൂട്ടര്‍ അവയര്‍നെസില്‍ 10 ചോദ്യങ്ങളും ജനറല്‍ ഇംഗ്ലീഷില്‍ 20 ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ സ്കോര്‍ ചെയ്തതില്‍നിന്നും ഒാരോ മാര്‍ക്ക് വീതം കുറയ്ക്കും. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ മാര്‍ക്ക് കുറയില്ല. വിശദമായ ടെസ്റ്റ് സിലബസും റാങ്കിംഗ് രീതിയും www.nimcet.in ല്‍ ലഭിക്കും.
കേരളത്തില്‍ കോഴിക്കോട് മാത്രമാണ് ടെസ്റ്റ് സെന്റര്‍. തിരുച്ചിറപ്പള്ളി, വാറങ്കല്‍, സൂരത്കല്‍, ദല്‍ഹി, പാറ്റ്ന, അഗര്‍ത്തല, അലഹബാദ്, ഭോപ്പാല്‍, ദുര്‍ഗ്ഗാപൂര്‍, ഹമീര്‍പൂര്‍, ജയ്പൂര്‍, ജലന്ധര്‍, ജംഷഡ്പൂര്‍, കുരുക്ഷേത്ര, റായ്പൂര്‍, റൂര്‍ക്കേല, സില്ചാര്, ശ്രീനഗര്‍, സൂററ്റ്, കൊല്‍ക്കത്ത എന്നിവയാണ് മറ്റ് ടെസ്സ്റ്റ് സെന്ററുകള്‍.
പ്രവേശന യോഗ്യത: ഭാരതപൗരനായിരിക്കണം. മൊത്തം 60 % മാര്‍ക്കില്‍ (6.5 സിജിപിഎ) കുറയാതെ ഇനി പറയുന്ന ഏതെങ്കിലും ബിരുദമെടുത്തിരിക്കണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 55 % മാര്‍ക്ക് (6.0 സിജിപിഎ) മതിയാകും. (1) ബിഎസ്സി/ബിഎസ്സി (ഓണേഴ്സ്)/ബിസിഎ/ബിഐടി. മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ഡിഗ്രിക്ക് പഠിച്ചിരിക്കണം. മൂന്ന് വര്‍ഷത്തില്‍ കുറയാതെ ഫുള്‍ടൈം കോഴ്സ് പഠിച്ച് അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും ബിരുദമെടുത്തവരെയാണ് പരിഗണിക്കുക. അല്ലെങ്കില്‍ (2) ബിഇ/ബിടെക് ബിരുദം വേണം. ൈഫനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2018 സെപ്റ്റംബര്‍ 15 നകം യോഗ്യത നേടിയിരിക്കണം.
ഓപ്പണ്‍ വാഴ്സിറ്റികളില്‍നിന്നും യുജിസി/എഐസിടിഇ/ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സില്‍ (ഡിഇസി) അംഗീകരിച്ചിട്ടുള്ള മൂന്ന് വര്‍ഷത്തെ ബിഎസ്സി/ബിഎസ്സി (ഓണേഴ്സ്)/ബിസിഎ/ബിഐടി ബിരുദമെടുത്തവരെയും പ്രവേശനത്തിന് പരിഗണിക്കും.
അപേക്ഷ: NIMCET2018 ലേക്ക് ഓപ്പണ്‍/ഒബിസി വിഭാഗത്തില്‍പ്പെടുന്നവര്‍ 2200 രൂപയും പട്ടികജാതി/വര്‍ഗ്ഗം, ശാരീരിക വൈകല്യമുള്ളവര്‍ (പിഡബ്ല്യുഡി) 1100 രൂപയും അപേക്ഷാ പ്രോസസിംഗ് ഫീസായി നല്‍കണം. അപേക്ഷ ഓണ്‍ലൈനായി www.nimcet.in- ല്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. മാര്‍ച്ച് 31 ന് വൈകിട്ട് 5 മണിവരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍ ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യാന്‍ മറക്കരുത്. അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കി രജിസ്ട്രേഷന് നമ്പരോടുകൂടിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് റഫറന്‍സിനായി കൈവശം കരുതണം. അഡ്മിറ്റ് കാര്‍ഡ് മേയ് 14 ന്ശേഷം വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷാര്‍ത്ഥിയുടെ ലോഗിന്‍ നെയിം, ഇ-മെയില്‍ ഐഡി, പാസ്വേര്ഡ്, സെക്യൂരിറ്റി ക്വസ്റ്റിയന്‍ ആന്റ് ആന്‍സര്‍ എന്നിവ രഹസ്യമായി സൂക്ഷിച്ചുവയ്ക്കണം. അഡ്മിഷന് നടപടി പൂര്‍ത്തിയാകുന്നതുവരെ ഇത് ആവശ്യമാണ്. NIMCET-2018 ഫലം ജൂണ്‍ 6 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ചോയിസ് ഫില്ലിംഗും സീറ്റ് അലോട്ട്മെന്റും: റാങ്ക്ലിസ്റ്റില് ഉള്‍പ്പെടുന്നവര്‍ക്ക് ജൂണ്‍ 10 നും 14 നും മധ്യേ പ്രവേശനമാഗ്രഹിക്കുന്ന എന്‍ഐടികള്‍ മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തി ചോയിസ് ഫില്ലിംഗ് നടത്തണം. ഈ കാലയളവില്‍ തന്നെ ചോയിസില്‍ മാറ്റങ്ങള്‍ വരുത്താം. ജൂണ്‍ 14 ന് വൈകിട്ട് 5 മണിക്കകം ചോയിസ് ലോക്ക് ചെയ്യുകയും വേണം.
NIMCET2018 റാങ്കും ചോയിസും പരിഗണിച്ച് 3 റൗണ്ട് സീറ്റ് അലോട്ട്മെന്റ് നടത്തും. ഒന്നും രണ്ടും റൗണ്ടില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ നിര്‍ദ്ദേശാനുസരണം അലോട്ട് ചെയ്ത സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് 10,000 രൂപ പ്രാഥമിക ഫീസായി അടച്ച് അഡ്മിഷന് സ്വീകരിക്കുകയോ അടുത്ത റൗണ്ടിലേക്ക് ഓപ്ഷന് അപ്ഗ്രേഡ് ചെയ്യുകയോ ആവാം. മൂന്നാമത്തെ അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ച സ്ഥാപനത്തില്‍ ജൂലൈ 16 നും 17 നും മധ്യേ ഫീസ് അടച്ച് അഡ്മിഷന് നേടണം. വേക്കന്റ് സീറ്റുകള്‍ ജൂലൈ 21 ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതിലേക്ക് ജൂലൈ 22, 23 തീയതികളില്‍ ഫ്രഷ്ചോയിസ് ഫില്ലിംഗ് നടത്താം. ഫൈനല്‍ അലോട്ട്മെന്റ് ജൂലൈ 25 ന് നടത്തും. ജൂലൈ 26 നും 30 നും മധ്യേ പ്രവേശനം നേടണം. അഡ്മിഷന് കൗണ്‍സലിംഗ്/സീറ്റ് അലോട്ട്മെന്റ് ഷെഡ്യൂളുകള്‍ വെബ്സൈറ്റിലുണ്ട്.
കാലിക്കറ്റ് എന്‍ഐടിയില്‍ 46 സീറ്റുകളും തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍ 92 സീറ്റുകളും ഉള്‍പ്പെടെ പതിനൊന്ന് എന്‍ഐടികളിലായി മൊത്തം 805 സീറ്റുകളിലാണ് ഇക്കൊല്ലം NIMCET റാങ്കടിസ്ഥാനത്തില്‍ എംസിഎ കോഴ്സില്‍ പ്രവേശനം. വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.nimcet.in- ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: