ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം കേന്ദ്രസര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും ജനം നല്‍കിയ അംഗീകാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിപിഎം കോട്ടയായ ത്രിപുരയില്‍ അവരെ തൂത്തെറിഞ്ഞ് കാവിക്കൊടിനാട്ടി. വിഘടനവാദത്തിലേക്ക് പോയ നാഗാലാന്‍ഡ് ജനതയെ ഒപ്പം കൂട്ടാനായി. ന്യൂനപക്ഷത്തിന് വന്‍ഭൂരിപക്ഷമുള്ള മേഘാലയിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുന്നു. ഭാരതീയ ജനതാപാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഈ നേട്ടം ചരിത്രപരമെന്ന് മാത്രമല്ല, തിരുമധുരം തന്നെയായി. ഈ മേഖലയിലെ വലിയ സംസ്ഥാനമായ ആസാമില്‍ ബിജെപിയാണ് ഭരണത്തില്‍. ഇതോടെ സ്വതന്ത്രഭാരതത്തില്‍ ആദ്യമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ മുഖ്യധാരയുടെ ഭാഗമാകാനും വികസനത്തിന്റെ ഫലമനുഭവിക്കാനും അവസരം ലഭിച്ചിരിക്കുകയാണ്. ബിജെപി വിജയത്തിന്റെ മാറ്റ് കുറച്ചുകാണിക്കാന്‍ മാധ്യമങ്ങള്‍ കിണഞ്ഞുപരിശ്രമിക്കുകയാണ്. ത്രിപുരയില്‍ കാശുകൊടുത്താണ് വിജയം നേടിയതെന്നാണ് പുതിയ കണ്ടെത്തല്‍. ഗോത്രമേഖലയില്‍ ഒരുകാരണവശാലും ബിജെപിക്ക് പിന്തുണ കിട്ടില്ലെന്ന് പറഞ്ഞവരും എഴുതിയവരുമാണിവര്‍. കമ്മ്യൂണിസ്റ്റ് കോട്ടകളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗോത്രമേഖല പൂര്‍ണമായും ബിജെപിക്കൊപ്പം എന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ത്രിപുരയിലെ ജനസംഖ്യയില്‍ നല്ലൊരുവിഭാഗം ബംഗാള്‍ കുടിയേറ്റക്കാരാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ഇവരുടെ വോട്ട് താമരയ്‌ക്ക് വീഴില്ലെന്ന് പറഞ്ഞിരുന്നു. അതും പൊളിഞ്ഞിരിക്കുകയാണ്. എല്ലാവിഭാഗങ്ങളുടെയും വോട്ട് കിട്ടിയതുകൊണ്ടാണ് ബിജെപിക്ക് പൂജ്യത്തില്‍ നിന്ന് 43 ലേക്ക് എംഎല്‍എമാരുടെ സംഖ്യ എത്തിക്കാനായത്. കോണ്‍ഗ്രസ് വട്ടപ്പൂജ്യവുമായി. കാല്‍നൂറ്റാണ്ടുഭരിച്ച സിപിഎമ്മിന്റിന്റെ സീറ്റുകള്‍ മൂന്നിലൊന്നായി ചുരുങ്ങി. നാഗാലാന്‍ഡിലും ബിജെപി സഖ്യം സര്‍ക്കാരുണ്ടാക്കാന്‍ പറ്റിയ ഭൂരിപക്ഷം നേടി. മേഘാലയില്‍ വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസാണെങ്കിലും അവര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നാണ് വാര്‍ത്ത. മറ്റുകക്ഷികളാരും കോണ്‍ഗ്രസിനെ മുഖവിലക്കെടുക്കുന്നില്ലെന്നതു തന്നെ കാരണം. മൂന്നുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വലിയ അടി കിട്ടിയത് കോണ്‍ഗ്രസിന് തന്നെയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഏതാനും സീറ്റ് കൂടുതല്‍ കിട്ടിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വലിയ മിടുക്കായി ആഘോഷിച്ചവര്‍ക്ക് കോണ്‍ഗ്രസ് ഭരിച്ചിട്ടുള്ള മേഘാലയിലും നാഗാലാന്‍ഡിലും ഒരു സീറ്റുപോലും കിട്ടിയില്ല. പ്രതികരണത്തിനോ പ്രസ്താവനയ്‌ക്കോ രാഹുല്‍ഗാന്ധിയെ കിട്ടുന്നില്ലെന്നത് കൂട്ടിവായിക്കണം. മോദിക്ക് ബദലെന്ന് പാടിപ്പുകഴ്‌ത്തിയവരെയും കാണുന്നില്ല. ഈ വര്‍ഷം തന്നെ നടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലത്തെയും സ്വാധീനിക്കുന്നതാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഫലമെന്ന് വ്യക്തം.
കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് രാജ്യത്തുണ്ടായിരുന്ന മൂന്ന് തുരുത്തുകളായിരുന്നു ബംഗാളും ത്രിപുരയും കേരളവും. കേരളത്തില്‍ മാറിമാറിയായിരുന്നു ഭരണം കിട്ടിയിരുന്നത്. മറ്റ് രണ്ടുസംസ്ഥാനങ്ങളിലും കുത്തക ഭരണവും. ഇതില്‍ ബംഗാളിലെ കുത്തക നേരത്തെ പോയി. ഇപ്പോള്‍ ത്രിപുരയും. ഇതോടെ കേരളത്തില്‍ മാത്രം സ്വാധീനമുള്ള പ്രാദേശിക പാര്‍ട്ടിയുടെ നിലവാരത്തിലേക്ക് സിപിഎം മൂക്കുകുത്തി. കോണ്‍ഗ്രസ് വോട്ടുകൊണ്ടാണ് ബിജെപി വിജയിച്ചതെന്നാണ് കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ പറയുന്നത്. ഇത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. ഗോത്രമേഖല സിപിഎമ്മിന്റെ കുത്തകയാണ്. അവിടെയാണ് ബിജെപി വലിയമുന്നേറ്റം നടത്തിയത്. യഥാര്‍ത്ഥത്തില്‍ സിപിഎം വോട്ട് വലിയതോതില്‍ ബിജെപിക്ക് കിട്ടി. ബിജെപി വിജയം തടയണമെന്നാഗ്രഹിച്ചിരുന്ന തൃണമൂല്‍ കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും സിപിഎമ്മിന് വോട്ടിടുകയും ചെയ്തു. രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 19 ലും ബിജെപി ആണ് ഭരണത്തില്‍. മൂന്നിടത്തുമാത്രമാണ് കോണ്‍ഗ്രസ്. ഇടതുപക്ഷം കേരളത്തില്‍ മാത്രവും. മറ്റ് സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളാണ് ഭരണത്തില്‍. ബിജെപി സര്‍ക്കാരിനേയും നരേന്ദ്രമോദിയേയും ജിഎസ്ടിയെയും നോട്ടുനിരോധിക്കലിനേയുമൊക്കെ ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തവര്‍ക്കുള്ള മറുപടികൂടിയാണ് ഈ ചിത്രം. കര്‍ണാടക ഉള്‍പ്പെടെ ഈ വര്‍ഷം നടക്കുന്ന മറ്റ് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വിജയം ആവര്‍ത്തിക്കാന്‍ തക്ക ഊര്‍ജ്ജം നല്‍കുന്നതുകൂടിയാണ് വടക്കുകിഴക്കന്‍ മേഖലയിലെ താമര തേരോട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: