കോട്ടയം: ജില്ലയില്‍ ജലസമൃദ്ധിയുടെ അക്ഷയഖനികളായിരുന്ന മണിമലയാറും മീനച്ചിലാറും അവസാനശ്വാസം വലിക്കുന്നുവെന്ന് സിഡബ്ല്യൂആര്‍ഡിഎമ്മിന്റെ (ജലവിഭവ വികസന വിനിയോഗ കേന്ദ്രം) റിപ്പോര്‍ട്ട്.
ഇപ്പോള്‍ നീരൊഴുക്ക് കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഏകദേശം പതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇത് പൂര്‍ണമായും നിലയ്ക്കുമെന്നും കോഴിക്കോട് ആസ്ഥാനമായ സിഡബ്ല്യൂആര്‍ഡിഎമ്മിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഡപ്യൂട്ടിഡയറക്ടര്‍ എ.ബി. അനിതയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ഒരു വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ പലപ്പോഴായി 88 ദിവസം മീനച്ചിലാറ്റിലും 77 ദിവസം മണിമലയാറ്റിലും ഒഴുക്കുനിലച്ചിട്ടുണ്ട്. 33 ദിവസമായിരുന്നു മുമ്പ് മണിമലയാറ്റില്‍ നീരൊഴുക്ക് കുറഞ്ഞിരുന്നത്. ഇത് 77 ദിവസമായി ഇപ്പോള്‍ ഉയര്‍ന്നു. മീനച്ചിലാറ്റില്‍ 45 ദിവസം നീരൊഴുക്ക് കുറഞ്ഞ സ്ഥാനത്ത് ഇപ്പോള്‍ 88 ദിവസമായി. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനിടെ വാര്‍ഷിക നീരൊഴുക്ക് ശരാശരിയില്‍ രണ്ടു നദികളിലും വന്‍ കുറവുണ്ടായിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മണിമലയാറ്റില്‍ 10.89 ശതമാനവും മൂവാറ്റുപുഴയാറില്‍ 4.5 ശതമാനവും മീനച്ചിലാറ്റില്‍ 10.94 ശതമാനവും കുറവുണ്ടായിട്ടുണ്ട്.
പലയിടത്തും മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കൈവഴികള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഡിസംബര്‍ അവസാനത്തോടെ വറ്റിവരണ്ട നദികളുടെ ചാലുകളില്‍ കാടുപിടിച്ചു കിടക്കുകയാണ്. മണലെടുപ്പു അധികം നടന്ന മീനച്ചിലാറിനാണ് ഭീഷണി കൂടുതല്‍. ഇതോടെ നദിയുടെ ആഴം വര്‍ധിച്ചു.
മണിമലയാറ്റിലും മണല്‍ക്കടത്ത് തുടര്ക്കഥയാകുകയാണെങ്കിലും ഇടുക്കി വൈദ്യുതി പദ്ധതിയുടെ ജലം ഒഴുകുന്നതിനാല്‍ മണിമലയാറ്റില്‍ ഒഴുക്ക് തടസ്സപ്പെടുന്നത് കുറവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: