ആത്മീയതയുടെ വിഹായസ്സില്‍ വിഹരിക്കുമ്പോഴും സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട സംന്യാസിവര്യനായിരുന്നു കാഞ്ചി കാമകോടി പീഠം മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതികള്‍. ഗുരുവും മഠാധിപതിയുമായിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതിയില്‍നിന്ന് ദീക്ഷ സ്വീകരിക്കുകയും, പരമാചാര്യന്‍ തന്റെ പിന്‍ഗാമിയായി വാഴിക്കുകയുംചെയ്ത ജയേന്ദ്ര സരസ്വതിയും ഗുരുവിന്റെ കാല്‍പ്പാടുകളാണ് പിന്തുടര്‍ന്നത്. രാജ്യമെമ്പാടും നിരന്തരം യാത്ര ചെയ്ത സ്വാമികളെ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. അവരുടെ ആവലാതികള്‍ കേട്ടു, പരിഹാരം നിര്‍ദ്ദേശിച്ചു. അവയൊക്കെ നടപ്പില്‍വരുത്താന്‍ സഹായങ്ങള്‍ ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളിലൊക്കെ കനത്ത സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ ആചാര്യനായിരുന്നു സ്വാമികള്‍. ക്ഷേത്ര പുനരുദ്ധാരണങ്ങളിലും ശ്രദ്ധപുലര്‍ത്തി.
ജയേന്ദ്ര സരസ്വതിയുടെ അശ്രാന്ത പരിശ്രമ ഫലമായാണ് കാഞ്ചി കാമകോടി പീഠം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. ഇതുവഴി സാമൂഹ്യ നവോത്ഥാനത്തിന്റെ കേന്ദ്രമായി മഠം മാറുകയുണ്ടായി. ആദിശങ്കരനുശേഷം മാനസസരോവര്‍ സന്ദര്‍ശിച്ച ഒരേയൊരു ശങ്കരാചാര്യരായിരുന്നു ജയേന്ദ്ര സരസ്വതി. അവിടെ ആദിശങ്കരിന്റെ വിഗ്രഹവും സ്ഥാപിച്ചു. ‘ലോകത്തെ ഒരേയൊരു ഹിന്ദുരാജ്യത്തേക്ക് സ്വാഗതം’ എന്നുപറഞ്ഞാണ് ജയേന്ദ്രസരസ്വതിയെ നേപ്പാള്‍ സ്വീകരിച്ചത്. നേപ്പാളിന്റെയും ചൈനയുടെയും ആദരവ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞ സംന്യാസിയാണ് ജയേന്ദ്ര സരസ്വതി സ്വാമികള്‍. ബംഗ്ലാദേശ് സന്ദര്‍ശിച്ച സ്വാമിജിയോടുള്ള ആദരസൂചകമായി ദക്ഷിണേശ്വരി ക്ഷേത്ര കവാടത്തിന് ‘ശങ്കരാചാര്യ കവാടം’ എന്ന് പേരുനല്‍കുകപോലുമുണ്ടായി. കേരളത്തോടും പ്രത്യേകിച്ച്, ആദിശങ്കരന്റെ ജന്മനാടായ കാലടിയോടും സ്വാമിജിക്ക് ആത്മബന്ധമുണ്ടായിരുന്നു. കാലടിയിലെ ശ്രീശങ്കര സ്തൂപം ഭാരതീയ സംസ്‌കാരത്തോടും ആചാര്യപരമ്പരയോടുമുള്ള സ്വാമികളുടെ പ്രതിബദ്ധതയ്‌ക്ക് തെളിവാണ്.
വിദ്യാഭ്യാസരംഗത്തെ സ്വാമികളുടെ നിസ്തുലമായ ദൗത്യത്തിന്റെ സാക്ഷാല്‍കാരമായി നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. കല്‍പ്പിത സര്‍വകലാശാലയായ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയം ഈ ദിശയിലുള്ള പ്രവര്‍ത്തനത്തിന്റെ വിശ്വരൂപമാണ്. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ച മഹാത്മാവായിരുന്നു സ്വാമിജി. ”എനിക്ക് നിങ്ങള്‍ ദളിതരായ കുട്ടികളെ തരൂ, ഞാന്‍ അവരെ ശങ്കരാചാര്യന്മാരാക്കാം” എന്ന സ്വാമികളുടെ പ്രഖ്യാപനം സാമൂഹ്യ വിപ്ലവത്തിന്റെ വിളംബരമായിരുന്നു. ഇക്കാര്യത്തില്‍ സ്വപക്ഷത്തുള്ളവരുടെ പോലും എതിര്‍പ്പുകളെ മറികടന്ന് ധീരമായി മുന്നോട്ടുപോകാന്‍ അദ്ദേഹം മടിച്ചില്ല. പ്രതിസന്ധികള്‍ക്കുമുന്നില്‍ മൃദുമന്ദഹാസം പൊഴിച്ച് മുന്നേറിയ സ്വാമികള്‍ ധീരതയുടെ ആത്മീയ രൂപമായിരുന്നു.
ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം എക്കാലവും നിലകൊണ്ട സ്വാമികള്‍, അനീതികള്‍ വച്ചുപൊറുപ്പിക്കരുതെന്ന പക്ഷക്കാരനായിരുന്നു. സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറിലൂടെ ആര്‍എസ്എസുമായി അടുത്ത സ്വാമികള്‍, നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഹിന്ദുസമൂഹത്തിന് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം അപാരമായിരുന്നു. തമിഴ്‌നാട്ടിലെ മണ്ടയ്‌ക്കാട്ട് സംഘടിത മതശക്തികള്‍ വംശീയകലാപം അഴിച്ചുവിട്ടപ്പോഴും, ആസൂത്രിതമായ മതംമാറ്റത്തിലൂടെ കന്യാകുമാരിയെ ‘കന്യകാമേരി’യാക്കാന്‍ ശ്രമിച്ചപ്പോഴുമൊക്കെ അവിടങ്ങളിലേക്ക് പാഞ്ഞെത്തി അരക്ഷിതരായ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സ്വാമികള്‍ക്കു കഴിഞ്ഞു.
രാമജന്മഭൂമിയിലെ തര്‍ക്ക പരിഹാരത്തിന് അദ്ദേഹം നടത്തിയ സമവായ ശ്രമങ്ങള്‍ വിജയത്തിലെത്തുമെന്ന് ഭയന്ന സ്ഥാപിത ശക്തികള്‍, അത് സമര്‍ത്ഥമായി അട്ടിമറിക്കുകയായിരുന്നു. ആ ദൗത്യം വിജയിക്കാതിരിക്കാന്‍ സ്വാമികളെ കൊലപാതകക്കേസില്‍ കുടുക്കുകവരെ ചെയ്തു. എന്നാല്‍ ഈ പീഡനങ്ങളെയൊക്കെ സഹജമായ ആത്മബലംകൊണ്ട് നേരിട്ടു. ഒടുവില്‍ പരമോന്നത നീതിപീഠംതന്നെ അദ്ദേഹം നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. സ്വാമി വിവേകാനന്ദനുശേഷം കാതലായ സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട കര്‍മനിരതനും അവതാരവരിഷ്ഠനുമായ ആചാര്യന്റെ പാദാരവിന്ദങ്ങളില്‍ ഞങ്ങളുടെ ബാഷ്പാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: