പള്ളുരുത്തി: ഒറ്റ ദിനം കൊണ്ട് ഡെലിവറി ബോയിയില്‍ നിന്ന് മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം. കായലില്‍ ചാടിയ പെണ്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയതിനാണ് ചിക്കിംഗ് കമ്പനിയുടെ അംഗീകാരം. ജീവന്റെ ധീരതയ്ക്കുള്ള അഭിഭനന്ദന പ്രവാഹത്തിനിടെ പ്രൊമോഷന് ഇരട്ടിമധുരമായി.
തിങ്കളാഴ്ച രാത്രി പന്തണ്ടരയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സ്വകാര്യ സ്ഥാപനത്തില്‍ ഡെലിവറി ബോയിയായി ജോലി നോക്കുന്ന കുമ്പളങ്ങി വേലശ്ശേരി വീട്ടില്‍ ആന്റണിയുടെ മകന് ജീവന് തോപ്പുംപടി പാലത്തില്‍ ഒരു ആള്‍ക്കൂട്ടം കണ്ടത്. കാര്യം തിരക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി കായലില്‍ ചാടിയതായി കൂടിനിന്നവര്‍ പറഞ്ഞു. ഉടന്‍ തന്നെ ജീവന് സ്വന്തം ജീവന് പണയപ്പെടുത്തി കായലിലിറങ്ങി നീന്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി കരക്ക് കയറ്റുകയായിരുന്നു.
ജീവന്റെ ധീരത ശ്രദ്ധയില്‍പ്പെട്ട ചിക്കിംഗ് മാനേജ്മെന്റ് തോപ്പുംപടി ബ്രാഞ്ചില്‍ ഇന്നലെതന്നെ മാനേജരായി നിയമനം നല്കി. പോലീസും ജീവനെ അഭിനന്ദിച്ചു. ജീവനെ ധീരതയ്ക്കുള്ള അവാര്‍ഡിന് ശുപാര്‍ശ ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ് പറഞ്ഞു. തോപ്പുംപടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങിലായിരുന്നു പ്രഖ്യാപനം. മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ എസ്. വിജയന്, ഫോര്‍ട്ടുകൊച്ചി സിഐ പി.രാജ് കുമാര്‍, തോപ്പുംപടി എസ്ഐ സി. ബിനു ,കൗണ്‍സിലര്‍ കെ.ജെ.പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: