കള്ളപ്പണം നിയന്ത്രിച്ചിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശുദ്ധീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനവും ചരക്കുസേവന നികുതിയും തട്ടിപ്പുകാരുടെ അടിത്തറ ഇളക്കുന്ന പ്രക്രിയ തുടരുകയാണ്. രേഖകളില്‍ ഇല്ലാത്ത പണം ഉപയോഗിച്ച് ബിസിനസ് വിപുലീകരിക്കുകയും, വന്‍തോതില്‍ ചെലവഴിക്കുകയും ചെയ്തിരുന്ന വാണിജ്യ-വ്യാപാര മേഖലകളിലെ നേരും നെറിയുമില്ലാത്ത രീതികള്‍ തുടരാന്‍ യാതൊരു നിവൃത്തിയുമില്ലാതെ അവസാനിപ്പിക്കേണ്ടിവരുന്ന വാര്‍ത്തകളാണ് രാജ്യത്തെങ്ങുനിന്നും കേള്‍ക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുകയും, നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്ത 9,500 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടി ഇതിന്റെ ഭാഗമാണ്. കേന്ദ്രധനകാര്യമന്ത്രാലയവും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണ ചുമതലയുള്ള മറ്റ് ഏജന്‍സികളും കഴിഞ്ഞ ഒന്നര വര്‍ഷമായി നടത്തുന്ന കഠിനാധ്വാനങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ ശുദ്ധീകരണത്തിന് വഴിവയ്ക്കുമെന്നുറപ്പാണ്.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് അടക്കം പതിനായിരത്തോളം സ്ഥാപനങ്ങളെയാണ് കേന്ദ്രധനവകുപ്പ് ലക്ഷ്യമിടുന്നത്. ധനകാര്യ രഹസ്യാന്വേഷണ യൂണിറ്റ് കണ്ടെത്തിയ സ്ഥാപനങ്ങളുടെ പട്ടിക പരസ്യപ്പെടുത്തിയ കേന്ദ്ര നടപടി ഏറെ ശ്ലാഘനീയമാണ്. കേരളത്തില്‍നിന്നുള്ള പ്രസിദ്ധമായ ചില സ്ഥാപനങ്ങളും കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതായി കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെയെല്ലാം അതീവ അപകടകരമായ സ്ഥാപനങ്ങള്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ തുടരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള നടപടികളും ഇത്തരം ധനകാര്യസ്ഥാപനങ്ങള്‍ നേരിടേണ്ടിവരും. 2016 നവംബറില്‍ അസാധുവായി പ്രഖ്യാപിച്ച പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ബാങ്കിങ് ഇതര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വഴി മാറ്റിയെടുക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തിലായതെന്നറിയുന്നു. കേന്ദ്രധനമന്ത്രാലയത്തിന്റെയും ആദായനികുതി വകുപ്പിന്റെയും നിരീക്ഷണത്തിലുള്ള പതിനായിരത്തോളം സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന അടക്കമുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാനാണ് ധനമന്ത്രാലയ തീരുമാനം. സമ്പദ് ഘടനയെ നശിപ്പിക്കുന്ന, സാധാരണക്കാരെ പിഴിഞ്ഞ് സമ്പത്തും ആസ്തിയും വര്‍ദ്ധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കുമേല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്.
ശരിയായ രേഖകളില്ലാതെ പത്തുലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപിച്ചിരിക്കുന്ന എല്ലാ പണത്തിനും സ്വകാര്യ ധനസ്ഥാപനങ്ങള്‍ വിശദീകരണം നല്‍കേണ്ടിവരും. ഇതുസംബന്ധിച്ച് ധനമന്ത്രാലയം നല്കിയ നിര്‍ദ്ദേശം ലംഘിച്ച സ്ഥാപനങ്ങളുടെ പട്ടികയാണ് ധനകാര്യ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി പ്രസിദ്ധീകരിച്ചത്. ബാങ്കിങ് ഇതര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പ്രിന്‍സിപ്പല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന നിര്‍ദ്ദേശങ്ങളും പാലിക്കപ്പെട്ടിരുന്നില്ല. കള്ളപ്പണം നിക്ഷേപിക്കാനുള്ള സുരക്ഷിത സങ്കേതങ്ങളായി സ്വകാര്യ ധനസ്ഥാപനങ്ങള്‍ മാറിയതാണ് നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇത്തരം സ്ഥാപനങ്ങള്‍ വലിയ തോതില്‍ തകര്‍ന്നടിയാന്‍ കാരണം. സാധാരണക്കാരന്റെ സമ്പത്ത് തട്ടിയെടുത്ത് വളരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അതിശക്തമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടരും. വ്യാജകമ്പനികള്‍ സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നവരുടേയും, ധനകാര്യ മേഖലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടേയും നേര്‍ക്ക് കേന്ദ്രധനമന്ത്രാലയ ഏജന്‍സികള്‍ തുടരുന്ന കുരിശുയുദ്ധത്തിന് രാജ്യത്തെ സാധാരണക്കാരുടെ പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: