സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം തൃശൂരില്‍ സമാപിച്ചപ്പോള്‍ ആ പാര്‍ട്ടി എത്തിപ്പെട്ട ദുര്യോഗമാണ് വ്യക്തമായത്. ദേശീയതലത്തില്‍ വ്യക്തമായ നയമോ പരിപാടിയോ ഉണ്ടെന്നുപോലും വ്യക്തതയില്ലാതെ അണികളെയും അനുഭാവികളെയും ആശയക്കുഴപ്പത്തിലെത്തിച്ചു എന്നതാണ് സമ്മേളനത്തിന്റെ നേട്ടം. തൃശൂരില്‍ രണ്ടാംപൂരം സൃഷ്ടിക്കാനും അധികാരത്തിന്റെ തണലില്‍ പണക്കൊഴുപ്പ് പ്രകടിപ്പിക്കാനും സിപിഎമ്മിന് കഴിഞ്ഞുവെന്ന് അഭിമാനിക്കാം.
കേരളമാകെ ശതകോടിയെങ്കിലും ചെലവിട്ടാണ് സമ്മേളനപൂരം നടത്തിയത്. പദ്ധതികള്‍ക്ക് പണമില്ലെന്നു പറയുകയും പാവപ്പെട്ടവരുടെ ആവശ്യങ്ങളും അവകാശങ്ങളും നിര്‍വഹിക്കാന്‍ കഴിയാതെ പഞ്ഞപ്പാട്ട് പാടുകയും ചെയ്യുന്ന മന്ത്രിമാരുടെ പാര്‍ട്ടി എത്രമാത്രം സമ്പന്നമാണെന്ന് തെളിയിക്കാന്‍ സമ്മേളനത്തിന് സാധിച്ചുവെന്ന് ആശ്വസിക്കാം. സമ്മേളനത്തിന് ആളെ കൂട്ടാനും, തകര്‍പ്പന്‍ പ്രസംഗം നടത്താനും കഴിയുന്ന പാര്‍ട്ടി ഇരുട്ടില്‍ തപ്പുകയാണെന്ന് തെളിയിക്കുകയാണ് നേതാക്കളുടെ വാക്കുകളും പുറത്തുവന്ന തീരുമാനങ്ങളും. കാല്‍നൂറ്റാണ്ടിനിപ്പുറം പാര്‍ട്ടിയിലെത്തിയവരാണ് ഏറിയകൂറും. അവര്‍ക്ക് ആശയ അടിത്തറ പകരാനുള്ള പ്രയത്‌നമെന്തെങ്കിലുമുണ്ടായോ എന്ന് സംശയമാണ്. അധികാരം പങ്കുവയ്‌ക്കുന്നതിനപ്പുറമൊരു ഗൗരവവും ഉണ്ടായിട്ടില്ലെന്നാണ് സൂചന.
കേരളത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ഇരുപത് മാസം പിന്നിട്ടിട്ടും എടുത്ത് പറയാനുള്ള ഒരു നേട്ടവും ഉണ്ടായിട്ടില്ല. പ്രതീക്ഷയ്‌ക്ക് വക നല്‍കുന്ന എന്തെങ്കിലും തീരുമാനങ്ങളും ഉണ്ടായിട്ടില്ല. ഇടതുഭരണം വന്നാല്‍ എല്ലാം ശരിയാകുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ശരിയായുള്ളതെല്ലാം തകിടം മറിക്കുകയും, തെറ്റായ നടപടികള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു എന്നാണ് ജനങ്ങളുടെ അനുഭവം. അഴിമതിക്കെതിരെ ശക്തമായ നിലപാടുണ്ടെന്ന് വോട്ടെടുപ്പിന് മുന്‍പ് തോന്നിപ്പിച്ച സിപിഎം, ഭരണം ലഭിച്ചപ്പോള്‍ അഴിമതിക്കാര്‍ക്ക് ജാമ്യം നല്‍കുന്നവരായി. സോളാര്‍ തട്ടിപ്പിനെതിരെ അതിരൂക്ഷമായ സമരം നയിച്ചവര്‍ ഇതിലെ കുറ്റക്കാരെ സഹായിക്കുന്നതാണ് കാണാനായത്. ബാര്‍കോഴക്കേസില്‍ കെ.എം.മാണിക്ക് കുരിശൊരുക്കിയ മുന്നണി അദ്ദേഹത്തിന് ചുകപ്പ് പരവതാനി വിരിക്കാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്ചയും കാണുന്നു. ഇതിനെതിരെ ഒരു ശബ്ദവും സമ്മേളനത്തില്‍ ഉയര്‍ന്നതായി കേട്ടില്ല. വിഭാഗീയത പൂര്‍ണമായും പിഴുതെറിഞ്ഞെന്നും തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നുവെന്നും മറുശബ്ദം ഉയര്‍ന്നില്ലെന്നുമാണ് നേതാക്കളുടെ അവകാശം. എന്നാല്‍ ഇതൊക്കെ ശ്മശാന മൂകതയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ ഭിന്നാഭിപ്രായമുണ്ടെങ്കിലും അധികാരദണ്ഡ് ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു.
ഏപ്രിലില്‍ ഹൈദ്രാബാദിലാണ് പാര്‍ട്ടികോണ്‍ഗ്രസ്. അവിടെ മത്താപ്പ് മാത്രമാവില്ലെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ സൂചന. വെടിക്കെട്ടിനുള്ള എല്ലാ ചേരുവകളുമുണ്ട്. തൃശൂര്‍ സമ്മേളന പ്രതിനിധികളില്‍ ചിലര്‍ ജനറല്‍ സെക്രട്ടറിക്കെതിരെ സംഘടിതവിമര്‍ശനമാണ് നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ പ്രേരണയോടെയായിരുന്നു ഇത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന നേതാവ് എ.എം.ഷംസീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച യെച്ചൂരിയുടെ ലൈനിനെ നിശിതമായി വിമര്‍ശിച്ചത്.
ഇതിനെതിരെ സീതാറാം യെച്ചൂരി സമ്മേളന പ്രതിനിധികള്‍ക്ക് മുന്നില്‍ ആഞ്ഞടിച്ചു. സിപിഎം കേരള പാര്‍ട്ടിയല്ലെന്നുവരെ യെച്ചൂരിക്ക് പറയേണ്ടിവന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം യെച്ചൂരിക്ക് പിന്തുണ നല്‍കാനെത്തിയില്ല. മാത്രമല്ല, ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ചവര്‍ക്ക് പ്രമോഷന്‍ നല്‍കി സംസ്ഥാന കമ്മിറ്റിയില്‍ എത്തിച്ചു. ഇതിന്റെ പ്രതിഫലനമാണ് യെച്ചൂരിയുടെ പൊതുസമ്മേളന പ്രസംഗത്തില്‍ പ്രതിഫലിച്ചത്. പ്രസംഗം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും വിമര്‍ശിക്കാനാണ് വിനിയോഗിച്ചത്. ആര്‍എസ്എസിനെയും ബിജെപിയേയും നശിപ്പിച്ചേ അടങ്ങൂ എന്ന നിലപാട് ആവര്‍ത്തിച്ച യെച്ചൂരി, കോണ്‍ഗ്രസിനെക്കുറിച്ച് അധികമൊന്നും മിണ്ടിയില്ല. യെച്ചൂരിയുടെ നിലപാടിന് പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗീകാരം ലഭിക്കുമോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. ഏതായാലും സംസ്ഥാനത്ത് വിഭാഗീയത നാടുനീങ്ങി എന്ന് സന്തോഷിക്കുന്ന നേതാക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാവില്ല ഹൈദരാബാദില്‍ കേള്‍ക്കാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: