മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റോ-റോ സര്‍വ്വീസ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. റോ റോ വെസ്സലുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വ്വീസ് ആരംഭിക്കാന്‍ വൈകുന്നത് നഗരസഭയുടെ അനാസ്ഥയാണെന്നാണ് ആരോപണം.
മൂറിംഗ് സംവിധാനം സ്ഥാപിക്കാത്തതായിരുന്നു സര്‍വ്വീസ് ആരംഭിക്കാന്‍ തടസ്സമായി പറഞ്ഞത്. എന്നാല്‍ അതിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെങ്കിലും സര്‍വ്വീസ് ആരെ ഏല്‍പ്പിക്കണമെന്നത് സംബന്ധിച്ച തീരുമാനം നഗരസഭ ഇനിയും കൈ കൊണ്ടിട്ടില്ല.
നടത്തിപ്പിനായി ആഗോള ടെണ്ടര്‍ വിളിക്കാനും പ്രത്യേക കമ്പനി രൂപീകരിക്കുന്നതിനും നഗരസഭ സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ലന്നാണ് കഴിഞ്ഞ കൗണ്‍സിലില്‍ മേയര്‍ വ്യക്തമാക്കിയത്.
ഇത് നേരത്തേ ജങ്കാര്‍ സര്‍വ്വീസ് നടത്തിയിരുന്നവര്‍ക്ക് തന്നെ റോറോയും നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇത് അംഗീകരിക്കില്ലന്നും നഗരസഭ നേരിട്ട് നടത്തണമെന്നുമാണ് ആവശ്യം.
നഗരസഭയ്ക്ക് നേരിട്ട് നടത്തുന്നതിനാവശ്യമായ എഞ്ചിനീയറിംഗ് വിഭാഗവും ജീവനക്കാരുമുള്ളപ്പോള്‍ സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ സര്‍വ്വീസ് ഏല്‍പ്പിക്കുന്നത് അഴിമതിക്ക് കാരണമാകുമെന്നാണ് ചുണ്ടിക്കാട്ടുന്നത്.
1997 വരെ നഗരസഭ നേരിട്ടാണ് സര്‍വ്വീസ് നടത്തിയിരുന്നത് എന്ന വാദവും ഉയരുന്നുണ്ട്. റോറോ വെസ്സലുകള്‍ കോടികള്‍ ചിലവഴിച്ച് നഗരസഭ നിര്‍മ്മിച്ചിട്ടും അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത സാഹചര്യമാണുള്ളത്.
നേരത്തേയുണ്ടായ ജങ്കാര്‍ സര്‍വ്വീസ് കൂടി നിര്‍ത്തിയതോടെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇപ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റി കറങ്ങി അക്കരെയെത്തേണ്ട സാഹചര്യത്തില്‍ ജനകീയ പ്രക്ഷോഭം ശക്തമാക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: