കുഴഞ്ഞു വീണതോ ഹൃദയാഘാതമോ എന്തുമാകട്ടെ നടി ശ്രീദേവി മരിച്ചു എന്ന യാഥാര്‍ഥ്യത്തിലെത്താന്‍ ആരാധകര്‍ക്കു പെട്ടെന്നു കഴിയില്ല. പ്രമുഖരുടെ, പ്രത്യേകിച്ച് സിനിമാതാരങ്ങളുടെ മരണത്തിലേക്കു ചെന്നെത്താന്‍ പ്രേക്ഷകര്‍ക്കു പെട്ടെന്നു സാധിച്ചുവെന്നു വരില്ല. മരിക്കാന്‍ പ്രായമായോയെന്ന തരത്തില്‍ അവരുടെ ഇഷ്ടതാരങ്ങള്‍ മരിക്കുമ്പോള്‍ കാണികളില്‍ നിഷ്ക്കളങ്കമായൊരു അവിശ്വാസം കൂടുവെക്കും. നിത്യ യൗവനമാണ് അവര്‍ക്കെന്നാണ് കാണികള്‍ അറിയാതെ വിശ്വസിച്ചുപോരുന്നത്. ശ്രീദേവി മരിച്ചെന്നറിഞ്ഞിട്ടും കാണികളുടെ മനസ് ആ സത്യം അംഗീകരിക്കാന്‍ മടിക്കുന്നത് അതുകൊണ്ടാണ്.
ആധുനിക ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മരിക്കുംവരെ സാന്നിധ്യമറിയിക്കുകയും തുടര്‍ ചര്ച്ചകളിലെന്നോണം നിറഞ്ഞു നില്‍ക്കുകയും ചെയ്ത നടിയാണ് ശ്രീദേവി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ നടിച്ച ശ്രീദേവി അറിയപ്പെട്ടിരുന്നത് ബോളിവുഡ് താരമായാണ്. മുഖശ്രീയും അഭിനയശേഷിയുമായി എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദി സിനിമകളില്‍ കത്തിനിന്ന ശ്രീദേവി അന്ന് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരംകൂടിയായിരുന്നു. ബോളിവുഡ് നടിമാര്‍ ഗ്ളാമറസായ കൃത്രിമ സൗന്ദര്യത്തില്‍ തിളങ്ങുമ്പോള്‍ തിളക്കമുള്ള കണ്ണും പ്രത്യേകതയുള്ള മൂക്കുമായി നിഷ്ക്കളങ്കതയുടെ മുഖശ്രീയായിരുന്നു എന്നും അവര്‍ക്ക്. ഉലച്ചിലില്ലാത്ത സൗന്ദര്യ സംരക്ഷണത്തില്‍, 54ാം വയസില്‍ മരിക്കുമ്പോഴും കാഴ്ചയില്‍ ചെറുപ്പംതന്നെയായിരുന്നു അവര്‍.
ഒരുപക്ഷേ ഇന്ത്യന്‍ സിനിമാ നടികളില്‍ നായകനെക്കാള്‍ നായികയുടെ പേരു നോക്കി സിനിമാകാണാന്‍ വരെ കാണികളെ പ്രചോദിപ്പിച്ച പേരാണ് ശ്രീദേവി എന്നത്. വിവാദ വ്യവസായംകൊണ്ട് നടികള്‍ നിലനില്പ്പുറപ്പിക്കാന് ശ്രമിക്കുമ്പോഴൊക്കെ അത്തരം കൃത്രിമങ്ങളൊന്നും കൂടാതെ നിലനില്ക്കാന് ഈ നടിക്കുകഴിയുമായിരുന്നു. റൊമാന്സും കോമഡിയും ആക്ഷനും തുടങ്ങി വിവിധ വൈഭവങ്ങളില്‍ തിളങ്ങി ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി നേടിയ നടിയാണ് ശ്രീദേവി. ബാലതാരം മുതല്‍ സൂപ്പര്താരംവരെയായിത്തിയ ഇവര്‍ ഇന്ത്യാക്കാരുടെ മുഴുവന്‍ സ്നേഹവും പിടിച്ചു പറ്റിയ അപൂര്‍വം നടികളില്‍ ഒരാളാണ്. മുന്നൂറോളം സിനിമകളില്‍ അവര്‍ അഭിനയിച്ചു.
ശ്രീദേവിയോട് മലയാളിക്കും വല്ലാത്തൊരു സ്നേഹമായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ആ മുഖം മലയാളത്തില്‍ കണ്ടിരുന്നു. ബോളിവുഡ് നടിയെന്ന് അവരെവാഴ്ത്തുമ്പോഴും മലയാള നടിയെന്നു പറയാനായിരുന്നു നമുക്കിഷ്ടം. തമിഴത്തിയാണെങ്കിലും മലയാളിയാണ് ശ്രീദേവിയെന്നായിരുന്നു പലരുടേയും ധാരണ. ഇരുപത്താറോളം മലയാള സിനിമകളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്.
സിനിമാ താരങ്ങള്‍ മരിച്ചാലും അവരുടെ സിനിമകള്‍ അവരെ ജീവിപ്പിച്ചുകൊണ്ടിരിക്കുമെന്നത് വലിയൊരു ഭാഗ്യമാണ്. കഥ പറയുന്ന കണ്ണുകളും മുഖശ്രീയുമായി ശ്രീദേവിയും പ്രേക്ഷകരില്‍ ഇനിയും ജീവിച്ചിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: