പേരില്‍ മാങ്ങയുണ്ടെങ്കിലും, ഇവ ഇഞ്ചിഗണത്തിലെ കേന്മാരാണ്. ഇഞ്ചിമാങ്ങ ഇന്ന് വന്‍ഡിമാന്റുള്ള പച്ചക്കറിയിനമായി മാറിയിരിക്കുകയാണ്. ഏത് കാലാവസ്ഥയിലൂം ഏത് ഭൂപ്രകൃതിയിലും ഇഞ്ചിമാങ്ങ കൃഷിചെയ്യാനും വിളവെടുക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത.
അത്ര പ്രചാരമില്ലാത്ത ഇഞ്ചിമാങ്ങകള്ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറിവരികയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇഞ്ചിക്കൊപ്പം ഇഞ്ചിമാങ്ങയും എത്തുന്നുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ ഇഞ്ചിക്കൊപ്പം ഇഞ്ചിമാങ്ങയും കൃഷിചെയ്യുന്നുണ്ട്.
ഏതൊരു വിളയും മൂപ്പെത്തിയതിനുശേഷമേ വിളവെടുക്കാനാകൂ. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വിളയാണ് ഇഞ്ചിമാങ്ങാ. സീസണ് ഒന്നും നോക്കാതെ നമുക്ക് എപ്പോള്‍ വേണമെന്നു തോന്നുന്നുവോ അപ്പോഴേല്ലാം പറിച്ചെടുത്ത് നല്ല ഒന്നാതരം ചമ്മന്തിയും അച്ചാറും ഉണ്ടാക്കാം. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ഒരേ പോലെ ഉപയോഗയോഗ്യമാണ്. മറ്റൊരു കാര്‍ഷിക വിളയ്ക്കും ഈ മേന്മ അവകാശപ്പെടാന്‍ സാധിക്കില്ല.
ലളിതമായ കൃഷിരീതികള്‍
മഞ്ഞളും കൂവയും കൃഷിചെയ്യുന്ന പോലെ വളരെ ലളിതമാണ് ഇഞ്ചിമാങ്ങയുടെ കൃഷിയും. തടയും വിത്തും നടീല്‍ വസ്തുവായി ഉപയോഗിക്കാം. പറിച്ചെടുത്ത് വിത്തുകള്‍ അടര്‍ത്തി മഞ്ഞള്‍ നടുന്ന രീതിയില്‍ പുരയിടത്തില്‍ ഒഴിവുള്ള ഭാഗത്ത് എവിടെയെങ്കിലും ഒരിക്കല്‍ നട്ടുപിടിപ്പിച്ചാല്‍ പിറ്റേ വര്‍ഷം മുതല്‍ വേണ്ടപ്പോഴൊക്കെ പറിച്ചെടുക്കാം. മറ്റ് വിളകള്‍ നശിക്കുന്നപോലെ ഇവ നശിച്ച് പോകാറില്ല.
പറിച്ചെടുക്കുമ്പോള്‍ അടര്‍ന്നു പോകുന്ന ചെറിയ വിത്തുകള്‍ വീണ്ടും തനിയെ കിളിര്‍ത്ത് വളര്‍ന്നുകൊള്ളും നമ്മള് മനപൂര്‍വം നശിപ്പിച്ചു കളഞ്ഞില്ലെങ്കില്‍ എത്ര നാള് കഴിഞ്ഞാലും നശിച്ചു പോകാതെ തല്‍സ്ഥാനത്ത് ഇഞ്ചിമാങ്ങയുണ്ടാകും. ചെടിച്ചട്ടി, പ്ലാസ്റ്റിക് ചാക്ക്, ഗ്രോബാഗ് എന്നിവയിലേതിലെങ്കിലും സൗകര്യം പോലെ നടാവുന്നതാണ്. യാതൊരുവിധ കീടബാധകളും ഈ ചെടിയെ ബാധിക്കാറില്ല.
വളവും കീടനാശിനിയും വേണ്ട
രാസ ജൈവ കീടനാശിനികളും വളങ്ങളും ഇഞ്ചിമാങ്ങയുടെ വളര്‍ച്ചക്ക് ഉപയോഗിക്കേണ്ട ആവശ്യമില്ല. ഭൂമിയില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം മാത്രം മതി ഇവയുടെ വളര്‍ച്ചക്ക്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഭാഗങ്ങളില്‍ വളരുന്ന ഇഞ്ചിമാങ്ങകള് മികച്ച കായ്കനികള്‍ നല്‍കുകയും ചെയ്യും. വിഷരഹിത വിഭവങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് എപ്പോഴും ഉപയോഗിക്കാന്‍ പറ്റുന്ന പച്ചക്കറിയിനമാണ് ഇത്.
വില്‍പ്പന
സാധാരണ വീടുകളില്‍ നട്ട് വളര്‍ത്തുന്ന പച്ചക്കറിയിനമാണ് ഇഞ്ചിമാങ്ങ. കേരളത്തില്‍ അത്ര പ്രചാരമില്ലാത്തതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്കറ്റുകളിലേക്ക് ഇവ എത്തുന്നുണ്ട്. ഇഞ്ചിമാങ്ങ വില്‍പ്പനക്കായി കൃഷിചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ മറ്റ് പച്ചക്കറികളുടെ ഇടവിളയായി ചെയ്യാന്‍ ശ്രദ്ധിക്കണം. സ്ഥലം പാഴാക്കാതെ കൂടുതല്‍ വരുമാനം ലഭിക്കാനും മറ്റ് പച്ചക്കറികള്‍ കൂടുതലായി കൃഷിചെയ്യാനും ഇതിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: