അഞ്ചര പതിറ്റാണ്ടുകള്‍ക്കുശേഷം തലശ്ശേരി താലൂക്കിന്റെ വടക്കുകിഴക്കുഭാഗത്തുള്ള മണത്തണയില്‍ പോകാന്‍ അവസരമുണ്ടായത് ആ ഭാഗത്തെ സ്വയംസേവക കുടുംബങ്ങള്‍ക്കും ഈയുള്ളവനും ഒരേപോലെ ആഹ്ലാദകരമായി. അക്കാലത്ത് നാട്ടുകാരുടെ മനസ്സില്‍ കോട്ടയം താലൂക്ക് എന്ന മനോഭാവം മാറിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പണ്ട് മലബാറിലെ താലൂക്കുകള്‍ ചിറയ്ക്കല്‍, കോട്ടയം, കടത്തനാട്, കുറുമ്പ്രനാട്, കോഴിക്കോട്, വയനാട് എന്നിങ്ങനെ ആയിരുന്നു. സ്വാതന്ത്ര്യലബ്ധിയും ഭാഷാ സംസ്ഥാന രൂപീകരണവും അതനുസരിച്ചു താലൂക്കുകളുടെയും ജില്ലകളുടെയും പുനഃക്രമീകരണവും വന്നപ്പോള്‍, പഴയ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങള്‍ മാറ്റി പുതിയവ സ്വീകരിക്കപ്പെട്ടു. ചിറയ്ക്കല്‍ കണ്ണൂരായി, കോട്ടയം തലശ്ശേരിയായി, കടത്തനാട് വടകരയും കുറുമ്പ്രനാട് കൊയിലാണ്ടിയുമായി. കൊയിലാണ്ടി പണ്ട് പന്തലായിനി ആയിരുന്നു. അവിടെ ഒരു കൊല്ലവുമുണ്ടായിരുന്നു. ഇപ്പോഴും ക്ഷമാപണപൂര്‍വം കൊല്ലവും അവിടത്തെ പിഷൗരി കാവും നിലനില്ക്കുന്നു.
കോട്ടയത്തിനും കൊല്ലത്തിനും ശക്തരായ അവകാശികള്‍ തെക്കുണ്ടായതിനെ ചെറുക്കാന്‍ വടക്കര്‍ക്കു കഴിഞ്ഞില്ല. ഏറ്റവും തെക്കെയറ്റത്തെ വേണാടിനെ മുഗള്‍ സര്‍ദാരിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വടക്കന്‍ കോട്ടയത്തുകാരന് ഒരു കേരളവര്‍മ്മ വേണ്ടിവന്നുവെന്നത് ചരിത്രമാണ്. ആ കേരള വര്‍മ്മയെ വേണാട്ടുകാര്‍ അത്താഴത്തില്‍ വിഷം കലര്‍ത്തി കൊന്ന് നന്ദികാട്ടിയെന്നും ചരിത്രമുണ്ട്.
അതൊക്കെ പഴയചരിത്രം. ഈ പ്രകരണം തുടങ്ങിയത് അഞ്ചരപതിറ്റാണ്ടുമുന്‍പ് വന്ന മണത്തണയില്‍ പോയത് ഓര്‍മിച്ചുകൊണ്ടാണല്ലോ. തൃച്ചെറുമനയെന്ന അതി പ്രാചീനമായ കൊട്ടിയൂര്‍ മഹാക്ഷേത്രത്തിന്റെ പ്രവേശ കവാടമായ കരിമ്പന ഗോപുരം മണത്തണയിലാണ്. ഇന്നത്തെ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രേട്ടന്റെ നേതൃത്വത്തില്‍ തലശ്ശേരിയിലെ സ്വയം സേവകര്‍ക്കൊപ്പം കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനംപോയതു മുതല്‍ അവിടവുമായുള്ള ബന്ധം തുടങ്ങുന്നു. അന്നു കേസരി പത്രാധിപരായിരുന്ന സാധുശീലന്‍ പരമേശ്വരന് പിള്ളയും (സമാധിയായ സ്വാമി പരമേശ്വരാനന്ദ സരസ്വതി) ഒപ്പമുണ്ടായിരുന്നു. ആ യാത്രയെപ്പറ്റി ഈ പംക്തികളില്‍ പലതവണ പരാമര്‍ശിച്ചിട്ടുണ്ട്. മണത്തണ ഗോപുരം കഴിഞ്ഞാല്‍ ക്ഷേത്രസങ്കേതത്തിലായി എന്നായിരുന്നു വിശ്വാസം. പിന്നീട് ശ്രീകോവിലിരിക്കുന്നിടം വരെ മതില്‍ക്കകമായി കരുതപ്പെട്ടുവന്നു. ഇന്നു കേരളത്തിലെ ഏറ്റവും വലുതും ധനധാന്യ സമൃദ്ധവുമായ കുടിയേറ്റ (കയ്യേറ്റ)മേഖലയായി അതു മാറിയിരിക്കുന്നു. ആകാശംമുട്ടുന്ന പള്ളികളാല്‍ സമൃദ്ധമാണ് പ്രദേശം മുഴുവന്‍. ക്ഷേത്രസങ്കേതത്തിന്റെ പവിത്രതയും പരിശുദ്ധിയും പഴങ്കഥ ആയതുപോലെ. ഹില്‍ഹൈവേ എന്ന നവീന സംസ്ഥാന പാത ആ വന (കുടിയേറ്റ) മേഖലയുടെ മധ്യത്തിലൂടെ പോകുന്നു.
ആദ്യ യാത്രയില്‍ത്തന്നെ അവിടെ സംഘപ്രവര്‍ത്തനമാരംഭിക്കണമെന്ന ചിന്തയുണ്ടായി. തലശ്ശേരി ചേറ്റംകുന്നിലെ ടി.കെ. കരുണാകരന്, തിരുവങ്ങാട്ടുള്ള കൊടിയൂര്‍ ദേവസ്വം മഠം, ധര്‍മ്മടത്തെ സി. ചിന്നേട്ടന്‍ തുടങ്ങിയവരില്‍ നിന്നാണ് അതിനാവശ്യമായ വിവരങ്ങള്‍ ലഭിച്ചത്. താലൂക്കിന്റെ കിഴക്കന്‍ മേഖലകളില്‍ സംഘബന്ധം സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയത് ചിന്നേടന്‍ തന്നെ ആയിരുന്നു. അഞ്ചരക്കണ്ടി, കീഴൂര്‍, ഇരിട്ടി മുതലായ സ്ഥലങ്ങളിലെ അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തിലുള്ളവരിലൂടെ എന്റെ മുന്‍ സഹായിയായിരുന്ന ശ്രീകൃഷ്ണ ശര്‍മ്മാജി ശാഖകള്‍ തുടങ്ങിയിരുന്നു. അഞ്ചരക്കണ്ടിയിലെ സി.എച്ച്. ബാലന്റെ ഭാര്യവീട് കീഴൂരിനടുത്തായിരുന്നതു വഴിയാണ് ചിന്നേട്ടന്‍ അവിടെ സമ്പര്‍ക്കമുണ്ടാക്കിയത്. അവിടത്തെ വാഴുന്നവര്‍ കുടുംബമായ കീഴൂരിടവും കളരികുരിക്കള്‍ കുഞ്ഞനന്തന്റെ സഹോദരന്മാരും മറ്റനേകം വീട്ടുകാരും ശര്‍മ്മാജിയുടെ സ്നേഹവലയത്തില്‍ പെട്ടു. കളരിമുറകളിലുള്ള ശര്‍മ്മാജിയുടെ പ്രാവീണ്യം കുഞ്ഞനന്തനുമായി പ്രത്യേക അടുപ്പം വരാനും സഹായിച്ചു. പേരാവൂരിനടുത്ത് മുരിങ്ങോടിയിലായിരുന്നു കുഞ്ഞനന്തന്റെ ഭാര്യാഗൃഹം. ആ വീട്ടുകാര്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നിട്ടും അദ്ദേഹത്തിന് അവര്‍ വഴി മണത്തണയില്‍ സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞു. കൂടാതെ കൊട്ടിയൂര്‍ ക്ഷേത്രോത്സവത്തില്‍ ചില പ്രത്യേകാവകാശാധികാരങ്ങള്‍ ഉള്ള ‘കൈക്കോറന്മാര്‍’ വകുപ്പില്‍പ്പെട്ടവരായതിനാല്‍ കുരിക്കള്‍ക്ക് മണത്തണയില്‍ പ്രത്യേക സാംഗത്യവും വന്നു.
മണത്തണയില്‍ ശാഖാപ്രവര്‍ത്തനത്തിന് ഹരിശ്രീ കുറിക്കാന്‍ ദിവസം നിശ്ചയിച്ചശേഷം കീഴൂര്‍ താഴെ മൂലയിലുള്ള ബാലകൃഷ്ണനുമൊരുമിച്ചാണ് ആദ്യയാത്ര നടത്തിയത്. അന്നവിടെ ചെറുപ്പക്കാരായ പത്തിരുപതുപേര്‍ ഒരുമിച്ചു കൂടിയിരുന്നു. സംഘത്തിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങളും പ്രവര്‍ത്തന സമ്പ്രദായങ്ങളും മറ്റും വിശദീകരിച്ചുകൊടുത്ത ശേഷം എല്ലാവരും പിരിഞ്ഞു. അന്ന് പങ്കെടുത്തവരില്‍ വിദ്യാര്‍ത്ഥി ആയിരുന്ന പി.പി. മുകുന്ദന് പിന്നീട് സംഘത്തിലും ബിജെപിയിലും സമുന്നത ചുമതലകള്‍ വഹിക്കുകയും ജന്മഭൂമിയുടെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യ ദിവസം മണത്തണപ്പാറയിലുള്ള ഒരു പീടികയുടെ മുകളിലെ മുറിയില്‍ കെ.പി. ഗോവിന്ദനൊപ്പം കഴിഞ്ഞു. അദ്ദേഹത്തിന് പിറ്റേന്ന് തലശ്ശേരിയില്‍ ഒരു ടെസ്റ്റ് എഴുതാനുണ്ടായിരുന്നു. രാത്രിയില്‍ മെഴുകുതിരി വെട്ടത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതശൈലിയെ മാറ്റിമറിച്ചുവത്രേ. ഗോവിന്ദന് പിന്നീട് തപാല്‍ വകുപ്പില്‍ ജോലി ലഭിച്ചു. തിരുവനന്തപുരത്തെ പരിശീലനവും പലയിടങ്ങളിലും സേവനവും എല്ലായിടത്തും സംഘപ്രവര്‍ത്തനവുമായി, ഈയിടെ സംഘചാലക ചുമതലയില്‍ നിന്ന് നിവൃത്തനായി കഴിയുന്നു. ഇത്തവണത്തെ മണത്തണ യാത്രയ്ക്ക് കാരണം അദ്ദേഹത്തിന്റെ നിര്‍ബന്ധം തന്നെ ആയിരുന്നു.
അക്കാലത്തെ മിക്ക സ്വയംസേവകരും വൃദ്ധരായിട്ടാണ് മുന്നില്‍ അവതരിച്ചത്. ഇന്ന് സജീവമായുള്ളത് രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും സ്വയംസേവകരാണ്.മണത്തണയുടെ ആദ്ധ്യാത്മികാചാര്യനായിരുന്ന സമാധിസ്ഥനായ ദയരപ്പശ്ശന്‍ എന്ന നതാനന്ദ മന്ത്രദീക്ഷ നല്കിയ നൂറുകണക്കിന് സാധകരും അവിടെ സ്വയംസേവകരായുണ്ട്. ഘടദീപമായി കഴിഞ്ഞ അദ്ദേഹത്തെ സ്വര്‍ഗീയ മാധവജിയാണ് പൊതുജന ശ്രദ്ധേയനാക്കിയതത്രേ. സംഘചാലക് ചന്ദ്രേട്ടനും അദ്ദേഹത്തില്‍നിന്നു ദീക്ഷ സ്വീകരിച്ച ആളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്തിരുന്ന ആറളത്തെ വത്സന്, ദയരപ്പശ്ശനെ കുറിച്ച് സുദീര്‍ഘ വിവരങ്ങള്‍ നല്കുന്ന കത്തുകള്‍ അയയ്ക്കാറുണ്ടായിരുന്നു. പൂര്‍വാശ്രമത്തില്‍ മണത്തണയിലെ കോമത്ത് തറവാട്ടിലെ ആയിരുന്നുവെന്നറിഞ്ഞപ്പോള്‍ ആളെ ഓര്‍മ്മ വന്നു. വിവേകാനന്ദ ഗ്രാമസേവാ സമിതിയുടെ ആസ്ഥാനമായി നിര്‍മിക്കപ്പെട്ട കാര്യാലയത്തില്‍ ആചാര്യശിഷ്യന്മാര്‍ക്കു സമ്മേളിക്കാനും പ്രത്യേക ഇടം വ്യവസ്ഥ ചെയ്തിരിക്കുന്നു. ചെറുതെങ്കിലും ഭവ്യമായ ചടങ്ങുകളോടെ അന്നത്തെ ദിവസം ആഹ്ലാദത്തോടെ ചെലവഴിച്ചു.
പത്നീ സമേതനായാണ് മണത്തണക്കുപോയത് എന്നത് അവിടത്തുകാര്‍ക്ക് ഏറെ സന്തോഷത്തിനു വക നല്കി. ഞങ്ങള്‍ക്കും. ആദ്യകാല സ്വയംസേവകരുടെ വീടുകളില്‍ ചെന്നപ്പോള്‍ അവര്‍ക്കുണ്ടായ വികാരങ്ങള്‍ വാക്കുകള്‍ക്കതീതമായിരുന്നു. ആദ്യകാലത്തു സജീവമായിരുന്ന, കോമത്ത് എന്നു വിളിച്ചുവന്നയാളുടെ മകന്റെ കൂടെയാണ് താമസിച്ചത്.മണത്തണയില്‍ അക്കാലത്തുണ്ടായിരുന്ന യുപി സ്കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആ സ്കൂള്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മ നല്‍കുന്നതാണ്. ശാഖ സജീവമാകുകയും, ബാല സ്വയംസേവകര്‍ നല്ല സംഖ്യയില്‍ പങ്കെടുക്കുകയും ചെയ്തുവന്ന കാലം. ഒരുച്ചതിരിഞ്ഞു അവിടെയെത്തി കണ്ണേട്ടന് എന്നയാളുടെ ചായപ്പീടികയിലേക്ക് നടന്നുപോകുമ്പോള്‍ ‘നാരായണ്‍ജി വന്നെടാ’ എന്നു താന്‍ വിളിച്ചുപറഞ്ഞതുകേട്ട് കുട്ടികളൊക്കെ ക്ലാസിക്കല്‍ നിന്നു പുറത്തുവന്നു റോഡരികില്‍ എത്തിയ സംഭവം പില്ക്കാലത്ത് കോട്ടയം ജില്ലയില്‍ പ്രചാരകനായിരുന്ന സി. രാമചന്ദ്രന് പരിപാടിക്കിടെ അനുസ്മരിച്ചു.
ഗതാഗതസൗകര്യം കാല്‍നടയും കാളവണ്ടിയും മാത്രമായിരുന്ന അവസ്ഥയില്‍നിന്ന് സര്‍വകാല ഹൈവേകള്‍ തിളങ്ങിനില്‍ക്കുന്ന സ്ഥിതിയിലേക്ക് മണത്തണ മാറി. എന്നാല്‍ അതിനനുസരിച്ച് സംഘപ്രസ്ഥാനങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചോ എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരമില്ല. അത് അവിടത്തെ സ്വയംസേവകരും സംഘബന്ധുക്കളും ശ്രദ്ധിക്കേണ്ട കാര്യമായി തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: