സ്വപ്രയത്നം കൊണ്ട് ചിത്രകലയെ കൈക്കുമ്പിളിലാക്കിയ കലാകാരനാണ് സി.വി.ഹരീന്ദ്രന്‍. സ്കൂളിലും കോളേജിലുമൊക്കെ പഠിച്ചിരുന്ന കാലത്തേ തുടങ്ങിയതാണ് ചിത്രകലയോടുള്ള കമ്പം. അന്നൊക്കെ പത്രങ്ങളില്‍ വന്നിരുന്ന സിനിമാ പരസ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ക്ക് പുറംചട്ടകളാക്കിയപ്പോള് സ്വന്തമായി വരച്ചെടുത്തവയായിരുന്നു ഹരീന്ദ്രന്റെ പുസ്തകങ്ങളുടെ പുറംചട്ട. അങ്ങനെ ഹരീന്ദ്രന്റെ വര ക്ലാസ്സ്മുറികളില്‍ ഹിറ്റായപ്പോള്‍ ആ വരകള്‍ക്ക് ആവശ്യക്കാരുമേറി. സഹപാഠികള്‍ സന്തോഷത്തോടെ നല്കുന്ന പ്രതിഫലത്താല്‍ ഹരിക്ക് സിനിമകള്‍ മുടങ്ങാതെ കാണാനും സാധിച്ചു.
സിനിമാ സംവിധായകന് ആവണം എന്ന ആഗ്രഹവുമായി മദ്രാസിനു വണ്ടികയറിയ ഹരിക്ക് പോസ്റ്റര്‍ ഡിസൈനിംഗിനുള്ള അവസരമാണ് തെളിഞ്ഞുകിട്ടിയത്. എണ്‍പതുകളില്‍ മൂന്നുനാലു സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ച ഹരീന്ദ്രന്‍ പിന്നീട് വര്‍ഷങ്ങളോളം പരസ്യകലാകാരനായാണ് പ്രവര്‍ത്തിച്ചത്.
സ്വന്തം നാടായ ഹരിപ്പാട്ടുനിന്നും എറണാകുളത്തേക്കു ചേക്കേറിയ ഹരീന്ദ്രന്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി പരസ്യകലയില്‍ സജീവമാണ്. അതോടൊപ്പം കഥാരചനയും ഹരീന്ദ്രനു വഴങ്ങും. ‘റിനവേഷന്’, ‘കുറിഞ്ഞി – കണ്ണടച്ചു പാലുകുടിക്കാന്‍ ഇഷ്ടപ്പെടാത്തവള്‍’ എന്നീ രണ്ടു കഥാസമാഹാരങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ആദ്യ സമാഹാരത്തിന് സി. രാധാകൃഷ്ണനായിരുന്നു അവതാരിക എഴുതിയത്. രണ്ടാമത്തേതിന് കെ.എല്‍.മോഹനവര്‍മ്മയും. കേരള സാഹിത്യ മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതോടെ മോഹനവര്‍മ്മയുടെ പ്രിയമിത്രമായി ഹരീന്ദ്രന്‍. ഇക്കഴിഞ്ഞ വര്‍ഷം വര്‍മ്മയുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ഹരിയെ ക്ഷണിച്ചതിനു പിന്നിലും ആ സുഹൃദ് ബന്ധം തന്നെയായിരുന്നു. പക്ഷേ ആ ‘ക്ഷണം’ ഹരീന്ദ്രന്റെ കലാജീവിതത്തെ മാറ്റിമറിച്ചത് മറ്റൊരു കഥ!അദ്ദേഹത്തിന്റെ പിറന്നാളിന് തികച്ചും വ്യത്യസ്തമായ ഒരു സമ്മാനം നല്‍കണമെന്ന് ഹരിക്കു നിര്‍ബ്ബന്ധമായിരുന്നു. അങ്ങനെയാണ് മോഹനവര്‍മ്മയുടെ ഒരു സ്ക്കെച്ചു വരയ്ക്കാന്‍ ശ്രമിച്ചത്. എച്ച്.ബി. പെന്‍സില്‍ കൊണ്ട് ഹാന്‍ഡ്മെയ്ഡ് പേപ്പറില്‍ തീര്‍ത്ത സ്കെച്ച്
പിറന്നാള്‍ സമ്മാനമായി മാറി. അന്ന് അദ്ദേഹം ഒരു നിര്‍ദ്ദേശവും നല്കി. ”മലയാള സാഹിത്യകാരന്മാരുടെ ചിത്രങ്ങള്‍ വരച്ച് അവയുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കണം, ഹരിക്ക് അതിനു കഴിയും”. ആദ്യം ഒന്നുപകച്ചുപോയെങ്കിലും ഒരു’കൈ’ നോക്കാമെന്നായി ഹരി. പിന്നീടങ്ങോട്ട് ആറുമാസത്തോളം വരയുടെ മായികലോകത്തായിരുന്നു. ”അന്പത്തൊന്നക്ഷരാളിയെ” മനസ്സില്‍ ധ്യാനിച്ചുകൊണ്ട് 51 സാഹിത്യ പ്രതിഭകളെ ആറുമാസംകൊണ്ട് വരച്ചുതീര്‍ത്തു. ചിത്രകാരനായ കലാധരന്റെ നിര്‍ദ്ദേശം സ്വീകരിച്ച് അത് അമ്പത്തിനാലാക്കി. എല്ലാം കണ്ണാടിയിട്ട് ഫ്രെയിം ചെയ്യിച്ചെടുത്തു.
2017 ജൂലൈ അവസാനവാരം എറണാകുളം ഡര്‍ബാര്‍ ഹാളില്‍ അഞ്ചുദിവസത്തെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ചിത്രപ്രദര്‍ശനത്തില്‍ സ്വന്തം ചിത്രങ്ങള്‍ കാണാന്‍ എഴുത്തുകാരായ എം.കെ.സാനു, സി.രാധാകൃഷ്ണന്, കെ.എല്‍.മോഹനവര്‍മ്മ എന്നിവരെത്തിയത് ഒരു വലിയ അംഗീകാരമായി മനസ്സില്‍ സൂക്ഷിക്കുന്നു. വരികളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരെ വരകളിലൂടെ പുനഃസൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ”ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്സ്” പഠിക്കണമെന്ന മോഹം പൂവണിഞ്ഞില്ലെങ്കിലും തന്റെ വരകള്‍ കണ്ട് നൂറുകണക്കിനാളുകള്‍ ”ഫൈന്‍” എന്ന് രേഖപ്പെടുത്തുമ്പോള്‍ ഹരിയുടെ വരകള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ കൂടിയാണവ. വരകളുടെ ലോകത്ത് ഔപചാരിക പഠനങ്ങള്‍ക്ക് അവസരം ലഭിക്കാത്ത ഹരീന്ദ്രന്റെ ചിത്രങ്ങള്‍ കാണികള്‍ക്ക് സമ്മാനിക്കുന്ന ദൃശ്യാനുഭവം തികച്ചും വിസ്മയാവഹമാണ്.
കഥകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഹരീന്ദ്രന്‍ ഇടയ്ക്കു കവിതകളും കുറിയ്ക്കാറുണ്ട്. അടുത്തിടെയാണ് നൂറുദിവസംകൊണ്ട് ”സുപ്രഭാതശതകം” എഴുതിത്തീര്‍ത്തത്. ”എഴുത്തുപുര” എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഓരോ ദിവസവും നാലുവരിക്കവിതകളെഴുതിയാണ് നൂറുതികച്ചത്. നൂറുദിവസംകൊണ്ട് നാരായണീയമെഴുതിയ മേല്പ്പുത്തൂരിനോടുള്ള ഭക്ത്യാദരവിലാണ് ഈ രചനാമാര്‍ഗം സ്വീകരിച്ചത്.
വരകളിലും വരികളിലും ഒരുപോലെ ശോഭിക്കുന്ന ഈ കലാകാരന് മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരെയെല്ലാം ഇതിനോടകം വരച്ചുകഴിഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്, അക്കിത്തം, എം.ടി, എം.മുകുന്ദന്, കാക്കനാടന്, എം.ലീലാവതി, മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, ബാലചന്ദ്രന് ചുള്ളിക്കാട്….. അങ്ങനെ നീളുന്നു ഹരീന്ദ്രന്റെ വരകളിലൂടെയുള്ള സാഹിത്യ സഞ്ചാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: