കൊച്ചി: അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ കൊച്ചി കപ്പല്‍ശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. കപ്പല്‍ശാലാ അധികൃതര്‍ക്ക് സുരക്ഷാ വീഴ്ചയുണ്ടായെന്നുള്ള ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.
സര്‍ക്കാറിന് കൈമാറിയ റിപ്പോര്‍ട്ടില്‍ നിയമ നടപടിയെടുക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. അസറ്റ്ലിന്‍ വാതകം ചോര്‍ന്നാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്ക് മുമ്പ് ജോലി സ്ഥലം വിശദമായി പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പാക്കണമായിരുന്നു. അതിനുശേഷമേ പണിയെടുക്കുന്നതിനുള്ള അനുമതി നല്‍കാവൂ. എന്നാല്‍ കപ്പല്‍ശാല ഉദ്യോഗസ്ഥര്‍ ഇതില്‍ വീഴ്ച വരുത്തി. അതിനാല്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ആക്ട് സെക്ഷന്‍ 92 പ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ നിയമ നടപടി നേരിടണം.
വാതകച്ചോര്‍ച്ചയുണ്ടായതിനു പിന്നാലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാകാം തീപിടിക്കാന്‍ കാരണം. കപ്പലിലെ മൂന്നാമത്തെ ഡക്കിലായിരുന്നു അറ്റകുറ്റപ്പണി നടന്നത്. ഇതേ സമയത്ത് ഒന്നും രണ്ടും ഡക്കുകളില്‍ വെല്‍ഡിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ചോര്‍ന്ന അസറ്റ്ലിന്‍ വാതകം മുകളിലത്തെ ഡക്കുകളിലേക്ക് എത്തിയായിരിക്കും തീപിടിത്തമുണ്ടായതെന്നുമാണ് നിഗമനം. സാഗര്‍ഭൂഷണ്‍ കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു തൊഴിലാളികള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: