ഡമാസ്‌ക്കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്‌ക്കസില്‍ വിമത മേഖലയില്‍ സൈന്യം നടത്തിയ ശക്തമായ ബോംബ് ആക്രമണത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടു. വിമതമേഖല തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ പീരങ്കിപ്പടയും യുദ്ധവിമാനങ്ങളും ആക്രമണം നടത്തി. ഡമാസ്‌ക്കസിലെ കിഴക്കന്‍ ഗ്വോട്ടയിലാണ് 24 മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണം നടന്നത്.
ആക്രമണത്തില്‍ ഇരുപതോളം കുട്ടികള്‍ കൊല്ലപ്പെട്ടു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളിലാണ് പ്രധാനമായും ഷെല്ലിംഗ് നടന്നതെന്ന് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ നിരീക്ഷക സംഘത്തിന്റെ തലവന്‍ റാമി അബ്ദേല്‍ റഹ്മാന്‍ പറഞ്ഞു. ഞായറാഴ്ചയാണ് സൈന്യം ബോംബ് ആക്രമണം ആരംഭിച്ചത്. യുദ്ധവിമാനങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ചലിക്കുന്ന എല്ലാത്തിനും നേരെ വെടിയുതിര്‍ത്തതായി പറയുന്നു.
















