അങ്കമാലി: മൂക്കന്നൂര്‍ എരപ്പില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയായി ബാബുവിനെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് കൊണ്ടുവന്നു. തിങ്കളാഴ്്ച ഉച്ചയ്ക്ക് 1.15നാണ് ബാബുവിനെ രഹസ്യമായി പോലീസ് കൊണ്ടുവന്നത്. ജനരോഷം ഭയന്ന് പോലീസ് ഇതുവരെ പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചിരുന്നില്ല.
സംഭവം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് തെളിവെടുപ്പ് നടത്താനായത്. റിമാന്‍ഡില്‍ കഴിയുന്ന ബാബുവിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അങ്കമാലി പോലീസ് തിങ്കളാഴ്ചയാണ് കസ്റ്റഡില്‍ വാങ്ങിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ആദ്യംതന്നെ തെളിവെടുപ്പിനായി കൊണ്ടുവന്നു. സിഐ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് പോലീസ്് സംഘം എത്തിയത്. തെളിവെടുപ്പിനായി എത്തുന്ന വിവരം
നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അരമണിക്കൂറിനുള്ളില്‍ തെളിവെടുപ്പ്് നടത്തി പോലീസ്് മടങ്ങുകയും ചെയ്തു.
സംഭവം നടക്കുമ്പോള്‍ ബാബുവിനോടൊപ്പം ഉണ്ടായിരുന്ന മരംവെട്ടുകാരന് ശിവനെയും പോലീസ് തെളിവെടുപ്പിനായി വിളിപ്പിച്ചിരുന്നു. കൂടാതെ കൊല്ലപ്പെട്ട ശിവന്റെ സഹോദരന് ഷാജിയുടെ ഭാര്യ ഉഷയെയും വിളിപ്പിച്ചു. ഉഷയും സംഭവത്തിന് ദൃക്്സാക്ഷിയാണ്. തറവാട്ടുവളപ്പിലെ മരംവെട്ടുന്നതിന് എതിര്പ്പുനിന്നതിനാണ് സഹോദരനെയും മറ്റും വെട്ടികൊന്നതെന്നാണ് പ്രതി മൊഴിനല്കിയിരിക്കുന്നത്. ജേഷ്ഠന് ശിവന്റെ ഭാഗത്ത്് നിന്നും പ്രകോപനമുണ്ടായതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം നടന്ന വീടുകളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. മൂക്കന്നൂര്‍ അക്ഷയകേന്ദ്രത്തിലേക്കും പോലീസ് തെളിവെടുപ്പിനായി പോയി.
ബാബു, സഹോദരന് ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെ കൊലപ്പെടുത്താനായി മൂക്കന്നൂര്‍ അക്ഷയകേന്ദ്രത്തിലെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് അക്ഷയകേന്ദ്രത്തില്‍ എത്തിയത്.
12ന് വൈകിട്ട് 5.45ന് മൂക്കന്നൂര്‍ എരപ്പ് സെയ്ന്റ് ജോര്‍ജ് കപ്പേളയ്ക്ക് സമീപം അറയ്ക്കല്‍ വീട്ടില്‍ ശിവന് (62),ശിവന്റെ ഭാര്യ വല്‍സ (58), മൂത്ത മകളും എടലക്കാട് സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരെയാണ് ശിവന്റെ അനുജന് ബാബു വെട്ടികൊലപ്പെടുത്തിയത്. സ്മിതയുടെ ഇളയ മകന് അശ്വിനെയും ബാബു വെട്ടിയിരുന്നു. കൊലപാതകത്തിനു ശേഷം കൊരട്ടി ചിറങ്ങരയിലെ ക്ഷേത്രക്കുളത്തില്‍ സ്കൂട്ടറുമായി ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച ബാബുവിനെ (45) നാട്ടുകാരും പോലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു. വെട്ടുകത്തി കുളത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: