1978 ജൂലൈ രണ്ടാംവാരം. കോരിച്ചൊരിയുന്ന മഴയും കാറ്റും വകവയ്ക്കാതെ ആ പത്രാധിപര്‍ കാടുകയറി. തിരുനെല്ലിക്കാടുകളിലെ ആദിവാസി ഊരില്‍ പട്ടിണി മരണം എന്ന പത്രവാര്‍ത്തയാണ് അമ്പാട്ട് സുകുമാരന്‍ നായര്‍ എന്ന ആ പത്രാധിപരെ കാട്ടിനുള്ളിലെത്തിച്ചത്. അതൊരു തുടക്കമായിരുന്നു. കേരള ജനതയ്ക്ക് അന്നോളം അന്യമായിരുന്ന ആദിവാസി സമൂഹത്തിന്റെ നരകയാതനകള്‍ പൊതുസമൂഹം അറിഞ്ഞുതുടങ്ങി. കൊടുംകാടിനുള്ളില്‍ വനവാസികളെ തേടിയുള്ള അദ്ദേഹത്തിന്റെ യാത്രകള്‍ ഇവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി. കോളനികളിലെ കുടിലുകളില്‍ താമസിച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച്, കണ്മുന്നില് കണ്ട കാഴ്ചകള്‍ തന്റെ പത്രാധിപത്യത്തിലുള്ള മംഗളം വാരികയില്‍ ലേഖന പരമ്പരകളാക്കി.
സര്‍ക്കാര്‍ കണക്കുകളില്‍ പോലും പേരോ വോട്ടവകാശമോ ഇല്ലാതിരുന്ന ആദിവാസി വിഭാഗത്തിന്റെ ദാരുണ ചിത്രം ആദ്യമായി പൊതുസമൂഹത്തിന് മുമ്പില്‍ അദ്ദേഹം തുറന്നുവച്ചു. അടിമത്തത്തിനെതിരെ പരമ്പരയിലൂടെ ആഞ്ഞടിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പരിഗണന പോലും അടിമകള്‍ക്ക് ജന്മികള് നല്‍കിയിരുന്നില്ല. കൊടുംതണുപ്പിലും പുലരും മുതല്‍ പകലന്തിയോളം പണിയെടുപ്പിച്ചു. ഈറ്റ ഇലയില്‍ ഉണ്ടാക്കിയ കൊരമ്പ് ധരിച്ചായിരുന്നു അവര്‍ അതിശൈത്യത്തെ അതിജീവിച്ചത്. യജമാനനോട് കണക്കുപറയാന്‍ അവകാശമുണ്ടായിരുന്നില്ല. പുരുഷന്മാര്ക്ക് പ്രതിദിനം രണ്ടുവാളം നെല്ലായിരുന്നു കൂലി. ഈ നെല്ല് വറുത്തുകുത്തി അരിയാക്കിയായിരുന്നു ഇവരുടെ ഭക്ഷണം. അടിമകളെ പണയം വയ്ക്കുന്ന സമ്പ്രദായവും നിലനിന്നു.
കാട്ടിനുള്ളില്‍ നിന്ന് നാട്ടിലെത്തിച്ച് പുനരധിവസിപ്പിച്ചവരുടെ കാര്യം ഇതിലും കഷ്ടം. തൊഴില്‍ സ്ത്രീകള്‍ക്കുമാത്രം. പുരുഷന്മാര് വാറ്റുചാരായത്തിന്റെ അടിമകളായി. റേഷന്‍ പോലും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമി കയ്യേറ്റക്കാര്‍ തട്ടിയെടുത്തു. ഒരുകൂട്ടര്‍ വഴിതെറ്റിയ ജീവിതത്തിന് അടിമകളായി. ഇവരുടെ കഥകള്‍ അച്ചടിച്ച വാരിക ആദിവാസികള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു.
പരമ്പരയെത്തുടര്‍ന്ന് ആദിവാസികളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നു. കോടിക്കണക്കിന് രൂപ ആദിവാസികള്‍ക്കുവേണ്ടി ചെലവഴിച്ചു. നിരവധി പദ്ധതികള്‍ക്ക് രൂപരേഖയായി. അതുകൊണ്ട് ആദിവാസി സമൂഹത്തിന് ഉയര്‍ച്ചയുണ്ടായോ എന്നത് മറ്റൊരു ചോദ്യം. പത്രത്താളുകളിലെ അരക്കോളം വാര്‍ത്തയില്‍ ഒതുങ്ങിയിരുന്ന ആദിവാസി പ്രശ്നങ്ങള്‍ മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. സാധാരണക്കാരന് മനസ്സിലാകുന്ന തരത്തില്‍ ലളിതഭാഷയിലായിരുന്നു അമ്പാട്ടിന്റെ രചനാ ശൈലി.
മംഗളം വാരികയുടെ സ്ഥാപക പത്രാധിപരായിരുന്ന സുകുമാരന്‍ നായര്‍ വാണിജ്യ വിജയത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ഒരുപരിധിവരെ ഊന്നല്‍ നല്‍കിയിരുന്നു. അതുകൊണ്ടാണ് പത്രവാര്‍ത്തയ്ക്ക് പിന്നിലെ അജ്ഞാത കാരണങ്ങള്‍ തേടി കാടുകയറാന്‍ തയ്യാറായത്.
അക്ഷരങ്ങള്‍ അഗ്നിയില്‍
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു അക്ഷരങ്ങളെ അഗ്നിയില്‍ ദഹിപ്പിച്ചത്. ‘മ’ പ്രസിദ്ധീകരണങ്ങള്‍ എന്ന പേരിട്ട് ആ പ്രസിദ്ധീകരണങ്ങള്‍ അവര്‍ തെരുവില്‍ കൂട്ടിയിട്ട് കത്തിച്ചു. കടകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പ്രസിദ്ധീകരണങ്ങള്‍ ബലമായി എടുത്തുകൊണ്ടുപോയി നശിപ്പിച്ചു. ജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന കുറ്റം ചുമത്തിയായിരുന്നു അത്. പക്ഷേ യാഥാര്‍ത്ഥ്യം അതായിരുന്നില്ല. ചൂഷണം ചെയ്ത നേതാക്കള്‍ക്കെതിരെ തൊഴിലാളികള്‍ ഇന്‍ക്വിലാബ് വിളിക്കാന്‍ തുടങ്ങിയതായിരുന്നു പ്രകോപനത്തിന് കാരണമായത്. പുരോഗമനത്തിന്റെ പേര് പറഞ്ഞ് അക്ഷരത്തെ അഗ്നിക്കിരയാക്കിയവര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിരോധാഭാസത്തിനും പിന്നീട് കേരളം സാക്ഷിയായി.
യഥാര്‍ത്ഥ വസ്തുതകള്‍
സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ദുരിതവും ദുരവസ്ഥയും അതോടൊപ്പം ആ മേഖലയിലെ ചൂഷണങ്ങളും സുകുമാരന്‍ നായരുടെ ലേഖനങ്ങളിലൂടെ പുറത്തുവന്നു. വായനയിലൂടെ അറിവ് നേടിയ തൊഴിലാളിവര്‍ഗ്ഗം ചൂഷകരെ തിരിച്ചറിഞ്ഞു തുടങ്ങി. അണികളുടെ അജ്ഞതയെ മുതലെടുത്തിരുന്ന നേതാക്കളെ അവര്‍ ചോദ്യംചെയ്തു. സുകുമാരന്‍ നായര്‍ തുടങ്ങിവച്ച ഈ പ്രവണതയാണ് ഇടത് സാംസ്കാരിക പ്രവര്‍ത്തകര്‍ അക്ഷരങ്ങളെ ശത്രുവായി കാണാന്‍ കാരണം. പാരമ്പര്യ സംഘടിത തൊഴില്‍ മേഖലകളെ സമഗ്രമായി പഠിച്ച് സചിത്രലേഖനം പ്രസിദ്ധീകരിച്ച് തുടങ്ങി. തോട്ടം തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍, കയര്‍മേഖല എന്നിങ്ങനെയുള്ള മേഖലകളെല്ലാം ലേഖനവിഷയങ്ങളായി. തൊഴിലാളികള്‍ അതൊക്കെ ആവേശത്തോടെ വായിച്ചെങ്കിലും തോട്ടം ഉടമകള്‍ക്കും തൊഴിലാളി നേതാക്കള്‍ക്കും അത് പലവിധ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഈ രചനാ സമ്പ്രദായം തുടര്‍ന്നുപോയാലുള്ള അപകടം മുന്‍കൂട്ടി കണ്ടാണ് അവര്‍ പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ തിരിഞ്ഞത്. ഒരു സംഘടിത പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടയെന്ന നിലയില്‍ വിഷയം ഏറ്റെടുത്തപ്പോള്‍ അത് സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കി എന്നതും വാസ്തവം. പ്രസിദ്ധീകരണം വാങ്ങുന്നവരെയും വായനക്കാരെയും കളിയാക്കാനും പിന്തിരിപ്പിക്കാനും പരസ്യമായി ആക്ഷേപിക്കാനും തുടങ്ങി. ഇതോടെ ചിലരെങ്കിലും വായനയില്‍ നിന്ന് പിന്തിരിഞ്ഞു.
പത്രാധിപര്‍ക്ക് പിന്നിലെ സോഷ്യലിസ്റ്റ്
രാഷ്ട്രീയ രംഗത്തു നിന്നാണ് അമ്പാട്ട് സുകുമാരന്‍ നായര്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ (പിഎസ്പി) കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും കടുത്ത സോഷ്യലിസ്റ്റ്വാദിയുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ കടുത്ത അനുയായി. അക്കാലത്ത് ഫെര്‍ണാണ്ടസ് കേരളത്തില്‍ വന്നാല്‍ പ്രസംഗ പരിഭാഷ സുകുമാരന്‍ നായരാവും നടത്തുന്നത്. ഹിന്ദിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയതും കുറേക്കാലത്തെ ഉത്തരേന്ത്യന്‍ വാസവും അതിന് തുണയായി. പക്ഷേ സാഹിത്യകാരന്റെ സങ്കല്പ ജീവിതമല്ലല്ലോ പ്രായോഗിക രാഷ്ട്രീയം. പാര്‍ട്ടിയിലെ അഴിമതിയും ധൂര്‍ത്തും സഹിക്കാനാവാതെ പലതവണ പൊട്ടിത്തെറിച്ചു. ആ പൊട്ടിത്തെറിയില്‍ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ഒരു പരിക്കും പറ്റിയില്ല. ഒടുവില്‍ മനസാക്ഷിയുടെ ഉള്‍വിളികേട്ട് പാര്‍ട്ടിവിടാന്‍ തീരുമാനിച്ചു.
പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ടുണ്ടായ രണ്ട് നേട്ടങ്ങളില്‍ ഒന്നായിരുന്നു മാങ്കുളം ഭൂസമരവുമായി ബന്ധപ്പെട്ടുള്ള മൂന്ന് മാസത്തെ ജയില്‍വാസം. രണ്ടാമത്തേത് പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാനായി. പിഎസ്പിയുടെ മുഖപത്രമായ മാറ്റത്തിന്റെ എല്ലാമെല്ലാം ആയിരുന്നു അന്ന് സുകുമാരന്‍ നായര്‍. എഡിറ്റിങ് മുതല്‍ പ്രസിദ്ധീകരണം പോസ്റ്റ് ചെയ്യുന്നതുവരെയുള്ള ജോലികള്‍ സ്വയം ചെയ്തു. പില്ക്കാലത്ത് സജീവ പത്രപ്രവര്‍ത്തകനായപ്പോള്‍ ഈ അനുഭവങ്ങള്‍ ഏറെ ഗുണകരമായതായി അമ്പാട്ടുതന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ മാറ്റം എന്ന പ്രസിദ്ധീകരണം സമൂഹത്തില്‍ മാറ്റമുണ്ടാക്കിയില്ലെങ്കിലും സ്വജീവിതത്തില്‍ മാറ്റം വരുത്തിയതായി അദ്ദേഹം പറയാറുണ്ട്.
ഒരുകാലത്ത് മലയാള മാദ്ധ്യമരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയ പത്രമാണ് കേരള ഭൂഷണം. അന്ന് ഡോ. ജോര്‍ജ്ജ് തോമസ് ആയിരുന്നു അതിന്റെ ഉടമയും പത്രാധിപരും. അക്കാലത്ത് ഞായറാഴ്ചകളില്‍ പത്രം പ്രസിദ്ധീകരിച്ചിരുന്നില്ല. ആ പതിവ് തെറ്റിച്ചത് അമ്പാട്ടാണ്. കേരളഭൂഷണത്തിലൂടെയായിരുന്നു അമ്പാട്ട് പ്രൊഫഷണല്‍ പത്രപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. പിന്നീട് ജനപ്രിയ പ്രസിദ്ധീകരണങ്ങളിലേക്ക് ചുവട് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: