തെങ്ങില്‍ തേങ്ങ ആവശ്യത്തിന് ഉണ്ടെങ്കിലും തേങ്ങയിടാന്‍ ഇന്ന് ആളെ കിട്ടുന്നില്ല. തെങ്ങുകയറ്റ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവരുടെ കൂലിയും ഇരട്ടിയാക്കിയിരിക്കുകയാണ്. പലപ്പോഴും തേങ്ങ ഉണങ്ങി നിലത്ത് വീഴുമ്പോഴാണ് വില്ക്കാന് പോലും ഉടമകള്‍ തയ്യാറാവുന്നത്. ഈ സാഹചര്യത്തില്‍ നിലത്ത് നിന്നുകൊണ്ട് തന്നെ വിളവെടുക്കാവുന്ന തെങ്ങുകളുടെ പ്രശസ്തി വര്‍ദ്ധിക്കുകയാണ്. ഫ്ളാറ്റുകളുടെ മുകളില്‍ പോലും നട്ട് വളര്‍ത്താവുന്ന കുള്ളന്‍ തെങ്ങിനങ്ങള്ക്കാണ് ഇപ്പോള്‍ ഡിമാന്റ്. മറ്റ് തെങ്ങിനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ വേഗം കായിക്കുന്നതാണ് കുള്ളന്‍ തെങ്ങിനങ്ങള്‍. ചുരുങ്ങിയ സ്ഥലത്ത് വളരുമെന്നതും ഇവയുടെ സവിശേഷതയാണ്. ഇളനീരിനും കൊപ്രയ്ക്കും പറ്റുന്ന കുള്ളന്‍ തെങ്ങിന് തൈകള്‍ക്കാണ് ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുന്നത്.
ഡിഎക്സ്ടി, ടിഎക്സ്ടി തുടങ്ങിയ സങ്കരയിനം തൈകളാണ് മികച്ചയിനങ്ങളെന്ന് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പറയുന്നു. കുള്ളന്‍ ഇനങ്ങളും നെടിയ ഇനങ്ങളും തമ്മില്‍ ബീജസങ്കലനം നടത്തിയാണ് സങ്കരയിനം തൈകള്‍ ഉത്പാദിപ്പിക്കുന്നത്. സങ്കരയിനത്തില്‍ നെടിയ വിഭാഗത്തെ മാതൃവൃക്ഷമായും കുള്ളനെ പിതൃവൃക്ഷമായും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത സങ്കരയിനം തെങ്ങുകളാണ് അന്തഗംഗ, ലക്ഷഗംഗ, കേരഗംഗ, കേരശ്രീ, കേരസൗഭാഗ്യ തുടങ്ങിയവ. ചന്ദ്രസങ്കര, കേരസങ്കര, ചന്ദ്രലക്ഷ എന്നിവ കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തവയില്‍ പ്രധാനപ്പെട്ടവയാണ്.
തെങ്ങിനങ്ങളും പ്രത്യേകതകളും
തെങ്ങുകള്‍ പന വിഭാഗത്തില്‍പ്പെട്ട വൃക്ഷമാണ്. പനവര്‍ഗത്തില്‍ നൂറ്റിമുപ്പതോളം ജനുസുകള്‍ ഉണ്ടെങ്കിലും തെങ്ങുമായി മറ്റു ജനുസുകള്‍ വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രധാനമായും രണ്ടിനം തെങ്ങുകളാണ് കണ്ടുവരുന്നത്. നെടിയ വിഭാഗത്തില്‍പ്പെട്ടവയും കുറിയ വിഭാഗത്തില്‍പ്പെട്ടവയും, കൂടാതെ നെടിയതിന്റെയും കുറിയതിന്റെയും ഇടയിലുള്ള ഇടത്തരവും. അല്ലിയില്ലാത്ത കൂടുതല്‍ പെണ്പൂക്കളുള്ളതും ആണ്പൂ മാത്രം ഉത്പാദിപ്പിക്കുന്ന ആണ് വിഭാഗത്തില്പ്പെട്ടവയുമുണ്ട്.
നെടിയ വിഭാഗത്തില്‍പ്പെട്ടവ
നെടിയ വിഭാഗത്തില്‍പ്പെട്ട തെങ്ങുകളാണ് ഇന്ത്യയില്‍ സാധാരണയായി കൃഷിചെയ്യുന്നത്. 15-25 മീറ്റര്‍ വരെ ഉയരം വെക്കുന്നവയാണിത്. ഒരു സമയത്ത് 25-40 ഓലകള്‍ വരെ ഒരു തെങ്ങിനുണ്ടാകും. തെങ്ങുകളുടെ ശരാശരി ആയുസ് 80- 100 വര്‍ഷം വരെയാണ്. കൊപ്രയുടെ തൂക്കത്തിലും കൊപ്രയില്‍നിന്നും കിട്ടുന്ന എണ്ണയിലും കുള്ളന്‍ വിഭാഗത്തേക്കാള്‍ മെച്ചപ്പെട്ടവയാണ്. കേരളത്തിന് യോജിച്ച നെടിയ ഇനങ്ങളാണ് പശ്ചിമതീര നാടന്‍, ഫിലിപ്പീന്‍സ് ഓര്‍ഡിനറി, ലക്ഷദ്വീപ് ഓര്‍ഡിനറി (ചന്ദ്രകല്പ), ന്യൂഗിനി, സാന്‍രമണ്‍ തുടങ്ങിയവ. കോമാടന്‍, കേരസാഗര, കല്പരക്ഷ, കല്പധേനു, കല്പപ്രതിഭ, കല്പമിത്ര എന്നിവയാണ് മറ്റിനങ്ങള്‍.
കുള്ളന്‍ വിഭാഗം
കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട തെങ്ങുകളുടെ ആയുസ് 45 വര്‍ഷമാണ്. ഓലകള്‍ക്ക് പരമാവധി നാലുമീറ്ററോളം മാത്രമാണ് നീളം. 20-26 ഓലകള്‍ വരെ ഉണ്ടാകാറുണ്ട്. തേങ്ങയുടെ വലിപ്പവും കൊപ്രയുടെ തൂക്കവും കൊപ്രയിലെ എണ്ണയുടെ അംശവും വളരെ കുറവാണ്. അതിനാല്‍ ഇവ വ്യാപകമായ തോതില്‍ കൃഷി ചെയ്യാറില്ല. എന്നാല്‍, സങ്കരയിനങ്ങള്‍ ഉണ്ടാക്കാന്‍ കുള്ളന്‍ ഇനങ്ങള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. ചാവക്കാട് ഗ്രീന്‍ഡ്വാര്‍ഫ് (പച്ചത്തെങ്ങ്), ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ചെന്തെങ്ങ്), മലയന്‍ യെല്ലോ ഡ്വാര്‍ഫ്, ഗംഗാ ബോണ്ടം എന്നിവ കുള്ളന്‍ ഇനത്തില്‍പ്പെടുന്നവയാണ്.
ഉത്പാദന സവിശേഷതകള്‍
. അനന്തഗംഗ, കേരഗംഗ, കേരസങ്കര എന്നീ സങ്കരയിനങ്ങള്‍ മഴയെ ആശ്രയിച്ചും ജലസേചനം നടത്തിയും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്.
. മികച്ച പരിപാലന മുറകള്‍ അനുവര്‍ത്തിക്കുന്ന ഭാഗങ്ങളില്‍ ചന്ദ്രസങ്കര അനുയോജ്യമാണ്. ചന്ദ്രസങ്കര, കല്പരക്ഷ എന്നിവ കാറ്റുവീഴ്ച ബാധിച്ച പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഇനങ്ങളാണ്. വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ വിഭാഗമാണ് ചന്ദ്രലക്ഷ, ലക്ഷഗംഗ, ചന്ദ്രകല്പ, കല്പധേനു എന്നീ വിഭാഗങ്ങളില്‍പ്പെട്ട തൈകള്‍. മഴ കൂടുതലായി ലഭിക്കുന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായവയാണ് കല്പമിത്ര.
ഇളനീരിന് വറ്റിയ തെങ്ങിനങ്ങള്‍, നെടിയ ഇനങ്ങള്‍
പ്രതാപ് (ബെനാവലി: ഈ നാളികേരം താരതമ്യേന ചെറുതും ഉരുണ്ടതുമാണ്. വര്‍ഷത്തില്‍ ശരാശരി 150 തേങ്ങയോളം ലഭിക്കും. ഒരു തേങ്ങയില്‍ ശരാശരി 250 മില്ലീലിറ്റര്‍ ഇളനീര് അടങ്ങിയിട്ടുണ്ട്. ഫിജി: വര്‍ഷത്തില്‍ ശരാശരി 67 നാളികേരം ലഭിക്കും. ഏഴുമാസം മൂപ്പെത്തിയ തേങ്ങയില്‍ ശരാശരി 330 മില്ലീലിറ്റര്‍ ഇളനീര് അടങ്ങിയിട്ടുണ്ട്. കൊച്ചിന് ചൈന: പ്രതിവര്‍ഷം ശരാശരി 67 നാളികേരമാണ് ഉത്പാദിപ്പിക്കുന്നത്. കരിക്കിന് പ്രായത്തില്‍ ശരാശരി 440 മില്ലീലിറ്റര്‍ ഇളനീര് അടങ്ങിയിട്ടുണ്ട്. ഗ്വാം111: ശരാശരി 96 നാളികേരമാണ് വാര്‍ഷികവിളവ്. നല്ല മധുരമുള്ള ഈ ഇനത്തിന്റെ ഏഴുമാസം പ്രായമുള്ള കരിക്കില്‍ ശരാശരി 325 മില്ലീലിറ്റര്‍ ഇളനീര് അടങ്ങിയിട്ടുണ്ട്. വെസ്റ്റ് ആഫ്രിക്കന്‍ ടോള്‍: പ്രതിവര്‍ഷം 67 നാളികേരം ലഭിക്കും. ഏഴുമാസം പ്രായമുള്ള കരിക്കില്‍ 520 മില്ലീലിറ്റര്‍ ഇളനീര് അടങ്ങിയിട്ടുണ്ട്. ഇതില്‍ പഞ്ചസാരയുടെ അളവും താരതമ്യേന കൂടുതലാണ്. ടിപ്ടൂര്‍ ടോള്‍: കര്‍ണാടകത്തിലെ ഒരിനമാണ്. ശരാശരി 86 തേങ്ങയാണ് വാര്‍ഷികവിളവ്. ഏഴുമാസം മൂപ്പായ കരിക്കില്‍ 265 മില്ലീലിറ്റര്‍ ഇളനീര് അടങ്ങിയിട്ടുണ്ട്.
കുറിയ ഇനങ്ങള്‍
മലയന്‍ ഡ്വാര്‍ഫ് ഓറഞ്ച്: നാളികേരം ചെറുതാണ്. പ്രതിവര്‍ഷം ശരാശരി 62 തേങ്ങ ലഭിക്കും. ഇതില്‍ 330 മില്ലീലിറ്റര്‍ ഇളനീര് അടങ്ങിയിട്ടുണ്ട്. കാമറൂണ്‍ ഡ്വാര്‍ഫ് റെഡ്: മധുരത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍. പ്രതിവര്‍ഷം ഉത്പാദനം 60 നാളികേരം. ഏഴുമാസം മൂപ്പെത്തിയ കരിക്കില്‍ 337 മില്ലീലിറ്റര്‍ ഇളനീര് അടങ്ങിയിട്ടുണ്ട്. ഗംഗാബോണ്ടം: പ്രതിവര്‍ഷം ശരാശരി 60 നാളികേരം. ഒരു കരിക്കില്‍ ശരാശരി 305 മില്ലീലിറ്റര്‍ ഇളനീര് കാണും. ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ ് (പച്ചത്തേങ്ങ): പതിനെട്ടാം പട്ട എന്ന പേരില്‍ അറിയപ്പെടുന്നു. പ്രതിവര്‍ഷം ശരാശരി 41 നാളികേരം. കിങ് കോക്കനട്ട്: ശ്രീലങ്കയിലെ പ്രശസ്ത ഇനം. പ്രതിവര്‍ഷം ശരാശരി 52 നാളികേരം. കരിക്കില്‍ 360 മില്ലിലിറ്റര്‍ ഇളനീര് അടങ്ങിയിട്ടുണ്ട്. ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ചെന്തെങ്ങ്): പരമ്പരാഗതമായി ഇളനീരിനുവേണ്ടി വളര്‍ത്തുന്നവ. പ്രതിവര്‍ഷ ഉത്പാദനം ശരാശരി 47 എണ്ണം. ഇതില്‍ 350 മില്ലീലിറ്റര്‍ ഇളനീര് അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ, കേരശ്രീ എന്ന സങ്കരയിനവും ഇളനീരിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തൈകള്‍ വാങ്ങാന്‍
ഡി.എസ്.പി. ഫാം, നേര്യമംഗലം 0485 2554240
സി.പി.സി.ആര്.ഐ, കാസര്‍ഗോഡ് 04994 232333
സി.പി.സി.ആര്.ഐ, കായംകുളം 0479 2442160.
പ്രതികരിക്കാൻ ഇവിടെ എഴുതുക: