വൈപ്പിന്‍: ഞാറയ്ക്കല്‍ 16-ാം വാര്‍ഡില്‍ മയക്കുമരുന്നു മാഫിയെ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ഉപരോധിച്ചു. വാര്‍ഡ് മെമ്പര്‍ കെ. ടി. ബിനീഷിന്റെ നേതൃത്വത്തില്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളും കുടുംബശ്രീ ഭാരവാഹികളും ചേര്‍ന്നാണ് ഉപരോധന സമരം നടത്തിയത്.
സ്ത്രീകള്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത രീതിയിലും മയക്കുമരുന്ന് മാഫിയാ സംഘം അഴിഞ്ഞാടുകയാണ്. ഇതിനെതിരെ എക്സൈസ് ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഞാറയ്ക്കല്‍ എസ്ഐ രഗീഷ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അനുരഞ്ജന ശ്രമം നടത്തി. മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ്-എക്സൈസ് ഉദ്യോഗസ്ഥന്മാരുടെ ഉറപ്പിന്മേല് ഉപരോധം പിന്‍വലിച്ചു. റസിഡന്റ്സ് അസോസിയേഷന് നേതാക്കളായ വി. കെ. സുനില്‍കുമാര്‍, പി. എ. വര്‍ഗ്ഗീസ്, പ്രതാപന് വലിയപുരയ്ക്കല്‍, ഹിരണാക്ഷി, എഡിഎസ് സെക്രട്ടറി ശാന്തി പ്രമീള, പി. എസ്. അഖില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: