കാക്കനാട്: സിപിഎം ഭരിക്കുന്ന തൃക്കാക്കര സഹകരണാശുപത്രി, സര്‍ക്കാര്‍ ഭൂമി കൈയേറിയത് വിവാദത്തില്‍. കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് ഭൂമി കൈയേറാന്‍ ആശുപത്രി അധികൃതര്‍ ശ്രമം നടത്തിയത്. സിപിഎം ഭരിക്കുന്ന തൃക്കാക്കര നഗരസഭാ നേതൃത്വം തന്നെയാണ് ആശുപത്രി മാനേജ്മെന്റിന്റെ നടപടി റവന്യു അധികൃതരെ അറിയിച്ചത്. ഇതോടെ സിപിഎമ്മിലെ തമ്മിലടി മറനീക്ക.
ഭൂമി കൈയേറി മതില് കെട്ടാനുള്ള ആശുപത്രി അധികൃതരുടെ ശ്രമം റവന്യു അധികൃതര്‍ കഴിഞ്ഞ ദിവസമാണ് തടഞ്ഞത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ജില്ലാ പഞ്ചായത്ത് കാര്യാലത്തിന് സമീപമുള്ള ഭൂമിയിലെ കൈയേറ്റമാണ് വിവാദമായത്. സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ 60 സെന്റ് സ്ഥലത്താണ് ആശുപത്രി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന റവന്യു പുറമ്പോക്കിലാണ് വില്ലേജ് അധികൃതര്‍ അറിയാതെ ആശുപത്രി അധികൃതര്‍ കൈയേറി മതില് കെട്ടാന്‍ ശ്രമിച്ചത്.
കോടികള്‍ വിലമതിക്കുന്ന ഭൂമി ലഭിക്കുന്നതിനായി ആശുപത്രി അധികൃതര്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പാട്ടത്തിന് നല്കിയ സ്ഥലം കൂടാതെ 40 സെന്റ് കൂടി ആവശ്യപ്പെട്ടായിരുന്നു ആശുപത്രി മാനേജ്മെന്റ് സര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍, മുഖ്യമന്ത്രി ആശുപത്രി മാനേജ്മെന്റിന്റെ ആവശ്യം തള്ളി. സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ സ്ഥലം കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ കൂടുതല്‍ സ്ഥലം മതില് കെട്ടി കൈവശപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സര്‍ക്കാര്‍ നേരത്തെ പാട്ടത്തിന് നല്കിയ അറുപത് സെന്റില്‍ കൂടുതല്‍ സ്ഥലം ആശുപത്രി കൈവശപ്പെടുത്തിയിരുന്നു. അതുകൊണ്ട് മതില് കെട്ടുന്നതിന് മുമ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് റവന്യു അധികൃതര്‍ ആശുപത്രി മാനേജ്മെന്റിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ചാണ് ആശുപത്രി മാനേജ്മെന്റ് പുറമ്പോക്കിലേക്ക് ഇറക്കി മതില് കെട്ടാന്‍ ശ്രമിച്ചത്.
കാക്കനാട് വില്ലേജ് ഓഫീസര്‍ പി.പി. ഉദയകുമാറിന്റെ നേതൃത്വത്തിലെത്തിയ റവന്യു ഉദ്യോഗസ്ഥരാണ് മതില് നിര്‍മാണം കഴിഞ്ഞദിവസം തടഞ്ഞത്. സ്ഥലം അളന്ന് തിരിച്ച ശേഷം മതില് കെട്ടിയാല്‍ മതിയെന്ന് റവന്യു അധികൃതര്‍ നിര്‍ദേശം നല്കി. ആശുപത്രിയുടെ കൈയേറ്റം ശ്രമത്തെക്കുറിച്ച് സിപിഎം ഭരിക്കുന്ന നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നീനുവും വൈസ് ചെയര്മാന് സാബുഫ്രാന്സിസും പൊതുമരാമത്ത് ചെയര്മാന് ജിജോ ചിങ്ങന്തറയുമാണ് റവന്യു അധികൃതരെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: