ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് പടുത്തുയര്‍ത്തിയ റണ്‍മല ചങ്കുറപ്പോടെ പൊരുതിക്കയറിയ ഓസീസ് ട്വന്റി 20 യില്‍ റെക്കോഡിട്ടു. ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിന്തുടര്ന്ന് വിജയം കുറിക്കുന്ന ടീമായി അവര്‍. ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 243 റണ്‍സ്് ഏഴു പന്തുകള്‍ ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി ഓസീസ് വിജയം പിടിച്ചടക്കി. സ്കോര്‍:
ന്യസിലന്‍ഡ് 20 ഓവറില്‍ ആറു വിക്കറ്റിന് 243, ഓസീസ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 245.
ഓസീസ് വിജയം നേടിയതോടെ 2015 ല്‍ ജോഹന്നസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 236 റണ്‍സ് പിന്തുടര്ന്ന് വിജയം കുറിച്ച വെസ്റ്റഇന്ഡീസിന്റെ റെക്കോഡ് വഴിമാറി.
ഡിആര്‍സി ഷോട്ടിന്റെ കരുത്തുറ്റ ബാറ്റിങ്ങിലാണ് ഓസ്ട്രേലിയ വമ്പന്‍ ലക്ഷ്യം പിന്തുടര്ന്ന് വിജയത്തിലേക്ക് കയറിയത്. ഷോര്‍ട്ട് 44 പന്തില്‍ 76 റണ്‍സ് അടിച്ചെടുത്തു.
ഒന്നാം വിക്കറ്റില്‍ ഷോര്‍ട്ട് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 8.3 ഓവറില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡേവിഡ് വാര്‍ണര്‍ 59 റണ്‍സ് കുറിച്ചു. മാക്സ്വെല് 14 പന്തില്‍ 31 റണ്‍സ് അടിച്ചെടുത്തു. ആരോണ്‍ ഫിഞ്ച് 36 റണ്‍സുമായി കീഴടങ്ങാതെ നിന്ന് ടീമിന് വിജയം സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്ട്ടിന് ഗുപ്ടില്‍ (105), മുണ്‍റോ (76) എന്നിവരുടെ മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റിന് 243 റണ്‍സ് എടുത്തത്. ഒന്നാം വിക്കറ്റില്‍ ഇവര്‍ 10.4 ഓവറില്‍ 132 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗുപ്ടില്‍ 54 പന്തില്‍ 105 റണ്‍സ് നേടി.
ഓസീസിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം കുറിച്ച് ഓസീസ് നേരത്തെ തന്നെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഉറപ്പാക്കിയിരുന്നു. ഈ മാസം 21 നാണ് കലാശക്കളി. ഇംഗ്ലണ്ടാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന മൂന്നാം ടീം. ഞായറാഴ്ച ഹാമില്‍ട്ടണില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: