നാലുമാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച നഗരസഭയുടെ കെ.ഇ.തങ്ങള്‍ മത്സ്യ മാംസ മാര്‍ക്കറ്റില്‍ നിന്നുമുള്ള മലിനജലം പുറത്തേക്കൊഴുകുകയാണ്. മാര്‍ക്കറ്റില്‍ നിന്നു വരുന്ന മലിനജലം സമീപത്തെ അഴുക്കുചാലുകള്‍ നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് ഒഴുകുന്ന നിലയിലാണിപ്പോള്‍. കോടികള്‍ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ തുടങ്ങിയ പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ മലിനജലം സ്വരൂപിക്കാനുള്ള ടാങ്കുകള്‍ ഇല്ലാത്തതിനാലും, ഡ്രെയിനേജ് സംവിധാനം കാര്യക്ഷമതയോടെ പ്രവര്ത്തിക്കാത്തതിനാലുമാണ് അഴുക്കുചാലിലെ വെള്ളം കെട്ടിക്കിടന്ന് റോഡിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
ഇത് മൂലം സമീപവാസികളും റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുമാണ് ദുരിതം അനുഭവിക്കുന്നത്. അസഹ്യമായ ദുര്‍ഗന്ധമായതിനാല്‍ ജനങ്ങള്‍ മൂക്കുംപൊത്തിയാണ് ഇത് വഴി സഞ്ചരിക്കുന്നത്. ഇത്തരത്തില്‍ മലിന ജലം പുറത്തേക്കൊഴുക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന അവസ്ഥയാണ്. പരിസരവാസികളായ പലര്‍ക്കും ഇത് മൂലം ശാരീരിക അസ്വസ്തതകള്‍ ഉണ്ടാകാറുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.
ഭാരതപ്പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നതും മലിനജലം ഒഴുക്കിവിടുന്നതും വലിയ വിവാദമായിരിക്കെ അതിന്റെ ഇടയിലാണ് ആര്‍ഭാടപൂര്‍വ്വം ഉദ്ഘാടനം ചെയ്ത മത്സ്യ മാര്‍ക്കറ്റിലെ മലിന വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. വര്‍ഷങ്ങളായി പട്ടാമ്പിയിലെ മാലിന്യവും മലിനജലവും എങ്ങനെ നിര്‍മാര്‍ജനം ചെയ്യും എന്ന വിഷയത്തില്‍ വലിയ വെല്ലുവിളിയാണ് നഗരസഭക്ക് നേരിടേണ്ടിവന്നിട്ടുള്ളത്.
ജനത്തിന് ഇത്രയേറെ ദുരിതം സൃഷ്ടിച്ചിട്ടും മാര്‍ക്കറ്റിലെ മലിനീകരണ പ്രശ്നം പരിഹരിക്കാന്‍ നഗരസഭ നടപടിയെടുക്കാത്തതില്‍ പരക്കെ പ്രതിഷേധമുണ്ട്. ഇക്കാര്യം ജനങ്ങള്‍ നഗരസഭ അധികൃതരെ അറിയിച്ചിട്ടും വേണ്ട നടപടി ഇത്വരെ സ്വീകരിച്ചിട്ടില്ല. ഇനിയും മലിനജലം തള്ളുന്നത് തുടര്‍ന്നാല്‍ ഗുരുതര രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്ന ആശങ്കയിലാണ് പരിസരവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: