കൊച്ചി: സജീവമായ ബാങ്കിങ് പരിസ്ഥിതിയില്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ബാങ്കിങ് കോഡ്സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ (ബിസിഎസ്ബിഐ) പുതിയ ചട്ടങ്ങള്‍ (കോഡുകള്‍) പുറത്തിറക്കി. ഉപഭോക്താക്കളോടുള്ള ബാങ്കുകളുടെ പ്രതിബദ്ധത നിറവേറ്റാന്‍ വേണ്ട ചട്ടങ്ങള്‍ അംഗങ്ങളായ ബാങ്കുകള്‍ യാതൊരു ഒഴിവും കൂടാതെ എത്രയും പെട്ടെന്ന് സ്വീകരിക്കുകയും നടപ്പാക്കുകയും വേണം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് (ഐബിഎ), ഡെപോസിറ്റേഴ്സ് അസോസിയേഷന്, അംഗങ്ങളായ ബാങ്കുകള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവയില്‍ നിന്നുള്ള നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും കണക്കിലെടുത്താണ് കോഡുകള്‍ പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്.
ബാങ്കിങ് വ്യവസായം ഒരുപാടു മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും ഡിജിറ്റല്‍ ഇന്ത്യ പോലുള്ള സംരംഭങ്ങളിലൂടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ബാങ്കുമായിട്ടുള്ള ഉപഭോക്താവിന്റെ സമ്പര്‍ക്കത്തില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ സംരക്ഷണം മുന്നില്‍ കണ്ടുകൊണ്ടാണ് ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിരിക്കുന്നതെന്നും ബിസിഎസ്ബിഐ ചെയര്മാന് എ.സി.മഹാജന് പറഞ്ഞു.
‘കോഡ് ഓഫ് ബാങ്ക്സ് കമ്മിറ്റ്മെന്റ് ടു കസ്റ്റമേഴ്സി’ന്റെ 2018 പതിപ്പ് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് പ്രാമുഖ്യം നല്കുന്നു. സുരക്ഷിതമായ ബാങ്കിങ് സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ബാങ്കുകളും ഉപഭോക്താക്കളും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഈ സുരക്ഷാ നടപടികള്‍ക്കിടയിലും അനധികൃത ഇലക്ട്രോണിക് ഇടപാടുകള്‍ നടന്നിട്ടുണ്ട്.
പുതിയ പതിപ്പില്‍ ഉപഭോക്താക്കളില്‍ സുരക്ഷിതത്വ ബോധം ഉണര്‍ത്തുന്നതിനായി പുതു തലമുറ ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുടെ പട്ടിക ചേര്‍ത്തിട്ടുണ്ട്.
ഉപഭോക്താക്കളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുള്ള ഒരുപാടു കാര്യങ്ങള്‍ പുതിയ കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൈസേഷന് മുന്നില്‍ കണ്ട് ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ബാങ്കിങ് എന്നിവയ്ക്കായി ഒരു അധ്യായം തന്നെ മാറ്റി വച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: