പോര്‍ട്ട്എലിസബത്ത്: ചരിത്ര വിജയത്തിന് തേരിലേറി കോഹ്ലിയും കൂട്ടരും ലോകത്തിന്റെ നെറുകയിലെത്തി. അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന് ആതിഥേയരെ തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്ര പരമ്പര വിജയം കുറിച്ച ഇന്ത്യ ഏകദിന റാങ്കില്‍ ഒന്നാം സ്ഥാനം നേടി. ഇതാദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടുന്നത്. ആറു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്ക് ഇപ്പോള്‍ 4-1ന്റെ ലീഡായി. അവസാന ഏകദിനം നാളെ സെഞ്ചൂറിയനില്‍ അരങ്ങേറും. ഇതില്‍ തോറ്റാലും ഇന്ത്യക്ക് ഒന്നാം റാങ്ക് നഷ്ടമാകില്ല.
ദക്ഷിണാഫ്രിക്കയെ തന്നെ പടിയിറക്കിയാണ് ഇന്ത്യ ഒന്നാം റാങ്കിലേക്ക് കുതിച്ചുകയറിയത്. പരമ്പര തുടങ്ങും മുമ്പ് ദക്ഷിണാഫ്രിക്കയായിരുന്നു ഒന്നാം സ്ഥാനത്ത്- 121 പോയിന്റ്. 119 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും. പരമ്പരയില്‍ 4-1 ന് മുന്നിലെത്തിയതോടെ ഇന്ത്യ 122 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. ദക്ഷിണാഫ്രിക്ക 118 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.
മുന്‍ മത്സരങ്ങളിലൊക്കെ തികഞ്ഞ പരാജയമായ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നൊഴുകിയെത്തിയ ശതകവും സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ വിക്കറ്റ്ക്കൊയ്ത്തുമാണ് പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യക്ക് വിജയമൊരുക്കിയത്. ഈ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ആദ്യ വിജയമാണിത്. നേരത്തെ ഇവിടെ കളിച്ച അഞ്ചു മത്സരങ്ങളിലും ഇന്ത്യ തോറ്റു.
രോഹിതിന്റെ പതിനേഴാം ഏകദിന സെഞ്ചുറിയുടെ മികവില്‍ 50 ഓവറില്‍ 274 റണ്‍സ് കുറിച്ചിട്ട ഇന്ത്യ ദക്ഷിണാഫ്രിക്കയെ 201 റണ്‍സിന് എറിഞ്ഞിട്ടു. സ്പിന്നര്‍മാരുടെ പറുദീസയായ പിച്ചില്‍ കുല്‍ദീപ് യാദവ് 51 റണ്‍സിന് നാല് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ കീശയിലാക്കി.
മികച്ച തുടക്കത്തിലൂടെ വിജയവഴിയിലേക്ക് നീങ്ങിയ ആതിഥേയര്‍ക്ക് ആദ്യ തിരിച്ചടി നല്‍കിയത് ജസ്പ്രീത് ബുംറയാണ.് ദക്ഷിണാഫ്രിക്കന്‍ നായകന് ഏയ്ദര്‍ മാര്‍ക്രമിനെ (32) ബുംറ മിഡ്- ഓഫില്‍ കോഹ്ലിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ഡുമ്നി പാണ്ഡ്യയുടെ പന്തില്‍ വീണു. രോഹിത് ശര്‍മ ക്യാച്ചെടുത്തു. അപകടകാരിയായ എ ബി ഡിവില്ലിയേഴ്സും പാണ്ഡ്യക്കു മുന്നില്‍ വീണതോടെ ആതിഥേയരുടെ വിജയപ്രതീക്ഷള് മങ്ങിത്തുടങ്ങി.
മൂന്ന് വിക്കറ്റിന് 65 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായി പൊരുതിയ ഡേവിഡ് മില്ലറെ (36) കൈക്കുഴ സ്പിന്നര്‍ ചഹല്‍ വീഴ്ത്തിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ചൈനാമന്‍ കുല്‍ദീപ് യാദവ് നാലു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഫെഹുല്‍ക്കുവായോ (0), റബഡ (3), ക്ലാസന് (39), ഷംസി (0) എന്നിവരെയാണ് യാദവ് പുറത്താക്കിയത്. ഇതോടെ അഞ്ചിന് 166 റണ്‍സെന്ന നിലയില്‍ നിന്ന് ഒമ്പതിന് 197 റണ്സെന്നനിലയിലേക്ക് ആതിഥേയര്‍ തകര്‍ന്നു. തുടര്‍ന്ന് മോര്‍ക്കലിനെ (1) പുറത്താക്കി ചഹല്‍ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ അംല 71 റണ്‍സ് നേടി.
ആദ്യ മത്സരങ്ങളില്‍ തകര്‍ന്നടിഞ്ഞ രോഹിത് ശര്‍മ 126 പന്തില്‍ 115 റണ്‍സ് നേടി. പതിനൊന്ന് ഫോറും നാലു സിക്സറും പൊക്കിയാണ് രോഹിത് പതിനേഴാം സെഞ്ചുറി കുറിച്ചത്. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: