ഇന്നലെ നടന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നിഷേധാത്മക സമീപനമെടുത്ത് സ്വയം അപഹാസ്യരായത്. എന്നാല്‍ യുഡിഎഫ് അംഗങ്ങളുടെ പിന്തിരിപ്പന് നിലപാട് തള്ളി വികസന അജണ്ടക്ക് കൗണ്‍സില്‍ അംഗീകാരം നല്കി.
കഴിഞ്ഞ യോഗത്തിനുശേഷം 35 ദിവസം കഴിഞ്ഞാണ് ഇന്നലെ കൗണ്‍സില്‍ വീണ്ടും ചേര്‍ന്നത്. തിരുവനന്തപുരം നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റത് സംബന്ധിച്ച് അജണ്ടയില്‍ വന്ന പ്രമേയത്തെ ചൊല്ലിയുള്ള തര്‍ക്കം നേരത്തെ ചര്‍ച്ച ചെയ്തു പരിഹരിച്ചിരുന്നു. തുടര്‍ന്ന് തര്‍ക്കമുള്ള അജണ്ട മാറ്റി ബാക്കിയുള്ളതില്‍ കൗണ്‍സിലിന്റെ അംഗീകാരം വേണ്ട ഒമ്പത് വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ അജണ്ടയാണ് ഇന്നലെ യോഗത്തില്‍ ചര്‍ച്ചക്ക് വന്നത്.
എന്നാല്‍ വിവാദയോഗത്തിലെ 25 വിഷയങ്ങളും അജണ്ടയിലുള്‍പ്പെടുത്താതെ സമ്മതിക്കില്ലെന്ന് വാശിപിടിച്ച കോണ്‍ഗ്രസ്സ് ലീഗ് അംഗങ്ങള്‍ ചേംബറിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ അധ്യക്ഷ പ്രമീള ശശിധരന് യോഗം തത്കാലം നിര്‍ത്തിവച്ചു.
രാഷ്ട്രീയ പരിമിതികള്‍ വികസനത്തിന് തടസ്സമാകരുതെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സഹകരിക്കണമെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.ആര് ബാലസുബ്രഹ്മണ്യം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി വാര്‍ഷിക പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ സി.കൃഷ്ണകുമാര്‍ അഭ്യര്‍ത്ഥിച്ചു. അരമണിക്കൂറിന് ശേഷം യോഗം വീണ്ടും ചേര്‍ന്നെങ്കിലും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നിഷേധാത്മക നിലപാട് തുടര്‍ന്നു.
മാറ്റിവച്ച 15 വിഷയങ്ങള്‍ 19ന് പ്രത്യേക കൗണ്‍സില്‍ വിളിച്ച് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചെങ്കിലും ഇതംഗീകരിക്കാതെ യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. കോണ്ഗ്രസ്സുകാര് വികസന വിരോധികളാണെന്നു വരുത്തി തീര്‍ക്കാനാണ് ഭരണസമിതിയുടെ ശ്രമമെന്നും ഇതു വിലപ്പോകില്ലെന്നും പ്രഖ്യാപിച്ചാണ് കെ.ഭവദാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ്, ലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
നഗരസഭയുടെ വികസനത്തിന് എതിരുനില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് സിപിഎം കൗണ്‍സിലര്‍ ഉദയകുമാര്‍ അറിയിച്ചു. 19ന് പ്രത്യേക യോഗം വിളിച്ച് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്സന്റെ വാക്കില്‍ വിശ്വാസം രേഖപ്പെടുത്തി അജണ്ടക്ക് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: