മട്ടാഞ്ചേരി: മാലിന്യശേഖരണത്തിലും ശുചീകരണത്തിലും കോര്‍പ്പറേഷന്റെ നിരുത്തരവാദത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സര്‍ക്കിള്‍ ഓഫീസിലെത്തി പ്രതിഷേധിച്ചു. നാല് ഡിവിഷനുകളുടെ ശുചീകരണ ചുമതലയുള്ള മട്ടാഞ്ചേരി നാലാം സര്‍ക്കിള്‍ ഓഫീസിലാണ് സ്ത്രീകളടങ്ങുന്ന നൂറിലേറെപേര്‍ പ്രതിഷേധവുമായെത്തിയത്.
കൂവപ്പാടം ടൗണ്‍ ഹാള്‍ റോഡ്, ടിഡി ഈസ്റ്റ്, മങ്ങാട്ടുമുക്ക്, ചക്കാമാടം, പറവാനമുക്ക്, ആനവാതില്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി വീടുകളില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും മാലിന്യശേഖരണം നടക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ശുചീകരണത്തിനായുള്ള ജോലിക്കാരുടെ കുറവും കുടുംബശ്രീക്കാരുടെ നിസ്സഹകരണവുമാണിതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മാലിന്യശേഖരണത്തിനുള്ള ചെറുവാഹനങ്ങളടക്കമുള്ളവ തകരാറിലാണന്നും മറ്റുവാഹന ലഭ്യതയില്ലെന്നും അധികൃതര്‍ പറയുന്നു. സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിരുത്തരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നും ഇതു തുടരുകയാണങ്കില്‍ മാലിന്യവുമായി ഓഫീസിലെത്തി സമരം ചെയ്യുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്കി. കൗണ്‍സിലര്‍ ശ്യാമളാ പ്രഭു മേയറോട് വിഷയം അവതരിപ്പിച്ചു. ഉടന്‍ പ്രശ്ന പരിഹാരശ്രമം നടത്തുമെന്നറിയിച്ചു. ഇന്ത്യന്‍ ചേംബര്‍ മുന്‍ പ്രസിഡന്റ് അഡ്വ: മോഹന്‍ദാസ് വിവിധ റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികളായ ഭരത് എന്‍ ഖോന, വൈദ്യനാഥന്, ഗോപാലകൃഷ്ണന് ബാബു മണി, കിഷോര്‍ കമ്മത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: