കൊച്ചി: വ്യവസായ തലസ്ഥാനമായ കൊച്ചി ഇതിനുമുമ്പും നടുങ്ങിയിട്ടുണ്ട്. റിഫൈനറിയിലും ഫാക്ടിലുമുണ്ടായ അപകടങ്ങളാണ് അന്ന് ജനങ്ങളുടെ ഉറക്കം കെടുത്തിയത്. ഇപ്പോള്‍, കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിലുണ്ടായ പൊട്ടിത്തെറിയും ജനത്തെ പരിഭ്രാന്തരാക്കി.
1984 മാര്‍ച്ച് എട്ടിന് അമ്പലമുകളിലെ കൊച്ചിന് റിഫൈനറിയില്‍ 4 പേരുടെ ജീവനെടുത്ത സ്ഫോടനമുണ്ടായി. കൊച്ചിയുടെ വ്യവസായ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടം. പുലര്‍ച്ചെ 5.30ന് കൊച്ചിയിലെ മുഴുവന്‍ ജനങ്ങളെയും ഉണര്‍ത്തുന്ന ശബ്ദത്തോടെയായിരുന്നു എണ്ണ ശുദ്ധീകരണ ശാലയിലെ വിമാന ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചത്. 14 പേര്‍ക്ക് അന്ന് സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
വിമാന ഇന്ധന ടാങ്കില്‍ നിന്ന് നാഫ്താ ടാങ്കിലേക്ക് തീ പടര്‍ന്നപ്പോള്‍ കേരളത്തിലെ മുഴുവന്‍ അഗ്നിശമന സേനാംഗങ്ങളുടെയും രണ്ട് ദിവസത്തെ പ്രയത്നം വേണ്ടി വന്നു തീ പൂര്ണ്ണമായുമണയ്ക്കാന്. തൊട്ടടുത്തുള്ള എല്‍പിജി യൂണിറ്റിലേക്കു കൂടി അഗ്നിബാധയുണ്ടായിരുന്നെങ്കില് ഒരു പ്രദേശത്തെ മുഴുവന്‍ ചാമ്പലായേനേ. 100 മീറ്റര്‍ ഉയരത്തില്‍ നേരെ ആകാശത്തിലേക്ക് തീ ജ്വാലകള്‍ ഉയര്‍ന്നു.
റിഫൈനറിയുടെ മുകളിലായി ഉയര്‍ന്ന് പൊങ്ങിയ കട്ടിയുള്ള കറുത്ത പുക 15 കിലോമീറ്റര്‍ അകലെയുള്ള കൊച്ചിയിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നാല്‍ പോലും ദൃശ്യമാകുമായിരുന്നു. സ്ഫോടനത്തില്‍ പ്രദേശത്തെ വീടുകള്‍ക്കും ദേവാലയങ്ങള്ക്കുമടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി.
200 ഓളം പേരെ ബാധിച്ച 1985 ലെ ഫാക്ട് വാതക ചോര്‍ച്ചയും, കഴിഞ്ഞ വര്‍ഷം ജനുവരി 11ന് ബിപിസിഎല്‍ എല്‍പിജി പ്ലാന്റില്‍ രണ്ട് പേരുടെ ജീവന് എടുത്ത അഗ്നിബാധയുമെല്ലാം കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങള്‍ കണ്ട ദുരന്തങ്ങളില്‍ ചിലതാണ്.
ഇന്നലെ കൊച്ചി കപ്പല്‍ ശാലയില്‍ കപ്പല്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേരാണ് മരിച്ചത്. മരിച്ചവരെല്ലാം മലയാളികള്‍. വ്യവസായ തലസ്ഥാനമായ കൊച്ചിക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന പാഠമാണ് ഓരോ ദുരന്തങ്ങളും പഠിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: