പള്ളുരുത്തി: ഓഖിദുരന്തബാധിത മേഖലയില്‍ പ്രൊഫ: കെ.വി. തോമസ് വിദ്യാധനംട്രസ്റ്റ് നിര്‍മ്മിച്ചു നല്കുന്ന വീടുകള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെന്ന് പരാതി. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അഞ്ച് വീടുകളില്‍ ഒരെണ്ണം എടവനക്കാടും നാലെണ്ണം ചെല്ലാനം പഞ്ചായത്തിലുമാണ്. എന്നാല്‍ ഓഖി ദുരന്തത്തിന്റെ ഒരു കെടുതിയും നേരിട്ടനുഭവിക്കാത്തവര്ക്കാണ് വീടുകളെന്ന് തീരദേശ നിവാസികള്‍ ആരോപിക്കുന്നു.
വേളാങ്കണ്ണി മുതല്‍ ബസ്സാര്വരെയുള്ള ദുരിതമേഖല സന്ദര്‍ശിക്കാത്ത കെ.വി. തോമാസ് വീണ്ടും ദുരിതബാധിതരെ അവഗണിക്കുന്നുവെന്ന് തീരദേശ വാസികള്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിദ്യാധനം ട്രസ്റ്റിന്റെ കല്ലിടല്‍ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ബഹളവും വാക്കേറ്റവും മൂലം തടസ്സപ്പെട്ടിരുന്നു. കെ.വി. തോമസ് പ്രസംഗിക്കുന്നതിനിടയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൂക്കുവിളിച്ചതാണ് ബഹളത്തില്‍ കലാശിച്ചത്.
വിദ്യാധനം ട്രസ്റ്റ് അനുവദിച്ച 50 ഓളം ടോയ്ലറ്റുകളും അനര്‍ഹര്‍ക്കാണെന്ന് തീരദേശ ജനത കുറ്റപ്പെടുത്തുന്നു. ചെല്ലാനത്തെ ഓഖി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ കെ.വി. തോമസിനെ ദുരിതബാധിതര്‍ ക്യാമ്പിനു മുന്നില്‍ തടഞ്ഞിരുന്നു. ദുരിതബാധിതരുടെ പേരില്‍ ധനസമാഹരണം നടത്തിയ ശേഷം സ്വന്തം അനുയായികള്‍ക്ക് സഹായ വിതരണം നടത്തുന്ന എംപിക്കെതിരെ ശബ്ദം ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: