ആലുവ: പിതൃമോക്ഷം തേടി ആയിരങ്ങള്‍ നാളെ ആലുവ ശിവരാത്രി മണപ്പുറത്തെത്തും. പെരിയാറില്‍ മുങ്ങിക്കുളിച്ച് പിതൃകര്‍മ്മങ്ങള്‍ നടത്താന്‍ നാളെ രാത്രി മുതല്‍ 10ലക്ഷത്തോളം ആളുകള്‍ എത്തുമെന്നാണ് കണക്ക്. ബലിതര്‍പ്പണത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് മണപ്പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്നൂറ് ബലിത്തറകളിലായി മൂവായിരം പേര്‍ക്ക് ഒരേസമയം തര്‍പ്പണം നടത്താം. തന്ത്രി ചേന്നാസ് പരമേശ്വരന്
നമ്പൂതിരി, മേല്‍ശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവര്‍ മഹാദേവക്ഷേത്രത്തിലെ പൂജകള്‍ക്ക് നേതൃത്വം നല്‍കും. പ്രസാദം നല്കാന് നൂറില്‍പ്പരം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. മണപ്പുറത്തെ അയ്യപ്പസേവാസംഘം ഭജനമഠത്തില്‍ അഖണ്ഡനാമജപവും അന്നദാനവും നടക്കും. ബലിതര്പ്പണതിനെത്തുന്നവര്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ സേവന പ്രവര്ത്തനരംഗത്ത്സജ്ജമാണ്.
ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നഗരസഭ ഒരു മാസം നീളുന്ന വ്യാപാരമേള നടത്തും. അമ്യൂസ്മെന്റ് പാര്‍ക്കും ഉണ്ടാകും. 45സ്ഥിരം വ്യാപാരസ്റ്റാളുകളില് ഇരുന്നൂറോളം വ്യാപാരികള്‍ക്ക് കടകള്‍ കെട്ടാനുള്ള തറ അളന്നു നല്‍കിയിട്ടുണ്ട്. താല്‍ക്കാലിക നഗരസഭ ഓഫീസ്, പോലീസ് സ്റ്റേഷന്, ഫയര്സ്റ്റേഷന്, കെഎസ്ഇബി ഓഫീസ് എന്നിവ വ്യാപാരമേള അവസാനിക്കുന്നതുവരെ മണപ്പുറത്ത് പ്രവര്‍ത്തിക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗവും ഹോമിയോ ഡിസ്പന്‍സറി, മീഡിയറൂം എന്നിവയും മണപ്പുറത്തുണ്ടാകും.
നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ സേവനം മണപ്പുറത്ത് ലഭ്യമാക്കും. താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് മണപ്പുറത്ത് ഉണ്ടാകും. ക്രമസമാധാനപരിപാലനത്തിന് 1500 ഓളം പോലീസുകാരും ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ മണപ്പുറത്തും നഗരസഭ പ്രദേശത്തും സജ്ജമായി നിര്‍ത്തും. മണപ്പുറത്ത് പോലീസിനായി രണ്ട് വാച്ച് ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വടക്കേമണപ്പുറത്താണ് താല്‍ക്കാലിക കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. മണപ്പുറത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് ശൗചാലയങ്ങള്‍ താല്‍ക്കാലികമായി പോലീസ് സ്റ്റേഷന് സമീപം ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ ഒരാഴ്ച്ചക്കാലം നീണ്ടുനില്‍ക്കുന്ന ദൃശ്യോത്സവം മണപ്പുറത്ത് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: