കെയ്‌റോ: ഈജിപ്തിലെ ഉത്തര സിനായ് മേഖലയില്‍ ഞായറാഴ്ച സൈന്യം നടത്തിയ റെയ്ഡുകളില്‍ 16 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി ജില്ലകളില്‍ നിയന്ത്രണം സ്ഥാപിക്കുന്നതിന്റെ ഭാഗമായായിരുന്നു സൈനിക നടപടികള്‍. തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന 66 ഒളിസങ്കേതങ്ങള്‍, ആയുധശാലകള്‍, വാഹനങ്ങള്‍ എന്നിവ റെയ്ഡില്‍ നശിപ്പിച്ചതായി സൈന്യം അറിയിച്ചു.
സൈനിക നടപടിക്കിടെ ഭീകരരെന്നു സംശയിക്കുന്ന 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷന്‍ സിനായ് 2018 എന്ന പേരിലാണ് തീവ്രവാദികള്‍ക്കെതിരേ സൈനിക നടപടി ആരംഭിച്ചിരിക്കുന്നത്.
2011ല്‍ ആഭ്യന്തര കലാപത്തിനുശേഷം ഉത്തര സിനായ് മേഖല നിരന്തരം തീവ്രവാദി ആക്രമണങ്ങള്‍ക്കു വേദിയാകുന്നുണ്ട്. പോലീസിനെയും സൈന്യത്തെയും ലക്ഷ്യമിട്ടാണ് ഇതില്‍ ഭൂരിഭാഗം ആക്രമണങ്ങളും നടക്കുന്നത്. ഇത്തരം ആക്രമണങ്ങളില്‍ നൂറുകണക്കിന് സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണു കണക്ക്. സിനായ് മേഖല കേന്ദ്രീകരിച്ചിരുന്ന തീവ്രവാദികള്‍ ഗാസാ മുന്പിലേക്ക് തുരങ്കങ്ങള്‍ വരെ നിര്‍മിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
















